1
“ആരാ, ഇരുട്ടത്ത് തപ്പുന്നത്?”
“ഞാൻ”
“ഞാനെന്നു വച്ചാൽ……?”
“കരിമ്പൂച്ച ”
“എന്താണ് തിളങ്ങുന്നത്…..തീക്കട്ടകൾ മാതിരി….?”
“നിനക്കായി ചൂഴ്ന്നെടുത്ത രണ്ടു പ്രണയമുദ്രകൾ. ഇനി മറ്റൊരു
നോട്ടത്തിനു എനിക്ക് കണ്ണ് വേണ്ട.”
“കറുപ്പിന്റെ അഴക് ഇഷ്ടമാണ്. വിശേഷിച്ചും തീഗോളങ്ങളുടെ പശ്ചാത്തലത്തിൽ!”
“വയനാടൻ മഞ്ഞളിന്റെ നിറംന്ന് വച്ചാൽ എനിക്ക് പ്രാണനാ.”
“നേരം ഇനിയും ഇരുട്ടട്ടെ. നിനക്കായി ജാലകപ്പടിയിൽ അഞ്ചു മൺചിരാതുകൾ കത്തിച്ചു വെക്കാം.”
“പുറംവാതിൽ അടയ്ക്കുമോ?”
“അടയ്ക്കും; അടച്ചേ പറ്റൂ; പക്ഷെ താഴിട്ടു പൂട്ടില്ല.”
2
ജാരസംസർഗത്തിനു ശേഷം
ഒന്നാംകൊറോണ രണ്ടാംകൊറോണയോട് :
“ചേകവർക്കൊറോണ അങ്കവും കഴിഞ്ഞു തിരിച്ചെത്താൻ നേരമായി.
പൂങ്കോഴി കൂവുന്നത് താൻ കേട്ടില്ലെന്നുണ്ടോ?”
“ഓമലാളേ, ഞാനിപ്പോൾ ബധിരനാണ്. നിന്റെ മൃദുലമായ മാംസമുനകളുടെ
കോരിത്തരിപ്പിക്കുന്ന സ്പർശം ഒരു മാദകസ്വപ്നംപോലെ ഇപ്പോഴും എന്നെ പൊതിയുന്നു. ചേകവർ അയാളുടെ മുള്ളുറുമി എന്റെ മേൽ വീശട്ടെ. നിനക്കായി മരിക്കുന്നതിൽപ്പോലും ഞാൻ ഒരു ദിവ്യാനന്ദം കണ്ടെത്തും.”
“ആ ദിവ്യാനന്ദത്തിന്റെ പേരിൽ അഡ്വാൻസായി ഒരുമ്മ തരാം. മോൻ ഒന്ന്
പോയിതന്നാട്ടെ.”
“നിന്റെ ആഗ്രഹം അതാണെങ്കിൽ തത്കാലം പോകാം. പോയല്ലേ പറ്റൂ!പക്ഷെ കട്ടിലിനുകീഴെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആയിരത്തൊന്നു രഹസ്യ
കൊറോണസമുറായികളില്ലേ, അവറ്റകളുടെ കാര്യം?”
“മറ്റൊരു ഒളിസങ്കേതത്തിൽ മാറ്റിക്കോളാം.”
“അവിടെ സൂചി കുത്താനൊരിടം എനിക്കും…..”
“ആ സങ്കേതം നിന്റെ സ്റ്റാറ്റസിന് പറ്റിയതല്ലിഷ്ടാ; അത് ചേകവരുടെ അറയിലെ തുപ്പൽകോളാമ്പിയാ!!”
3
തലയ്ക്കു വെളിവുണ്ടെങ്കിൽ
ഹൃദയം മിക്കവാറും ഇരുട്ടിലായിരിക്കും.
ഹൃദയത്തിനു വെളിവുണ്ടെങ്കിൽ
തല മിക്കവാറുംഇരുട്ടിലായിരിക്കും.
പറ, ഏതു വേണം, തലയോ ഹൃദയമോ?
രണ്ടും വേണ്ട; വേണ്ടപ്പോൾ അടക്കാനും തുറക്കാനും
കഴിയുന്ന നിന്റെ പൊന്നധരമില്ലേ, തല്ക്കാലം അത് മതി!
4
ആരാണ് മൂത്തത്?
ആരാണ് ഇളയത്?
മൂപ്പിളമത്തർക്കം കാലം പരിഹരിക്കട്ടെ;
തല്ക്കാലം മൂത്തത് ഇളയതിനെ
നയിക്കട്ടെ മണിയറയിലേക്ക് !
അല്ലെങ്കിൽ മരണത്തിന്റെ നിലവറയിലേക്ക് !!