ഇങ്ങനെയാണ് മുഖ്യപ്രസംഗകൻ ഉണ്ടാകുന്നത്…

 

നവീന ലോകത്ത് കടന്നു കൂടിയ ചടങ്ങുകളിൽ പരമ ദുസ്സഹം ഏതെന്ന് ചോദിച്ചാൽ മീറ്റിംഗ് അയ്യോ മീറ്റിംഗ് എന്ന് നിങ്ങൾ പറയും എന്നാണ് ഇ.വി.കൃഷ്ണപിള്ള പണ്ടേ പറഞ്ഞിട്ടുള്ളത്. അപ്പോൾ ഇന്നത്തെ അവസ്ഥ പറയേണ്ടതുമില്ല. ഇതൊക്കെ ഓർത്താണ് പലപ്പോഴും മീറ്റിംഗിന് ക്ഷണിക്കാൻ ആരെങ്കിലും വന്നാൽ ഒഴിയാൻ നോക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സംവിധായകനും നടനുമായി കോളേജ് യൂണിയൻ മീറ്റിംഗിനിടെയുണ്ടായ അടി, പത്രത്തിലും മാധ്യമങ്ങളിലും ഇപ്പോഴും കത്തി നിൽക്കുന്നു. അവർ തമ്മിൽ ഒത്തു തീർപ്പായെങ്കിലും അതിനെക്കുറിച്ച് ചർച്ച നടത്തുന്നവർ ഇതുവരെ ഒത്തുതീർപ്പിലെത്തിയിട്ടില്ല..
ഇങ്ങനെ ഓരോ ദിവസത്തെ വാർത്തകൾ വായിക്കുമ്പോൾ സമ്മേളനങ്ങൾക്ക് പോകാൻ പേടിയാണെങ്കിലും പരിചയമുള്ളവർ വരുമ്പോൾ തീരെ ഒഴിവാക്കാനും കഴിയില്ല.അതു കൊണ്ടാണ് നാട്ടിലെ വായനശാലാ പ്രസിഡന്റും സെക്രട്ടറിയും വന്നപ്പോൾ ഒഴിവൊന്നും പറയാൻ പറ്റാതെ വന്നത്. “കുറുപ്പ് സാറേ,ഞങ്ങൾ അധികം ആരെയും വിളിക്കുന്നില്ല. എം.എൽ,എ.ഉൽഘാടനം,പഞ്ചായത്ത് പ്രസിഡന്റ് മുഖ്യപ്രസംഗം.പിന്നെ രണ്ടു പേരുടെ പ്രസംഗം.അതിലൊന്ന് സാറാണ്.’’
ഒരു അനുസ്മരണ സമ്മേളനമാണ്. വായനശാലയുടെ മുൻ പ്രസിഡന്റിന്റെ അനുസ്മരണമാണ്. അതുകൊണ്ട് അധികം സംസാരിക്കേണ്ടി വരില്ല.സ്വാഗതവും ഉപക്രമവുമൊന്നും നീണ്ടു പോകാതിരുന്നാൽ മതിയായിരുന്നു.പലപ്പോഴും മുഖ്യപ്രസംഗത്തെക്കാൾ നീണ്ടു പോകുന്നത് സ്വാഗത പ്രസംഗമായിരിക്കുമല്ലോ?വിശദമായ ഒരു അവലോകനത്തിന് ശേഷമായിരിക്കും സ്വാഗതത്തിലേക്ക് കടക്കുന്നത് തന്നെ.പിന്നെ ഓരോരുത്തരുടെയും ഗുണഗണങ്ങൾ വാഴ്ത്തി സ്വന്തം പേരിലും സംഘടനയുടെ പേരിലും നാട്ടുകാരുടെ പേരിലുമൊക്കെ ഓരോരുത്തർക്കും സ്വാഗതം പറഞ്ഞു വരുമ്പോൾ തന്നെ ഒരു സമയമാകും.
അതു കഴിഞ്ഞ് ഉപക്രമം വരികയായി. ചിലപ്പോൾ ഉപക്രമം അക്രമം തന്നെയാകാറുണ്ട്.എല്ലാം കഴിഞ്ഞ് മുഖ്യപ്രസംഗമാകുമ്പോഴേക്ക് പലപ്പോഴും കാലിയായ കസേര മാത്രമേ കാണൂ. കാശ് നേരത്തെ കൊടുത്തിട്ടില്ലെങ്കിൽ മൈക്ക് സെറ്റിന്റെ ആളെങ്കിലും കണ്ടാൽ ഭാഗ്യം. ഏതായാലും ഇതങ്ങനെ നീണ്ടു പോകേണ്ട കാര്യമൊന്നുമില്ല. അനുസ്മരണ സമ്മേളനമാണല്ലോ? മരിച്ച ആളെപ്പറ്റി എത്ര പറഞ്ഞാലും എല്ലാവരും കൂടി ഒരു മണിക്കൂറിനപ്പുറം പറയേണ്ട കാര്യമില്ല.
അങ്ങനെയൊക്കെ പ്രതീക്ഷിച്ചാണ് പോയത്,. വായനശാലയിൽ ചെല്ലുമ്പോൾ തന്നെ ചെറിയ മഴയുണ്ടായിരുന്നു.അധികം താമസിയാതെ മഴ കൂടി.സദസ്യരായി കുറച്ചു പേർ അവിടവിടെ നിൽപ്പുണ്ട്. അവർ പോകുന്നതിന് മുമ്പ് തുടങ്ങിയാൽ നന്നായിരുന്നു. മഴ പ്രതീക്ഷിക്കാതെ വന്നതിനാൽ പലരുടെയും കയ്യിൽ കുടയില്ലാത്തത് സൗകര്യമായി.അവർ മഴ തീരുന്നതു വരെ പോകുമെന്ന് പേടിക്കണ്ട.ഇനി പ്രസംഗം കേൾക്കുന്നതിനെക്കാൾ നല്ലത് മഴ കൊള്ളുന്നത് തന്നെ എന്ന് ആളുകൾ തീരുമാനിച്ചു കൂടെന്നുമില്ല. ഇപ്പോഴത്തെചില പ്രസംഗങ്ങളുടെ പോക്ക് അങ്ങനെയാണല്ലോ?
കുറെ നേരം കാത്തിരുന്നിട്ടും വിശിഷ്ടാതിഥികളെ അരെയും കാണുന്നില്ല. കുറുപ്പ് സാറിന്റെ അസ്വസ്ഥത കണ്ടാകാം പ്രസിഡന്റ് പറഞ്ഞു. ’സാറേ,എം.എൽ.എ.മറ്റൊരു പരിപാടിയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് ടൗണിൽ മഴയിൽ കുടുങ്ങിയിരിക്കുകയാണ്.പരിപാടി തുടങ്ങിക്കോളാൻ രണ്ടു പേരും അനുവാദം തന്നിട്ടുണ്ട്.’’ പ്രസംഗിക്കാൻ ഏറ്റ രണ്ടാമനും എത്തിയിട്ടില്ല,ആകെയുള്ളത് കറുപ്പ് സാർ മാത്രം,ഉൽഘാടകനും മുഖ്യ പ്രസംഗകനുമില്ലാതെ എങ്ങനെ പരിപാടി മുന്നോട്ട് കൊണ്ട് പോകും എന്ന് മനസ്സിലായില്ല.സാറിന്റെ സന്ദേഹം കണ്ടാകാം പ്രസിഡന്റ് പറഞ്ഞു.’’സാറ് പ്രസംഗം ഇത്തിരി നീട്ടിക്കൊണ്ടു പോയാൽ മതി. അപ്പോഴേക്കും അവരെത്തും..’’
ഈശ്വരാ,കുഴഞ്ഞു. മറ്റെന്ത് പരിപാടിയാണെങ്കിലും കുഴപ്പമില്ലായിരുന്നു..അനുസ്മരണ പരിപാടി എങ്ങനെ അനന്തമായി നിട്ടിക്കൊണ്ടു പോകും?പറയാനുള്ളത് എങ്ങനെയായായാലുംപത്ത് മിനിട്ടു കൊണ്ട് തീരും,പിന്നെന്ത് ചെയ്യും.ഏതായാലും വരുന്നിടത്ത് വെച്ച് കാണാം. സമ്മേളനം സമാരംഭിച്ചു. സാധാരണ പതിവുള്ളതു പോലെ സ്വാഗതവും . ഉപക്രമവുമൊന്നും അധികം നീണ്ടു പോയുമില്ല. ഉപക്രമത്തിൽ പ്രസിഡന്റ് പറഞ്ഞു ’’ഇനി നമ്മുടെ കുറുപ്പ് സാറ് വിശദമായി സംസാരിക്കും,ബഹുമാന്യനായ എം.എൽ,എ.യും പഞ്ചായത്ത് പ്രസിഡന്റും എത്താൻ അൽപം വൈകുമെന്ന് അറിയിച്ചിട്ടുണ്ട്,അതു വരെ നമ്മോട് കുറുപ്പ് സാറ് സംസാരിക്കും,അതിനായി അദ്ദേഹത്തെ ഏറെ ആദരവോടെ,ഏറെ സ്നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നു..’’
‘’എങ്കിലും പ്രസിഡന്റേ,എന്നോട് ഈ ചതി വേണ്ടായിരുന്നു..’’ എന്ന ആത്മഗതത്തോടെ കുറുപ്പ് സാർ എഴുന്നേറ്റു സദസ്സിനെ വിശദമായൊന്ന് നോക്കി.മഴ തീരാത്തതു കൊണ്ട് ആരും പോയിട്ടില്ല..രണ്ടും കൽപ്പിച്ച് അങ്ങു തുടങ്ങി..അഞ്ചു മിനിറ്റു കൊണ്ട് സ്മര്യ പുരുഷനെപ്പറ്റി പറയാനുള്ളതൊക്കെ പറഞ്ഞു തീർന്നു .പിന്നെ വായനശാലയുടെ ചരിത്രം വിശദമായി പറഞ്ഞു. അതിനിടയിൽ ഓരോ വണ്ടികളും കടന്നു പോകുമ്പോൾ കുറുപ്പ് സാർ പ്രതീക്ഷയോടെ നോക്കും, പ്രസിഡന്റോ എം.എൽ.എ.യോ ആണോ,പല പല വണ്ടികളും കടന്നു പോയെങ്കിലും അവരുടെ വണ്ടി മാത്രം വന്നില്ല.
പണ്ട് തെങ്ങിനെപ്പറ്റി കാണാതെ പഠിച്ചു കൊണ്ടു പോയിട്ട് പശുവിനെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരം എഴുതേണ്ടി വന്ന കുട്ടിയുടെ അവസ്ഥയായിരുന്നു കുറുപ്പു സാറിന്റേത്.ഏതായാലും വായനശാലയുടെ ചരിത്രവും തീർന്ന് പഞ്ചായത്തിന്റെ ചരിത്രത്തിലേക്ക് കടക്കാം എന്ന് വിചാരിക്കുമ്പോഴേക്ക് ശ്രോതാക്കളുടെ ഭാഗ്യം കൊണ്ടാണോ കുറുപ്പു സാറിന്റെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി.സ്റ്റേജിലേക്കെത്തുന്നതിന് മുമ്പ് തന്നെ കുറുപ്പേട്ടൻ പറഞ്ഞു, നമ്മളേവരും ആകാംക്ഷയോടെ കാത്തിരുന്ന ബഹുമാന്യനായ പ്രസിഡന്റ് സ്ഥലത്തെത്തിയിട്ടുണ്ട്,അടുത്ത മുഖ്യ പ്രസംഗം നടുത്തുന്നതിന് വേണ്ടി ആദരപൂർവ്വം അദ്ദേഹത്തെ ക്ഷണിച്ചു കൊള്ളുന്നു’’ ഇത്രയും പറഞ്ഞിട്ട് കസേരയിലേക്ക് ഇരിക്കുകയായിരുന്നോ അതോ വീഴുകയായിരുന്നോ എന്ന് കുറുപ്പ് സാറിന് ഇപ്പോഴും നല്ല ഓർമ്മ കിട്ടുന്നില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍ മെമ്മോറിയല്‍ അവാര്‍ഡ്  കെ.പി. രാമനുണ്ണിക്ക് സമർപ്പിച്ചു
Next articleഖസാക്ക് സുവര്‍ണജൂബിലി സാഹിത്യ മത്സരങ്ങള്‍
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here