ഘടികാരങ്ങൾക്ക്, ശോശാമ്മയുടെ
കണ്ണിൻ്റെ താളമറിയുന്നതു കൊണ്ടാവാം,
ശോശാമ്മയുടെ സ്വപ്നത്തിലിരുന്നവ പതുക്കെ
അപ്പൂപ്പൻ, ചുമച്ചുമക്കുന്നത്….
കുശിനിയുടെ പുക കുഴലിൽ
വെപ്രാളപെട്ടോടുന്ന പെരുച്ചാഴികൾക്കറിയാം,
ചിലച്ചാൽ ശോശാമ്മ തങ്ങളെ
കണക്കറ്റു പ്രാകുമെന്ന്,
അതുകൊണ്ടാണവ മയത്തിൽ കുശിനിയുടെ
ഉത്തരത്തിൽ ഉറക്കം നടിച്ചു
കിടക്കുന്നത്…
വ്രാന്തയിൽ രാത്രി മഞ്ഞിൻ്റെ തണുപ്പിൽ,
വിറങ്ങലിച്ചു നിൽക്കുന്ന അമ്മി കല്ലിനറിയാം
ശോശാമ്മയുടെ ഇളം കാലിൻ്റെ വലുപ്പം
അതുകൊണ്ടാണവ ഇളകാതെ
അടങ്ങി കിടക്കുന്നത്..
പുക കുഴലിനുമറിയാം ശോശാമ്മയുടെ
കുറുനെഞ്ചിൻ്റെ താളം,
അതുകൊണ്ടാണവ
ശ്വാസമടക്കി നിക്കുന്നത്..
കുശിനിയിലെ വെളുത്ത
വെള്ളി കിണ്ണങ്ങൾക്കും
ചില്ലു കുപ്പികൾക്കും മറിയാ൦
ശോശാമ്മ പെണ്ണിൻ്റെ
തിളങ്ങുന്ന കനവ്..
അതുകൊണ്ടാണവ നിലത്തു
പൊട്ടാതെ നിക്കുന്നത്..
രാത്രിയിൽ എണീക്കുന്ന
തെക്കെ വീട്ടിലെ പെണ്ണുങ്ങൾ
കേൾക്കാറുണ്ട്,
കുശിനി ജനാലകളിൽ വന്ന് തട്ടുന്ന
ഇളം കരച്ചിൽ,
പൊലർച്ചയ്ക്ക് വേവിക്കാൻ
രാത്രിയറക്കുന്ന പെണ്ണാടുകളുടെ
കൊഴുത്ത ചോരയുടെ ഗന്ധം…
ഇരുവശത്തു നിന്നും പാളത്തിൽ
മുളച്ച ചെമ്പരത്തി പൂക്കളെ
ചവുട്ടിയരച്ചു കൊണ്ട്
പെൺ ചോര നിറച്ചു വരുന്ന
ആൺ തീവണ്ടികളെ പറ്റി
പറയുന്നു.
പാളത്തിൽ ചാകുന്ന ചെമ്പരത്തി പൂക്കൾ
ഏറെ ഇഷ്ടമുള്ള പെൺകുട്ടികൾ
നാട്ടിലെ ആമ്പൽ കുളങ്ങളിൽ
കാണാ ചുഴികളെ പറ്റി പറയുന്നു
വെള്ളത്തിൽ മുങ്ങി ചത്തവർ.
സാത്താൻമാർ പതിയിരിക്കുന്ന
ഇടവഴിയിലെ പൊട്ടകിണറ്,
പെൺ കുരുവികളുടെ തലയറുക്കുന്ന
വേട്ടക്കാരൻ്റെ കൂരമ്പ്,
മാളങ്ങളിൽ പെൺ തവളകളുടെ
കഴുത്തിൽ പിടിച്ച് കുടയുന്ന
വിഷ പാമ്പുകൾ
പെൺകുട്ടികളെ മത്ത് പിടിപ്പിക്കുന്ന
തീണ്ടാരി സന്ധ്യകൾ,
കന്യാചർമങ്ങൾ വാറ്റിയെടുക്കുന്ന
നാട്ടിലെ കള്ളിൻ ഷാപ്പുകൾ
ശോശാമ്മയുടെ കൈക്കല തുണികളിൽ
അവരുടെ മൂക്കൊലിപ്പിൻ്റെ പാട്,
തേൻ ഭരണികളിൽ അവരുടെ
കണ്ണിലെ ഒരു കുടം ചുടുചോര…
വെയിലു പതിയേ വീഴുന്നതും നോക്കി
ശോശാമ്മ ഇരിക്കുന്നു.
പകലിലും കാട്ടു ഗുഹകളുടെ
ഇരുട്ടുള്ള കുശിനിയിൽ
തേൻ കുടിച്ചുb മദിച്ചു വന്ന
ഒരാൺ വണ്ട് ചുമർ വിടവിലൂടെ
ഇറങ്ങി വന്നു.
തെക്കെ വീട്ടിലെ കുട്ടികളുടെ
പേറ്റുവെള്ളം ചുമന്ന പാത്രങ്ങളിൽ
അത് പോയി ചിറകൊതുക്കി.
എന്നിട്ട്
ശോശാമ്മയുടെ മുഖത്തേക്ക്
ദഹിക്കുന്ന നോട്ടമെറിഞ്ഞു.
ആൺ വണ്ടുകൾ നിറയെ പാറണ
പുറത്ത്, ഉദിച്ച പകലു കാണാതെ
കുശിനിയടുപ്പിൽ തെക്കെ വീട്ടിലെ
ശോശാമ്മ പെണ്ണ് പച്ചയ്ക്ക് വെന്തു.
Click this button or press Ctrl+G to toggle between Malayalam and English