ചിലപ്പോഴൊക്കെ
ഓർമകൾ
ഞരമ്പുകളിലൂടെ
അതിദ്രുതമൊഴുകും!
ചിലപ്പോഴവ തലച്ചോറിനെ
ചുറ്റിവരിയും!
അരണ്ട വെളിച്ചമുള്ള
ഇടമുറികളിലൂടെ
പാഞ്ഞിട്ടൊടുവിൽ,
നീട്ടിയെടുത്ത ശ്വാസത്തിന്റെ
അങ്ങേത്തലയ്ക്കലെത്തുമ്പോൾ
തിളങ്ങുന്ന വെളിച്ചം കാണും!
ചുവന്നപട്ടിൽ തട്ടി
തിളങ്ങുന്ന വെളിച്ചം!
അവിടെ
കാറ്റിനു കുളിരുസമ്മാനിക്കുന്ന
വയലിന്റെ കണ്ണിൽനോക്കി
സ്വയംമറന്നു നിൽക്കുമ്പോൾ
തിരിച്ചറിഞ്ഞ കരുതലുകളിലെ
തിരിച്ചറിയാനാവാത്ത
സ്വപ്‌നങ്ങളിനിയും
സ്വന്തമായെങ്കിലെന്നോർക്കും.
വെറുതെയെങ്കിലും
തിരുത്താനുള്ളതെല്ലാമോർത്തപ്പോൾ,
പാരിജാതഗന്ധത്തിലലിഞ്ഞപ്പോൾ,
അപ്പോഴാണ്
എഴുതിക്കഴിഞ്ഞ കഥയിൽ
തിരുത്തില്ലെന്ന്
പാടിയൊരു
നാട്ടുകുയിൽ
പറന്നകന്നത്..!
എങ്കിലും
ഒന്നോർത്തു നോക്കൂ!
നമുക്കായ് മാത്രം
നാം തിരുത്താറില്ലേ?
ചിലപ്പോഴെങ്കിലും!
ആത്മാവിലെ തിരുത്തുകൾ,
മറ്റാരുമറിയാത്തവ!