ഗുരുദേവന്‍ , അറിവിന്റെ വെളിച്ചം


“അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ  
വന്‍പാകെ വെടിഞ്ഞുള്ള-          വരിണ്ടോയിതു പോലെ
മുന്‍പാകെ നിനച്ചൊക്കെയിലും ‍‍          ഞങ്ങള്‍ ഭജിപ്പൂ നിന്‍ പാവന പാദം  ഗുരു നാരായണ മൂര്‍ത്തേ!”


മഹാകവി കുമാരനാശാന്‍ രചിച്ച ‘ഗുരു’ എന്ന പദ്യത്തിലെ വരികളാണിത്.
‘ആരായുകിയന്ധത്വമൊഴിച്ചാദി മഹസ്സിന്‍/ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം ‘ പദ്യം തുടങ്ങുന്നതിങ്ങനെയാണ്.

അന്ധകാരത്തിലാണ്ടുപോയ ഒരു ജനതയെ അറിവാകുന്ന വെളിച്ചം നല്‍കി നേര്‍വഴി കാട്ടിയ ഗുരു ഏഴകളായിരുന്ന മനുഷ്യകുലത്തിന് കണ്‍കണ്ട ദൈവം തന്നെയായിരുന്നു.


മനുഷ്യന് മനുഷ്യന്റെ മുന്നില്‍ പോലും നട്ടെല്ല് നിവര്‍ത്തി നിവര്‍ന്ന് നില്‍ക്കാന്‍ പറ്റാതിരുന്ന ഒരു ഇരുണ്ട കാലഘട്ടമുണ്ടായിരുന്നല്ലോ. ശാരീരികമായ അവശതകള്‍ കൊണ്ടല്ല, സാമൂഹികമായ അസമത്വങ്ങള്‍ കൊണ്ട്.
ഈഴവരാദി പിന്നോക്കക്കാര്‍ സര്‍ക്കാരിലേക്കടക്കേണ്ടതായ പത്തൊമ്പ- തിലേറെ ‘തലപ്പണങ്ങളുണ്ടായിരുന്നു.’ ചെത്തുകാര്‍ നല്‍കേണ്ട ‘ഈഴം പുട്ചി’ , അലക്കുകാരന്‍ വണ്ണാറപ്പാറ, തട്ടാന് തട്ടാരപ്പാട്ടം, തെങ്ങ് കയറുന്നവന്‍ ഏണിക്കരം, കുടനാഴി, തുലാക്കൂലി, പൊലിപ്പൊന്ന്, മുലൈവില. അങ്ങനെ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്ന ഒട്ടനവധി നികുതികള്‍ !


ഭഗവത്ഗീത, നാലാമദ്ധ്യായം, ‍ജ്ഞാനസംന്യാസ യോഗത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ പ്രവചിക്കുന്നതെന്താണ് ?


യദാ യദാ ഹി ധര്‍മ്മസ്യ
ഗ്ളാനിര്‍ ഭവതി ഭാരത,
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം.’


“ഹേ, ഭാരതാ, എപ്പോഴെല്ലാം ധര്‍മ്മത്തിന് തളര്‍ച്ചയും , അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു. ”


അജ്ഞതയുടെ അന്ധകാരം നിശ്ശേഷം നശിപ്പിക്കുന്നതിന് അവതാരമെടുത്ത മനുഷ്യരൂപിയായ ദൈവമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍.


“എങ്ങും ജന ചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിന്‍ പുകള്‍ പോല്‍ ഗുരു മൂര്‍ത്തേ !”


ജാതിയുടെയും , മതത്തിന്റെയും ഉച്ചനീചത്വങ്ങളുടെയും ബന്ധനങ്ങളില്‍ ഊര്‍ദ്ധ്വശ്വാസം വലിച്ചിരുന്ന ജനതക്ക് പ്രാണവായു പകര്‍ന്ന നല്‍കി ഉണര്‍ത്തിയ മഹായോഗിയാണ് ഗുരു.


‘മനുഷ്യന്‍ നന്നായാല്‍ മതി ‘

എന്ന് ഗുരുദേവന്‍ അരുളിച്ചെയ്തത് ഒരു പ്രത്യേക ജന വിഭാഗത്തോട് മാത്രമായിരുന്നില്ല. സമസ്ത ലോകത്തിനും വേണ്ടിയായിരുന്നു.


അദ്ദേഹത്തിന്റെ ചിന്തയും , വാക്കുകളും, പ്രവര്‍ത്തനങ്ങളും അതത് ഘട്ടങ്ങളില്‍ മാറി വരുന്നത്, ഒരദ്ധ്യാപകന്‍ തന്റെ ക്ളാസ്സ് മുറിയില്‍ പഠിതാവിന്റെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമാക്കി , മുന്‍കൂട്ടി തയ്യാറാക്കി വെയ്കുന്ന ‘ലെസ്സന്‍ പ്ളാന്‍’ പോലെയായിരുന്നവെന്ന് സൂക്ഷമമായി പരിശോധിച്ചാല്‍ മനസ്സിലാകും.


‘ഞാന്‍ പ്രതിഷ്ഠിച്ചു എന്ന് കുറ്റം പറയരുതെന്ന്’ പ്രതിഷ്ഠ നടത്താനാവശ്യപ്പെട്ട് വന്നവരോട് ഒരവസരത്തില്‍ പറഞ്ഞു.


ഇനി ദേവാലയങ്ങളല്ല, വിദ്യാലയങ്ങളാണാവശ്യം.’

എന്ന് മറ്റൊരവസരത്തില്‍ പറഞ്ഞതും ഓര്‍ക്കുക.


1916 ല്‍ ഗുരുദേവന്‍ ‘നമുക്ക് ജാതിയില്ല ’ എന്നൊരു വിളംബരം ഇറക്കുകയുണ്ടായി.
അതിങ്ങനെയാണ്.


“നാം ജാതി ഭേദം വിട്ടിട്ട് ഏതാനം‍ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നില്ല. ” ( പ്രസക്ത ഭാഗം മാത്രം. )


1091 ഇടവം 15 ന് ആലുവ അദ്വൈതാശ്രമത്തില്‍ വെച്ചാണ് ഇങ്ങനെയൊരു വിളംബരം നടത്തിയത്.


പൊരുതി ജയിപ്പതസാധ്യമൊന്നിനൊടൊ –
ന്നൊരു മതവും പൊരുതാലൊടുങ്ങീവീല
പരമത വാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.”

‘ആത്മോപദേശ ശതക’ത്തിലെ നാല്‍പ്പത്തിയാറാം ശ്ലോകമാണിത്.
‘എല്ലാവരും ആത്മ സഹോദരരായി’ പുലരണം എന്ന് വിഭാവനം ചെയ്ത ലോകഗുരുവായ ഗുരുദേവന്റെ സമാധി ദിനമാചരിക്കുമ്പോള്‍ , മതത്തിന്റെ പേരിലുള്ള മുറുമുറുപ്പുകള്‍ മുറുകുകയാണ്.
സാഹോദര്യത്തിന്റെയും, ഐക്യത്തിന്റയും സീമകള്‍ ലംഘിക്കപ്പെടുകയും, മതദ്വേഷം ഉയര്‍ത്തുകയും ചെയ്യുന്നത് എന്തിന് വേണ്ടി എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവായനയും സ്ത്രീ മുന്നേറ്റവും സെമിനാർ
Next articleജനകല കഥാപുരസ്കാര സമർപ്പണം ഒക്ടോബർ ഒൻപതിന്
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 " ലഭിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here