മൂർച്ചയുള്ള കത്തിയിൽ
വട്ടം വട്ടമായി
അരിഞ്ഞെടുത്തു
മുള്ളുകൾ മുതൽ
അകം വരെ
കയ്പ്പ് നിറച്ച
കയ്പ്പക്കയെ
മുറിച്ചും അല്ലാഞ്ഞതയും
അകത്തള്ളി പിടിച്ചു
ചീനചട്ടിയിൽ
എണ്ണയിൽ വെന്തു
വിത്തുകൾ
അറുത്തെ ടുത്തപ്പോൾ
അകത്തെ
ഞരമ്പുകൾ പൊട്ടി
നേരത്തെ
നില്ത്തു വീണ
വിത്തൊ രെണ്ണം
ചൂലിൽ നിരങ്ങി
അടികൂട്ടിൽ ഒളിച്ചു
കുപ്പയിലെത്തി
പിഴുതുകളയാൻ പാർത്ത
കണ്ണുകൾ
കൈകൾ
കാണാതെ
വേരുകളാഴ്ത്തി
പച്ചപ്പൊടിപ്പുകൾ
കാൺകേ വളർന്ന ഇലകൾ
ചവിട്ടാൻ വന്ന
കാലുകൾക്ക്
തലകുനിച്ചു
അടുത്തമാവിൻകൊമ്പിൽ
ചുരുളൻ കൈകളാൽ
ചുറ്റിപിടിച്ചു
വെയിലിൽ നിവർന്നു
മഴയിൽ മദിച്ചു
‘കാലെ പൊടിച്ചതല്ലേ
എത്രയായാലും ഇതിൽ
കയ്പ്പുള്ളതല്ലേ കായ്ക്കു ’
കുത്തുവാക്കുകൾക്ക്
കാതടച്ചു
ശിഖരങ്ങളിലേക്ക്
ഉയരങ്ങളിലേക്ക്
പടരുന്നതിൽ
പൂമൊട്ടുകൾ കണ്ണ് തുറന്നു
കയ്പക്കാപ്പെണ്ണ്
അതെ കയ്പക്കാപ്പെണ്ണ്…….