ശ്രീലങ്കന്‍ യാത്ര – അധ്യായം- ആറ്

 

 

 

 

 

 

 

ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ പട്ടണമാണു മലനിരകളാലും ചായത്തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന കാൻഡി. സിംഹള രാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനമായിരുന്നു ഇത്‌. ശ്രീലങ്കയുടെ മദ്ധ്യഭാഗത്തുള്ള ഈ നഗരം ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ളതും ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രവും ആണു.

കാൻഡിയിലെ പ്രധാനപ്പെട്ടൊരു ഉദ്യാനമാണ്‌ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ. അവിടെ ധാരാളം സസ്യജാലങ്ങൾ ഉണ്ട്‌, അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ നല്ല സ്ഥലവുമാണ്‌. പക്ഷെ പ്രവേശന തുക അൽപം കൂടുതലാണെന്ന് തോന്നി. ധാരാളം ഭംഗിയുള്ള കൊളോണിയൽ കെട്ടിടങ്ങൾ കാൻഡിയിൽ ധാരാളമുണ്ട്‌. ദൂരെ കുന്നിൻ മുകളിലായി ബുദ്ധന്റെ വലിയൊരു പ്രതിമ കാൻഡിയിൽ എവിടെ നിന്ന് നോക്കിയാലും കാണുന്ന വിധത്തിൽ ഉയർന്ന് നിൽക്കുന്നുണ്ട്‌.

വൈകുന്നേരം ഞങ്ങൾ ശ്രീലങ്കയുടെ പരമ്പരാഗത നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്ന കാൻഡിലേക്ക്‌ ക്ലബ്ബിലേയ്ക്ക്‌ പോയി. വേഗം ഓടിപ്പോയി മുൻ നിരയിൽ തന്നെ സ്ഥാനം പിടിച്ചു. ചുറ്റും കണ്ണോടിച്ചപ്പോൾ അവിടെ കൂടിയിരിക്കുന്നവരെല്ലാം തന്നെ വിദേശികളാണെന്ന് മനസ്സിലായി. അവതരിപ്പിക്കുന്ന നൃത്തരൂപങ്ങളെക്കുറിച്ചെഴുതിയ ചെറിയൊരു കുറിപ്പ്‌ പ്രിന്റ്‌ ചെയ്ത്‌ ഓരോ സീറ്റിലും വച്ചിട്ടുണ്ടായിരുന്നു. അത് ‌ആ നൃത്ത രൂപങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയാൻ ഉപകരിച്ചു.

പന്ത്രണ്ട്‌ വിവിധ നൃത്തയിനങ്ങൾ അവിടെ കാണാം ആദ്യത്തെ നൃത്തം തുടങ്ങുന്നത്‌ ശംഖനാദത്തോടെയാണു്. അതിനുശേഷം ‘മാഗുൽ ബേര’ – ആചാരപരമായ ഭേരീനാദം ഉണ്ടാക്കുന്നു. ഇവ രണ്ടും ചെയ്യുന്നത്‌ ഭൂമീപാലകരായ ദൈവങ്ങളെ ഉണർത്തുന്നതിനു വേണ്ടിയാണത്രെ.

അതിനുശേഷം പൂജ നടുമ ( പൂജ നൃത്തം), ഡെവോൽ നടുമ ( നാടോടി നൃത്തം), മയൂര നടനം, പന്തേരു നടുമ, രാക്ഷ നടുമ ( രാക്ഷസ നൃത്തം), തുടങ്ങി വിവിധയിനം നൃത്തരൂപങ്ങൾ അരങ്ങേറുന്നു. ഏറ്റവും അവസാനം തീയിൽക്കൂടി നടക്കുന്ന ചടങ്ങും ഉണ്ട്‌.

തമിഴ്‌ നാട്ടിലെ ചില ക്ഷേത്രങ്ങളിൽ ഈ ചടങ്ങ്‌ ഉണ്ടെന്ന് കേട്ടിട്ടുണ്ട്‌. സിംഗപ്പൂരിലെ തമിഴ്‌ ആചാരം പിന്തുടരുന്ന ക്ഷേത്രങ്ങളിൽ ഒരിടത്ത്‌ ഈ ‘fire walking’ എന്ന ആചാരം നടന്നിരുന്നു. ഇപ്പോഴും അത്‌ നടക്കുന്നുണ്ടോ എന്ന്തീർച്ചയില്ല.

ഈ ഫയർ വാക്കിംഗ്‌ ചടങ്ങിന്റെ ഉത്ഭവം രാമായണ കഥയുമായി ബന്ധമുള്ളതാണത്രെ. രാവണൻ സീതയെ അപഹരിച്ചു കൊണ്ടുവന്ന ശേഷം ശ്രീരാമൻ യുദ്ധം ചെയ്ത്‌ രാവണനെ കൊന്ന് സീതയെ വീണ്ടെടുക്കുകയും തീയിൽക്കൂടി നടന്ന് സീത തന്റെ പരിശുദ്ധി തെളിയിക്കുകയും ചെയ്യുന്നു എന്നതാണു ആ കഥ. നൃത്തപരിപാടി കാണുന്നതിനുള്ള ടിക്കറ്റ്‌ നിരക്ക്‌ അൽപം കൂടുതലാണെങ്കിലും ശ്രീലങ്കൻ നൃത്ത പരിപാടി ഞങ്ങൾ ശരിക്കും ആസ്വദിച്ചു.

ശ്രീബുദ്ധന്റെ പരിപാവനമായ ദന്തം സൂക്ഷിച്ചിരിക്കുന്ന ‘ദ്‌ ടെമ്പിൾ ഓഫ്‌ ടൂത്‌ – ശ്രീ ഡലാദ മലിഗവ (The Temple of the Tooth, Sri Dalada Maligawa) കാൻഡിയിലെ സന്ദർശ്ശിച്ചിരിക്കേണ്ട ഒരു ക്ഷേത്രമാണു്. ഒരു കുന്നിന്റെ മുകളിലാണ്‌ ലോകത്തിലെ തന്നെ ഏറ്റവും വിശുദ്ധമായ ബുദ്ധക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

എസല പെരഹേരയാണ്‌( Esala Perahera) അതായത് ‌ഫെസ്റ്റിവൽ ഓഫ്‌ ദ്‌ ടൂത്ത്‌ ആണ്‌ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പട്ട ഉത്സവം എന്ന് ദിനേഷ്‌ പറഞ്ഞു. കാൻഡിയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്‌. ജൂലൈ/ ആഗസ്റ്റ്‌ മാസങ്ങളിൽ ജ്യോതിഷിയുടെ നിർദ്ദേശ പ്രകാരമാണ്‌ ചടങ്ങുകളുടെ തീയതി നിശ്ചയിക്കുന്നത്‌.

അലങ്കരിച്ച ആനപ്പുറത്ത്‌ പരമ്പരാഗത വേഷവിധാനങ്ങളണിഞ്ഞ നർത്തകരുടേയും പാട്ടുകാരുടേയും അകമ്പടിയോടെ ശ്രീബുദ്ധന്റെ വിശുദ്ധമായ പല്ലുമായി അന്ന് നഗര പ്രദക്ഷിണം നടത്തുന്നു. അത്‌ വളരെ ആകർഷകമായൊരു കാഴ്ച്ചയാണ്‌. ധാരാളം വിദേശസഞ്ചാരികളും ഈ ഉത്സവം കാണാനായി കാൻഡിയിൽ ആ സമയത്ത്‌ എത്താറുണ്ടെന്നാണ്‌ അറിഞ്ഞത്‌.

പുരാതനകാലം മുതൽക്കു തന്നെ ഈ വിശുദ്ധ ദന്തം അധികാര വടം വലികളുടെ കേന്ദ്രബിന്ദു ആയിരുന്നു. ഈ ദന്തം കൈവശം വയ്ക്കുന്നവർക്ക്‌ അധികാരം ലഭിക്കും എന്നൊരു വിശ്വാസം രാജാക്കന്മാർക്കിടയിൽ നിലനിന്നിരുന്നതുകൊണ്ട്‌ ഇത്‌ കൈവശം ലഭിക്കുവാനായി പല യുദ്ധങ്ങളും അക്കാലത്ത്‌ നടന്നിട്ടുണ്ടത്രെ.

ക്ഷേത്രത്തിനോടു ചേർന്ന് നല്ലൊരു തടാകമുണ്ട്‌‌. ക്ഷേത്രത്തിനകത്തേയ്ക്ക്‌ പ്രവേശിക്കുവാൻ വിദേശികൾക്ക് പ്രവേശന തുക കൊടുക്കണം. നമ്മുടെ അമ്പലങ്ങളിലെപ്പോലെ ഈ ക്ഷേത്രത്തിനകത്തേയ്ക്കും പ്രവേശിക്കുന്നതിനു മുമ്പ്‌ സന്ദർശകർ പാദരക്ഷകൾ ഊരി പുറത്ത് വയ്ക്കണം. സുരക്ഷയുടെ ഭാഗമായി ദേഹപരിശോധനയുമുണ്ട്‌.

ക്ഷേത്ര കവാടത്തിനു മുന്നിലുള്ള ചന്ദ്രശില ( Moon stone) യിലെ കൊത്തുപണികൾ ആകർഷകമാണു്.ബുദ്ധവിഹാരങ്ങളിലാണ്‌ ഇതു് സാധാരണ കാണപ്പെടുന്നത്‌. ബുദ്ധമത സംസ്ക്കാരത്തിന്റെ ഒരു ഉദാഹരണമാണു ‘സന്ദകദ പഹാന‘ (Sandakada Pahana) എന്നറിയപ്പെടുന്ന ഈ ചന്ദ്രശില.

രണ്ട്‌ നിലകളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ മുകളിലത്തെ നിലയിലാണു ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്നത്‌. ബുദ്ധന്റെ പല്ല് നേരിട്ട്‌ കാണുവാൻ നമുക്ക്‌ സാധിക്കില്ല. അലങ്കരിച്ച ഒരു പേടകം മാത്രമെ സന്ദർശ്ശകർക്ക്‌ കാണുവാൻ സാധിക്കുകയുള്ളു.

പിന്നെ ഞങ്ങൾ കാൻഡിയിലെ തടാകക്കരയിൽ പോയി. കാന്‍ഡിയിലെ അവസാന രാജാവായിരുന്ന ശ്രീ വിക്രമരാജ സിങ്കെയാണ് ഈ കൃത്രിമ ജലസ്രോതസ്സ് നിർമ്മിച്ചത്‌.

പിന്നീട്‌ പോയത്‌ ഒരു വലിയ തുണിക്കടയിലാണു്. ശ്രീലങ്കൻ രീതിയിൽ സാരി ഉടുക്കാൻ പറ്റുന്ന കടയിൽ കൊണ്ടുപോകണമെന്ന് നേരത്തെ തന്നെ ദിനേഷിനോടു പറഞ്ഞിരുന്നു. ആ കടയിൽ ചെന്ന് ഞങ്ങൾ പരമ്പരാഗത രീതിയിൽ സാരി ഉടുത്തു.

പ്രധാനമായി രണ്ടു രീതിയിലാണ്‌ ശ്രീലങ്കയിലെ സ്ത്രീകൾ സാരി ഉടുക്കാറുള്ളത്‌. ഒന്ന് കേരളത്തിൽ സാരി ഉടുക്കുന്നത്‌ പോലെ തന്നെയാണു്. മറ്റേതിന് കാൻഡിയൻ രീതി – ഒസാരിയ (Kandyan style (osaria)) എന്ന് പറയുന്നു. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചടങ്ങുകളിലും സ്ത്രീകൾ കാൻഡിയൻ രീതിയിലാണു് സാരി ഉടുക്കാറുള്ളത്‌. ശ്രീലങ്കൻ എയർലൈൻസിലെ എയർ ഹോസ്റ്റസ്സുമാരിൽ പലരും ഒസാരിയ രീതിയിൽ സാരി ഉടുത്തു കണ്ടിരുന്നു. സ്കൂൾ അദ്ധ്യാപികമാർ എല്ലാവരും തന്നെ സാരിയാണു ധരിക്കാറുള്ളത്‌. മറ്റ്‌ വേഷങ്ങൾ അനുവദനീയമല്ല.

ശ്രീലങ്കയിലെ പുരുഷന്മാർ ‘സരോങ്ങ്‌’ ( ലുങ്കി) ആണു് ധരിക്കുന്നത്‌. പട്ടണങ്ങളിൽ വെസ്റ്റേൺ വേഷങ്ങൾ ധരിച്ച യുവതീ യുവാക്കളെ ധാരാളമായി കണ്ടിരുന്നു.

2020ൽ ILO ( International Labour Oraganization) പുറത്തു വിട്ട കണക്കുകൾ അനുസരിച്ച്‌ ഇരുപതു ലക്ഷത്തോളം ശ്രീലങ്കൻ വംശജർ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്‌. ശ്രീലങ്കയിൽ നിന്നും 70% സ്ത്രീകളാണു വീട്ടുജോലിക്കാരായി വിവിധ രാജ്യങ്ങളിലേയ്ക്ക്‌ പോകുന്നത്‌. പുരുഷന്മാർ കെട്ടിട നിർമ്മാണ തൊഴിലാളികളായി ഗൾഫ്‌ രാജ്യങ്ങളിലും സിംഗപ്പൂരിലും ജോലി ചെയ്യുന്നുണ്ട്‌. രാജ്യത്തിനു് വളരെയധികം വിദേശനാണ്യം ഈയിനത്തിൽ ലഭിക്കുന്നുണ്ട്‌.

ഇരുപത്തഞ്ച്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ സിംഗപ്പൂരിൽ താമസിക്കുന്ന സമയത്ത്‌ മൂന്ന്ശ്രീലങ്കൻ സ്ത്രീകൾ സഹായികളായി വീട്ടിൽ താമസിച്ചിരുന്നു. വിജയലക്ഷ്മി എന്ന സഹായിയുടെ കാര്യം നേരത്തെ എഴുതിയിരുന്നല്ലൊ. മറ്റ്‌ രണ്ടുപേർ കാൻഡിയിൽ നിന്നുള്ളവർ ആയിരുന്നു. സ്വർണ്ണയും ചന്ദ്രയും. വളരെ ആത്മാർത്ഥതയും സ്നേഹവും ഉള്ളവരായിരുന്നു അവർ മൂന്നു പേരും. കാൻഡിയിൽ എവിടെയോ അവർ താമസിക്കുന്നുണ്ടെന്ന് ഓർത്തു. അവരുടെ ആരുടേയും ടെലഫോൺ നമ്പറുകൾ ഒന്നും തന്നെ കൈയിൽ ഉണ്ടായിരുന്നുമില്ല.

27)ം തീയതി രാവിലെ ഞങ്ങൾ കാൻഡിയിൽ നിന്നും കൊളംബോവിലേയ്ക്ക്‌ പുറപ്പെട്ടു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English