ചിലനേരങ്ങളിൽ

 

അലസതയുടെ തണുപ്പുറഞ്ഞ്
കനം മൂടിയൊരു മനസ്സുണ്ട്.

ആമത്തോടിൽ നിന്നും
ഇടക്കതൊന്ന് തലപൊക്കും

ജീവിതത്തോട് സമരസപ്പെടാതെ
സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടാതെ
ചരടുപൊട്ടിയ പട്ടംകണക്കെ
അതങ്ങിനെ കാടുകേറും.

നിലാവുചുരത്തുന്ന രാത്രികാലങ്ങളിൽ
നക്ഷത്രങ്ങൾപൂത്ത ആകാശചോട്ടിൽ
ഉന്മാദിനിയായ് അലഞ്ഞ്
പെണ്ണുങ്ങൾകാണാത്ത
പാതിരാകാലത്തിന്റെ
കണക്കെടുക്കും.

ആരാന്റെ ചിത്തക്കൂടിൽ
നേരംതെറ്റിപൂത്ത പാതിരാപ്പൂക്കളെ
നെറ്റിയിലമരുന്ന ചുണ്ടിന്റെ
ചൂടിനാൽ ഒപ്പിയെടുത്ത്
ക്യാൻവാസിൽ ചൊരിയും.

അടിവയറ്റിൽ
ആദ്യവേദനയുടെ നോവറിഞ്ഞ്
ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ
പെയ്തൊഴിയുന്നത്
നോക്കിനിൽക്കും.

ചുമരടുക്കുകളിൽ
വരിതെറ്റിയ
പുസ്തകത്തിലൊന്നെടുത്ത്
താളുകൾ വെറുതേമറിച്ച്
കിടക്കയിൽ തിരിച്ചെത്തും

 

ഒടുവിൽ,

ഹൃദയത്തിന്റ പുലമ്പലും
കണ്ണിന്റെ കലമ്പലും കാണാതെ
ഉഷ്ണമാപിനികളെ തണുപ്പിച്ച്
മൗനത്തിലേക്കാണ്ടിറങ്ങും.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English