ശ്രാദ്ധം കഴിഞ്ഞു , കാക്കകള് പറന്നു പോയി. സംഭവങ്ങളുടെ നൈരന്തര്യം വാര്ത്തകളായി, ശ്ലഥചിത്രങ്ങളായി മനസുകളില് നിറയുന്നു.
കാക്കക്കാലിന്റെ തണലില്ലാതെ ദിലീപ് ഉരുകുന്നതുകണ്ടപ്പോള് …കൂടെ നിന്നവരെല്ലാം അദ്ദേഹത്തെ കൈവിട്ടപ്പോള് .. സംഘടനകളില് നിന്നെല്ലാം അദ്ദേഹത്തെ പടിക്കു പുറത്താക്കി പിണ്ഡം വച്ചപ്പോള് …ഒറ്റപ്പെട്ടവന്റെയുള്ളില് ഒരു സത്യമുണ്ടാകുമെന്ന് എനിക്കു തോന്നി . പലപ്പോഴും അങ്ങനെയാണ്. ആള്ക്കൂട്ടങ്ങള് ആരവങ്ങള്ക്കും ആരോപണങ്ങള്ക്കും പിന്നാലെയാണു പോകന്നത് . ഏതൊരു വ്യക്തിയെ ചുറ്റിപ്പറ്റിയും അവസരം ഒത്തു വന്നാല് ചാടി വീണ് ആക്രമിക്കാന് കാത്തു നില്ക്കുന്ന കുറെ ചെന്നായ്ക്കളുണ്ടാവും. അനുഭവങ്ങളില് നിന്ന് ഞാനിത് പഠിച്ചിട്ടുണ്ട്. ചെയ്യാത്ത തെറ്റുകളുടെ പേരില് ചിത്രവധം ചെയ്യപ്പെട്ടിട്ടുള്ളവണാണ് ഞാന്. ആടിനെ പട്ടിയാക്കുന്നതില് ആനന്ദം കൊള്ളുന്നവരാണ് മലയാളികള്. സ്വന്തം സഹോദരന് പോലും തക്കം പാര്ത്തിരിക്കും ഒരനുകൂല സാഹചര്യം ലഭിച്ചാല് ഒളിപ്പിച്ചു വച്ച കഠാര പിന്നില് നിന്നും കുത്തിക്കയറ്റും. മലയാളി എന്ന പദത്തിന്റെ ആദ്യാക്ഷരം മാറ്റിയാല് കൊലയാളി എന്നു വായിക്കാം. ചുടു ചോരക്കു വേണ്ടി ദാഹിച്ചു നടക്കുന്നവര് ദിലീപിനു ചുറ്റും പതുങ്ങിയിരിക്കുന്നുണ്ടെന്നു തോന്നിയ ഒരു രാത്രിയില് ചോരക്കു വേണ്ടി നാവു നീട്ടി കിതക്കുന്ന ചെന്നായ്ക്കൂട്ടത്തെ സ്വപ്നത്തില് കണ്ട് ഞാന് ഞെട്ടിയുണര്ന്നു. ചോര മണത്തു നടക്കുന്നവര് മറ്റാരുമല്ല ദിലീപിന്റെ ഔദാര്യം പറ്റിയവരും സ്നേഹം നുകര്ന്നവരുമാണ്.
സ്നേഹം കൊടുത്തും കരുതല് നല്കിയും ഹൃദയം പകുത്തു നല്കിയും നെഞ്ചോടു ചേര്ത്തും ഞാനാരെ ലാളിച്ചുവോ അവരൊക്കെയാണെന്നെ കൂട്ടത്തോടെ ചവിട്ടിപ്പുറത്താക്കിയ കാളരാത്രികളുടെ ഉള്ളുരുക്കങ്ങളിലേക്കാണ് നിറകണ്ണുമായി ശ്രീ ദിലീപ് വന്നത് . ദിലീപില് ഞാന് എന്നെ തന്നെയാണ് കണ്ടത് . എന്റെ തണലില് വളര്ന്നു വലുതായവരും എന്റെ നെഞ്ചിലെ ചൂടും ചുണ്ടിലെ മധുരവും പങ്കുവച്ച പ്രിയതമയും ഒരത്ഭുതം പോലെ എന്നെ തള്ളിപ്പറഞ്ഞ നിമിഷങ്ങളില്… എനിക്കും തോന്നി ദിലീപില് ഒരു സത്യമുണ്ടാവുമെന്ന് . കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില് ദിലീപിനു വേണ്ടി ഹര്ജി നല്കാനും ദിലീപിന്റെ ഡി സിനിമാസ് തുറക്കാനായി ചാലക്കുടി നഗരസഭക്കു മുമ്പില് ശയന പ്രദിക്ഷണം നടത്താനും നിരാഹാര സത്യാഗ്രഹ സമരം അനുഷ്ഠിക്കാനും ദിലീപിനെ ജയിലില് പോയി കാണാനും ഒക്കെ പ്രേരിപ്പിച്ചത് ദിലീപിന്റെ ഉള്ളില് ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട് എന്ന ഉത്തമവിശ്വാസത്തിന്റെ ബലത്തിലാണ്. കാരണം സത്യം പലപ്പോഴും അങ്ങനെയാണ് പൊതുജനം പലപ്പോഴും ആരോപണങ്ങള്ക്കു പിന്നാലെയായിരിക്കും. ആരോപണങ്ങളുടെ പിറകെ സഞ്ചരിച്ചാല് ചിലപ്പോള് ഞെട്ടിപ്പിക്കുന്ന ഒരു സത്യം നമ്മള് അറിയും. ആരോപണത്തിന്റെ അകത്തുകടന്നു നോക്കിയാല് കഴമ്പ് ഒന്നും ഉണ്ടാവില്ല. ഉള്ളി തൊലി പൊളിക്കും പോലെയാണ്. പൊളിച്ചു ചെല്ലുമ്പോള് ഒന്നും ഉണ്ടാവില്ല തൊലി മാത്രമേ കാണു. ഇതൊക്കെ ഇതിനു മുമ്പും എത്രയോ വട്ടം ഇവിടെ സംഭവിച്ചിട്ടുള്ളതാണ്.
വികാരങ്ങളുടെ ചുമട്ടുകാരനാണ് ഞാനെന്ന് പറഞ്ഞത് സുഹൃത്ത് ശ്രീനിവാസനാണ്. ശ്രീ. ശ്രീനിവാസന് എന്റെ സുഹൃത്ത് മാത്രമല്ല എന്റെ വിമര്ശകന് കൂടിയാണ്. ദിലീപിനുവേണ്ടി ഞാന് കൊണ്ടു നടക്കുന്നത് വികാരങ്ങളുടെ ഒരു ചുമടല്ല, നിയമപരമായ രേഖകള് അടങ്ങിയ ഒരു ബ്രീഫ്കെയ്സോ തോള്ബാഗോ കൊണ്ടു നടക്കുന്നത് മുറിയെടുക്കാന് കാശില്ലാത്ത ദിവസം കടത്തിണ്ണയിലോ റെയില്‍ വേസ്റ്റേഷനിലോ കടക്കുമ്പോള് തലയിണക്കുപകരം തലയ്ക്കുവെയ്ക്കാന് വേണ്ടി കൂടിയാണ് .
ആഗസ്റ്റ് പന്ത്രണ്ടിനാണ് ദിലീപിനെ ജയിലില് ചെന്നു കണ്ടത്. കണ്ടിട്ടിപ്പോള് ഒരു മാസം പിന്നിട്ടിരിക്കുന്നു. ബന്ധുവോ അഭിഭാഷകനോ അല്ലാത്ത മറ്റൊരാള്‍ എന്ന നിലയില്‍ ദിലീപിനെ ആദ്യം ജയിലില്‍ കണ്ടത് ഞാനാണ്. ദിലീപിന്റെ മനുഷ്യാവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുന്നു എന്നു ചൂണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ ഹര്‍ജിയെക്കുറിച്ച് വിശദീകരിക്കാന്‍ 27/9/17 നു കമ്മീഷന്‍ മുമ്പാകെ ഹാജറാകാന്‍ എന്നോട് ആവശ്യപെട്ടിട്ടുണ്ട്. സെപ്തംബര്‍ പതിനൊന്നിനു അന്വേഷണ സംഘത്തിനു മുമ്പില്‍ എത്തിയ എന്റെ മൊഴിയെടുത്തു. വളരെ സ്നേഹത്തോടു കൂടിയാണ് അവര്‍ എന്നോട് സംസാരിച്ചത് . ഇന്ന് സെപ്തംബര്‍ പതിമൂന്ന്, നാളെ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുമെന്നാണ് പ്രതീക്ഷ. ജീവിതം ഇനി എങ്ങോട്ടാണെന്ന് ഒരു നിശ്ചയവുമില്ല.