സുറുമക്കണ്ണി

അവളെന്നും
സുറുമക്കണ്ണിയായിരുന്നു.

മാപ്ലകുന്നേന്ന്
പാറണ
വെള്ളപ്പറവകളുടെ
എണ്ണം നോക്കി,
അവൾ പറയും

‘എട്ട്…’

‘പത്ത് ‘

അവൾക്കെണ്ണം

തെറ്റാറുണ്ടാവില്ല.

ഒരിക്കലവൾ
പറഞ്ഞു.

‘കാക്കതൊള്ളായിരം…’

അവറ്റകൾ
കുന്നിൻ്റെ
പൊറകിൽ,
വെളിച്ചം
തട്ടാതിരിപ്പുണ്ടെന്ന്…

 

അവിടെ പൊട്ടക്കെണറ്റില്
ആയിരമായിരം
മുട്ടകൾ വിരിയാൻ
കാത്തുനിക്കുന്നുണ്ടെന്ന്..

 

സുറുമക്കണ്ണിയുടെ
മൈലാഞ്ചി കല്യാണമാണ്
നാളെ…

അവൾ ചോദിക്കുന്നു.
ഏതു നിറത്തിലുള്ള
ഉടുപ്പണിയും…

അവൾക്കിഷ്ടം
വെള്ളയിൽ
പറവക്കുത്തുള്ള
ഉടുപ്പാണ്.

അവളുടുമ്മ
പണ്ട് ,

കൊതിയോടണിഞ്ഞത്.

 

ഉമ്മയത്
കസവുടുപ്പുകൾക്കിടയിൽ,
മരപ്പെട്ടിക്കുള്ളിൽ
ഒളിപ്പിച്ചു വെച്ചു.

തവളകൾ കൂട്ടത്തോടെ കരയണ
രാത്രിയിൽ ആരും കാണാതെയണിഞ്ഞു….

അവളെ പെറ്റെ പിന്നെ
ഉമ്മയതണിഞ്ഞിട്ടില്ല.
അലമാരക്കുള്ളിലെ
ആ മരപ്പെട്ടി,
ഓടിച്ചു പോലും
നോക്കിയില്ല.

ഇരുട്ട് കത്തി
പിടിച്ച് നിക്കണ നേരത്ത്
ജിന്നുകളെ
പേടിച്ചുറങ്ങുമ്പോൾ

അവൾ കാണുമായിരുന്നത്രേ
വീടിൻ്റെ ,
സൂത്രപ്പഴുതിലൂടെ
രണ്ടോ മൂന്നോ
പറവകൾ

ഉമ്മയുടെ മുറിക്കരികെ
നോക്കി നിക്കണത്.

സെയ്ത്താന്റെ
കഥ കേട്ട് കരയുമ്പോൾ

മാപ്ലാകുന്ന്
കാണിക്കും ഉമ്മ
രണ്ട് ചെതുമ്പിച്ച
പറവകൾ

മുറ്റത്തെ ആകാശത്തൂടെ
പാറും.

ഉമ്മേടെ
ആകാശപ്പറവകൾ.

 

സന്ധ്യക്ക്
വരാന്തയിലിരുന്ന്
ഉമ്മെടെ
കിണ്ണത്തീന്ന്
ചോറുരുള കൊത്താനെത്തും
അവ

 

വേനലിൽ
മുറ്റത്തെ മാങ്കൊമ്പില്…
മാമ്പൂ മണമടിക്കണ
നേരത്ത്…
വെള്ളി ചിറകുവിടർത്തി..

 

അവൾ ഒരിക്കൽ
പറഞ്ഞതാണ്.

മാപ്ല കുന്നിലെ
പറവകളെ
അവളുടുമ്മ
പെറ്റതാണെന്ന്..

 

ഉമ്മയില്ലാതെ
ഇന്ന്,

അവളുടെ
പറവപ്പുര.

അവളെ പേടിപ്പിച്ചുകൊണ്ട്,
ദജ്ജാലിൻ്റെ സ്വരമുള്ള
കല്യാണ പാട്ട്,
മുറിയിലും മുറ്റത്തും

നിലാപ്പൂക്കളെ പോലും
വാടിക്കുന്ന
അത്തർ മണം.

അവളുടെ കുപ്പിവളകൾ
ചില്ലു ചിതറുന്ന പോലെ
ഉടയുന്നു.

 

നാളത്തെ
മൈലാഞ്ചി കല്യാണത്തിന്
ചൂടാൻ
കുന്നേന്ന് രണ്ട്
പറവകളെ ..
കൊണ്ടു വരുന്നുണ്ട്.

 

 

ഉമ്മയുടെ
മരപ്പെട്ടി

അവൾ തുറക്കും.

അതിലെ പറവകുപ്പായം
അവൾക്കണിയണം …

പറവക്കുപ്പായമിട്ട്
മാപ്ലക്കുന്ന് കയറണം.

 

പിറ്റേന്ന്
മാപ്ലക്കുന്നിലെ
പറവകൾ കൂട്ടത്തോടെ
കരയണ്…

 

കല്യാണത്തിൻ്റെ
വിരുന്നുചെമ്പിൽ
രണ്ട് കൂറ്റൻ പറവകൾ
തെളക്കണ്…..

 

എവിടെ
എൻ്റെ ..
സുറുമക്കണ്ണി..

 

അകലെ, ഏതോ
പൊത്തിൻ്റെ
അറിമണിയോളം പോന്ന
ജനലിൽ,
അവളുടെ സുറുമക്കണ്ണ്,

ചുകചുകന്ന്,

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here