അപൂർവ വൈദ്യന്മാർ

 

അപൂർവ വൈദ്യന്മാർ എന്ന പുസ്തകത്തെക്കുറിച്ചു ഒരു കുറിപ്പ് വായിക്കാം:

ജീവിതത്തിൽ എപ്പോഴെങ്കിലും കാലത്തിന്റെ മഹാകാരുണ്യത്തിനു നേർക്ക് നമുക്ക് കൈ നീട്ടേണ്ടി വരും. അത്രമേൽ ഏകാകിയും ആത്മസ്വത്വത്തെക്കുറിച്ച് സന്ദേഹിയുമാണ് ഓരോ മനുഷ്യനും. ജീവിതം മരണത്തേയും കടന്നു പോകുന്നൊരു യാത്രയാണ്. ഒരു പാട്ടിന്റെ തീരാശ്രുതിയിൽ, ഒരു നിശ്ശബ്ദതയുടെ ഏറ്റവും ചെറിയ മാത്രയിൽപോലും ജീവിതത്തിന്റെ ചെറുതും വലുതുമായ ദർശനങ്ങളുണ്ട്. അത്ര അഗാധമാണ് ജീവന്റെ ഭംഗികൾ.

ജീവിതത്തിന്റെ കയ്യൊപ്പുകളാകാതെ ചിലത് മണൽച്ചിത്രങ്ങൾപോലെ മാഞ്ഞുപോകുന്നു. കാറ്റ് വന്നു നിശ്ശബ്ദമായി ആത്മാവിന്റെ വിലാപങ്ങളിൽ തൊടുന്നു. പറയാതെ പോയ ഓരോ ജലകണവും മഴയായ് പെയ്ത് ചുറ്റും നിറയുന്നു. നേർത്ത ജലകണങ്ങളെ വെളിച്ചം എത്ര മനോഹരമായാണ് പ്രകാശിപ്പിക്കുന്നത്. ഒഴുക്ക് നിലച്ച പുഴയുടെ തീരത്തെന്നപോലെ ലഹരി മാഞ്ഞ ജീവിതത്തിന്റെ കരയിലും നമുക്കിരിക്കാനാവില്ല.

കാലത്തിന്റെ നിരാർദ്രതകൾ പലപ്പോഴും നമ്മളെ ഭയപ്പെടുത്തുന്നുണ്ട്. അപരിഹാര്യമാണ് ചിലത്. മനുഷ്യസാദ്ധ്യതകളുടെ മഹാമുനമ്പുകളിൽ ചിലപ്പോൾ നമ്മൾ ഏകാകികളാകും. ജീവിതമുയർത്തുന്ന പരിഭ്രാന്തികളിൽ പകച്ചു നിൽക്കും. അവനവനിലേക്കും അടുത്ത് നിൽക്കുന്നവനിലേക്കും ഒന്ന് ഉറ്റുനോക്കാൻ പ്രേരിപ്പിക്കുന്ന ആത്മീയ സൗരഭ്യവുമായി ഇവിടെ ഒരാൾ നമുക്കരികിൽ ഇരിക്കുന്നു. ആ ഇടം അതിന്റെ പവിത്രതകളെ തിരിച്ചറിയുന്ന സുഗന്ധമായി ജീവിതത്തെ പരിവർത്തിപ്പിക്കും.

നമ്മുടെ നിസ്സഹായതകൾക്കുമേൽ നിതാന്തവെളിച്ചമായി തീരാൻ കഴിയുന്ന ഉൾവെളിച്ചങ്ങളെ ഹൃദയത്തിൽ പൊതിഞ്ഞു സൂക്ഷിച്ച് ഈ അപൂർവ്വവൈദ്യന്മാർ സഹയാത്രികരായി നമുക്കൊപ്പം ചേരുന്നു.

അണഞ്ഞു പോകുന്ന കാലത്തിലേക്ക് മിഴി തുറന്നുവെച്ചൊരാൾ വാക്കുകളായും വെളിച്ചമായും ജീവന്റെ അടരുകളെ പൊതിഞ്ഞുണർത്തുന്നു.

കവർ: രാജേഷ് ചാലോട്
പ്രസാധകർ: നിയതം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here