(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പന്ത്രണ്ട് കഥാപ്രസംഗ സമാഹാരത്തിലെ രണ്ടാമത്തെ കഥാപ്രസംഗം )
നൊന്തുപെറ്റ അമ്മയേയും പാടു പെട്ടു വളര്ത്തിയ അച്ഛനേയും വൃദ്ധസദനങ്ങളില് തളച്ചിടാന് ഇന്നു പല മക്കള്ക്കും മടിയില്ല. എന്താ ഇതു ശരിയാണെന്നു നിങ്ങള്ക്കു തോന്നുണ്ടോ?
അമ്മിഞ്ഞപ്പാലൂട്ടിവളര്ത്തും
അമ്മയെ നമ്മള് മറക്കരുതേ
തോളത്തേറ്റി താലോലിക്കും
താതനെ നമ്മള് മറക്കരുതേ!
മാതാപിതാക്കള്ക്കു വേണ്ടീ സ്വന്തം ജീവന് പോലും ബലിയര്പ്പിക്കാന് തയാറായ നിരവധി മക്കളുടെ കഥകള് നമ്മുടെ ഇതിഹാസങ്ങളിലുണ്ട്. അക്കൂട്ടത്തില് പെട്ട മിടുമിടുക്കനായ ഒരു മുനി കുമാരന്റെ കഥയാണ് ഇവിടെ കഥാപ്രസംഗ രുപേണ അവതരിപ്പിക്കുന്നത്.
കഥ : “ശ്രാവണകുമാരന്”
ഇതിഹാസത്തില് നിന്നുമടര്ത്തിയ
പാവനമായൊരു കഥ കേള്ക്കു
വൃദ്ധജനങ്ങള്ക്കാശ്രയമരുളിയ
നല്ലൊരു സുതനുടെ കഥ കേള്ക്കു’
പണ്ടു പണ്ട് സരയു നദിയുടെ തീരത്താണ് ഈ കഥ നടക്കുന്നത് നമുക്ക് അല്പ്നേരം അവിടേക്കുകു പറന്നു ചെല്ലാം.
അതാ, അങ്ങോട്ടു നോക്കു , ഒരു വിചിത്രമായ കാഴ്ച നിങ്ങള് കാണുന്നില്ലേ? ഒരു പയ്യന്റെ തോളില് നീണ്ട ഒരു മുളം തണ്ട്. അതിന്റെ ഇരു ഭാഗത്തും ത്രാസിന്റെ തട്ടുകള് പോലെ ഓരോ ചൂരല് കൊട്ടകള് തൂങ്ങിക്കിടക്കുന്നു. അതിനുള്ളില് അന്ധരായ ഒരു കിഴവനും കിഴവിയും.
ആരാണിവര് ? എവിടെക്കാണ് ഈ പയ്യന് ഇവരേയും കൊണ്ട് പോകുന്നത്? പറയാം ശ്രദ്ധിക്കു.
‘ ശ്രാവണനാണിതു ചങ്ങാതികളേ
നന്മയെഴുന്നൊരു മുനിബാലന്
കാരുണ്യത്തിന് നിറകുടമാകും
കണ്മണിയാണി മുനിബാലന്!
അന്ധരും അവശരുമായ സ്വന്തം മാതാപിതാക്കളാണ് ശ്രാവണന്റെ ചുമലിലുള്ളത്. പുണ്യതീര്ത്ഥങ്ങള് സന്ദര്ശിക്കണമെന്നത് ഈ വൃദ്ധ ദമ്പതികളുടെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു. ആ ആഗ്രഹം നിറവേറ്റാന് മകന്റെ സഹായത്തോടെ അവര് പുറപ്പെട്ടിരിക്കുകയാണ്. മാതാപിതാക്കാളെ പരിചരിക്കുന്ന കാര്യത്തില് അതീവശ്രദ്ധാലുവായിരുന്നു ശ്രാവണന്. ജരാനരകള് ബാധിച്ച് അവര് വൃദ്ധരായിട്ടും ശ്രാവണന് തന്ന്റെ ശുശ്രൂഷകള് തുടര്ന്നു പോന്നു.
അന്ധത കൊണ്ട് വലഞ്ഞപ്പോള്
തുണയായ് മാറി പ്രിയപുത്രന്
വാര്ദ്ധക്യത്തിലുമവര്ക്കു നല്ലൊരു
രക്ഷകനായീ സല്പ്പുത്രന്
മാതാപിതാക്കളുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാന് ശ്രാവണന് സദാ സന്നദ്ധനായിരുന്നു. അങ്ങനെയാണ് മാതാപിതാക്കളേയും ചുമന്ന് അവന് തീര്ത്ഥയാത്രക്ക് ഒരുങ്ങിയത്.
കാടും മേടും പാടവരമ്പും
താണ്ടി നടന്നു മുന്നോട്ട്!
കല്ലും മുള്ളും കാട്ടാറുകളും
താണ്ടി നടന്നു മുന്നോട്ട്
കാട്ടരുവികളിലെ വെള്ളം കുടിച്ചും കാട്ടുകനികള് ഭക്ഷിച്ചും അവര് വിശപ്പടക്കി. ഓരോ തീര്ത്ഥസ്ഥാനത്തെത്തുമ്പോഴും വൃദ്ധ ദമ്പതികളുടെ മനസ് ആനന്ദം കൊണ്ട് നിറയുകയായിരുന്നു. ഈ അനുഭവം ശ്രാവണനെ പുളകം കൊള്ളിച്ചു.
അന്നൊരു നാളില് സന്ധ്യമയങ്ങി
നക്ഷത്രങ്ങള് ചിരിതൂകി
അന്നേരത്തവരെത്തിച്ചേര്ന്നു
അമ്പോ വലിയ കൊടും കാട്ടില്
ചുറ്റും കൂരിരുട്ട്
കടവാതിലുകളുടെ ചിറകടി, ചീവീടൂകളുടെ ‘ രീരീ ശബ്ദം ! ആരും ഭയപ്പെട്ടു പോകുന്ന അന്തരീക്ഷം
സരയൂ നദിയുടെ തീരത്തെത്തിയപ്പോള് പിതാവായ മുനീന്ദ്രന് പറഞ്ഞു.
” ഉണ്ണി ശ്രാവണാ ഞങ്ങള്ക്ക് വല്ലാതെ ദാഹിക്കുന്നു കുടിക്കാന് അല്പ്പം ജലം കിട്ടിയാല് കൊള്ളമായിരുന്നു”
” ഓഹോ അങ്ങ് ഒട്ടും വിഷമിക്കേണ്ട ഞാനിപ്പം കൊണ്ടു വരാം ”
മാതാപിതാക്കളെ സുരക്ഷിതരായി ഒരു മരച്ചുവട്ടില് ഇരുത്തിയിട്ട് ശ്രാവണന് മണ്കുടവുമെടുത്ത് യാത്രയായി.
പക്ഷെ കറുത്തിരുണ്ട ആ രാത്രിയില് എങ്ങനെയാണ് വെള്ളം കണ്ടെത്തുക ? ശ്രാവണന് ഓരോ മുക്കും മൂലയും തിരഞ്ഞു. പക്ഷെ എല്ലാം നിഷ്ഫലം.
കാലു കുഴഞ്ഞു കയ്യു കുഴഞ്ഞു
തൊണ്ട വരണ്ടു വല്ലാതെ
എങ്കിലുമൊടുവില് കണ്ടു നല്ലൊരു
കുണുങ്ങിയോടും കുഞ്ഞരുവി
ശ്രാവണ കുമാരന് സന്തോഷമായി അവന് തിടുക്കത്തില് മണ്കുടത്തില് വെള്ളമെടുക്കാന് തുടങ്ങി .
ശിര്.. ര്.. ര് ..’ പെട്ടന്നാണ് ഒരു കൂരമ്പ് ചീറിപ്പാഞ്ഞു വന്ന് അവന്റെ മുതുകില് തറച്ചത്.
” ഹാ! .. അമ്മേ!” ഒരു ദീന വിലാപത്തോടെ ശ്രാവണന് അരുവിക്കരയില് കുഴഞ്ഞു വീണു!
തന്നോടിങ്ങനെ ക്രൂരത കാട്ടാന്
കാട്ടിന് നടുവിലിതാരാണ്?
കാരണമെന്തെന്നറിയാതയ്യോ
കേണു വിളിച്ചു പാവത്താന്
ശ്രാവണന് ഒന്നും മനസിലായില്ല കാരണമെന്തന്നറിയാല് അവന് കണ്ണൂകള് നാലുപാടും പരതി
അപ്പോഴാണ് കിരീടധാരിയായ ഒരാള് അവിടേക്കു പാഞ്ഞു വരുന്നത് കണ്ടത്. അയാള് വന്നപാടേ അവനെ വാരിയെടുക്കാന് നോക്കി.
പക്ഷെ ചോരയില് കുളിച്ചു കിടക്കുന്ന ശ്രാവണന് ഇതിനോടകം അവശനായിക്കഴിഞ്ഞിരുന്നു. വന്നയാള് ഗദ്ഗദത്തോടെ മൊഴിഞ്ഞു
” കുമാര എനിക്കു തെറ്റു പറ്റി”
” അങ്ങാരാണ് ? ഒരപരാധവും ചെയ്യാത്ത എന്റെ നേര്ക്ക് എന്തിനാണ് അമ്പെയ്തത്? തൊണ്ട വരണ്ടു കേഴുന്ന മാതാപിതാക്കള്‍ക്ക് ദാഹജലമെടുക്കാന് വന്ന ഒരു സാധു മുനികുമാരനാണ് ഞാന് ”
ഇഴഞ്ഞ സ്വരത്തില് ശ്രാവണന് മറുപടി പറഞ്ഞു
” ക്ഷമിക്കണം കുമാര ക്ഷമിക്കണം ! കാട്ടില് വേട്ടക്കു വന്ന ദശരഥ മഹാരാജാവാണു ഞാന് അദ്ദേഹം പറയാന് തുടങ്ങി.
” ഇതെന്തു നീതി ഇതെന്തു ന്യായം
ദശരഥരാജാ ചൊന്നാലും
കാരുണ്യത്തിന്‍ കണികകള് പോലും
കൈകളില്ലേ ചൊന്നാലും?”
മരണാസന്നനായ മുനികുമാരന്റെ ചോദ്യം കേട്ട് ദശരഥ മഹാരാജാവ് സ്തബ്ധനായി നിന്നു. അല്പ്പ നേരത്തെ മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞു.
” ഒരൊറ്റ വേട്ടമൃഗത്തേപ്പോലും കിട്ടാതെ നിരാശനായി നാം മടങ്ങുമ്പോഴാണ് കുറച്ചകലെ കാട്ടരുവിക്കു സമീപം ഒരു ഗുളുഗുളു ശബ്ദം കേട്ടത്. ആന തുമ്പിക്കയ്യില് വെള്ളമെടുക്കുകയണെന്ന് കരുതി നാം അമ്പു തൊടുത്തു അതിങ്ങനെ ആപത്തില് കലാശിക്കുമെന്ന് നാം ഒരിക്കലും കരുതിയില്ല”
” അങ്ങു പറഞ്ഞത് ഞാന് വിശ്വസിക്കുന്നു മഹാരാജന്! അന്ധരായ എന്റെ മാതാപിതാക്കള് ദാഹജലത്തിനായി എന്നെയും കാത്തിരിപ്പുണ്ടാകും. അങ്ങ് ഒരു കുടം ജലം കൊണ്ടു പോയി അവര്ക്ക് കൊടുത്ത് ആശ്വസിപ്പിച്ചാലും. ഇത്രയും പറഞ്ഞപ്പോഴേക്കും ശ്രാവണന് ആകെ തളര്ന്നു കഴിഞ്ഞിരുന്നു. ദശരഥന് ആ നിമിഷത്തില് തന്നെ മുനികുമാരന്റെ മുതുകില് തറച്ചിരുന്ന അമ്പ് വലിച്ചൂരിയെടുത്തു.
അടുത്ത നിമിഷം സ്വര്ഗ്ഗം പൂകി
നല്ലവനാകും മുനി ബാലന്
നിറഞ്ഞ കണ്ണീരൊടെല്ലാം കണ്ടു
ദു:ഖിതനായി രാജേന്ദ്രന്
മണ്‍കുടത്തില് ജലവുമായി ദശരഥമഹാരാജാവ് ഒട്ടും വൈകാതെ മുനി ദമ്പതിമാരുടെ പക്കലെത്തി മകന്റെ കാലൊച്ചയാണ് കേള്ക്കുന്നതെന്ന് കരുതി അവര് സന്തോഷിച്ചു..
” ഉണ്ണീ ശ്രാവണാ എന്താണിത്ര വൈകിയത്? വഴിയില് വല്ല തടസ്സവും അനുഭവപ്പെട്ടോ?”
മഹാരാജാവിനു ശബ്ദിക്കാന് ധൈര്യമുണ്ടായിരുന്നില്ല.
ഒന്നും മിണ്ടാതവരുടെ മുന്നില്
തരിച്ചു നിന്നു രാജേന്ദ്രന്
മണ്കുടമവരുടെ മുന്നില് വച്ചു
വേദനയോടെ രാജേന്ദ്രന്!
” എന്താ ഉണ്ണീ നീ ഒരക്ഷരവും ഉരിയാടാത്തത് ? വഴിയില് വല്ല അത്യാപത്തും ഉണ്ടായോ?” മുനിയും മുനി പത്നിയും വീണ്ടും ആരാഞ്ഞു.
അടുത്ത നിമിഷം അവര് കേട്ടത് മഹാരാജാവിണ്ന്റെ തേങ്ങലായിരുന്നു. മകനു നേരിട്ട ദുരന്തവിവരം അദ്ദേഹം മാതാപിതാക്കളെ അറിയിച്ചു. വേദനകൊണ്ട് അവരുടെ നെഞ്ചകം പിളര്ന്നു.
അവശരും വിവശരുമായ ആ വൃദ്ധമാതാപിതാക്കളെ ദശരഥന് കാട്ടരുവിയുടെ തീരത്തേക്കു കൊണ്ടു പോയി. പുത്ര ദു:ഖം താങ്ങാനുള്ള കരുത്ത് അവര്ക്കുണ്ടായിരുന്നില്ല. പിതാവായ മുനീന്ദ്രന് ദശരഥനെ ശപിച്ചു.
” ഹേ മഹാരാജാന്‍ പുത്ര ദുഖം താങ്ങാന്‍ ഏതൊരു മാതാപിതാക്കള്‍ക്കും കഴിയില്ല. നന്മയുടെ നിറകുടമായ ഞങ്ങളുടെ പുത്രനെ കൊന്ന അങ്ങയുടെ മരണവും പുത്ര ദു:ഖത്താലായിരിക്കും. ഇതു സത്യം സത്യം സത്യം ”
മുനിയുടെ ശാപം കേട്ടു നടുങ്ങി
വീരന് ദശരഥരാജേന്ദ്രന്
മനസില്‍ നീറും കനലുകളോടെ
തരിച്ചു നിന്നു രാജേന്ദ്രന്!
കത്തിയെരിയുന്ന മകന്റെ ചിതയില് ചാടി ആ വൃദ്ധ ദമ്പതികള് ഒട്ടും വൈകാതെ പ്രാണത്യാഗം ചെയ്തു. എന്തു പറയാന് വര്ഷങ്ങള്ക്കു ശേഷം ആ ശാപം യാഥാര്ത്ഥ്യമായി.
ശ്രീരാമ പട്ടാഭിഷേകം മുടങ്ങി. സ്വന്തം പുത്രന്മാരായ രാമലക്ഷ്മണന്‍മാരെ കാട്ടിലേക്കയക്കേണ്ടി വന്ന ദു:ഖത്താല് ദശരഥ മഹാരാജാവ് നീറി നീറി മരിച്ചു.
സഹൃദയരേ ശ്രാവണ കുമാരന്റെ ഈ കഥ നമുക്ക് നല്ലൊരു പാഠമാണ്. സ്വന്തം മാതാപിതാക്കളെ ജീവനു തുല്യം സ്നേഹിക്കുക. മാതാവും പിതാവും കണ്കണ്ട ദൈവങ്ങളാണെന്ന സത്യം മറക്കാതിരിക്കുക.
Click this button or press Ctrl+G to toggle between Malayalam and English