തള്ളക്കോഴിയെയും കുഞ്ഞുങ്ങളെയും കൂടഴിച്ചു മുറ്റത്തേക്ക് മേയാൻ വിട്ടാൽ, അതുങ്ങളെയും നോക്കിയിരിപ്പാണ് പിന്നത്തെ പണി. ചെറിയ ഒരു ചുള്ളിക്കമ്പ് പിടിച്ച് ഗമയിൽ അവയെ തെളിച്ചു കൊണ്ടിരിക്കും. മിക്കവാറും വൈകുന്നേരങ്ങളിൽ ആവും ഈ സ്വാതന്ത്ര്യം നൽകുന്നത്. കീരിയും കുറുക്കനും പാമ്പും, മറ്റു പിടിച്ചുകൊണ്ടു പോകുന്നവ എന്തൊക്കെയുണ്ടോ?…, അതിൽനിന്നെല്ലാം കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കണം. ഇതാണ് പ്രധാന ദൗത്യം. നേരം കൂടുതൽ ഇരുട്ടുന്നതിനു മുമ്പേ അവയുടെ കളിതമാശകളും നിർത്തി കൂട്ടിലേക്ക് തിരിച്ചു കയറ്റുകയും വേണം.
ഇന്നിപ്പോൾ വീട്ടിൽ ഒളിച്ചു ക്വാറന്റയിനിൽ കഴിയുന്നവരുടെ സ്ഥിതി ഇതിനോട് സമാനമാണ്. പല പ്രവാസികളും സ്വന്തം വീടിൻറെ മുകൾനിലയിൽ സമ്പർക്ക വിലക്കിൽ ഏർപ്പെട്ടു കഴിയുന്നുണ്ട്. തങ്ങളുടെ കുഞ്ഞു മക്കളോട് ഒന്നും പറയാതെ, അവർ കാണാതെയാണ് വീടിൻറെ മട്ടുപ്പാവിലേക്ക് അവർ കയറിയത്.
കുട്ടികൾ പിതാവിൻറെ സാന്നിധ്യം അറിയാതിരിക്കാൻ, ഒന്ന് ചുമക്കുമ്പോഴും തുമ്മുമ്പോഴും അമർത്തിപ്പിടിച്ചു നിശബ്ദമായി സങ്കടത്തോടെ അവർ കഴിയുന്നു. കോഴിക്കുഞ്ഞുങ്ങളെ മേയാൻ വിട്ടത് പോലെയാണ് മാതാപിതാക്കന്മാരുടെ സ്ഥിതി. കുട്ടികൾ മുകളിലേക്ക് കയറി പോകാതിരിക്കാൻ, അടുത്ത മുറിയിൽ പ്രവേശിക്കാതിരിക്കാൻ, അവർ ജാഗരൂകരായി ഇരിക്കുന്നു.
സമ്പർക്ക വിലക്കിൽ കഴിയുന്നവരാവട്ടെ, മക്കൾ മുറ്റത്തിറങ്ങി കളിക്കുന്നത് കാണാൻ ജനലിനു പിന്നാമ്പുറത്ത് ഒളിച്ചു നിൽക്കുന്നു. വർഷത്തിലോ രണ്ടു വർഷത്തിലോ വരുമ്പോൾ, തൻറെ വരവേൽപിനെ ഉത്സവമാക്കുന്ന കുരുന്നുകളോട് ഒരക്ഷരം പറയാതെ വന്നു ഒളിച്ചിരിക്കുന്ന അവർ, പിന്നെയും കുഞ്ഞുങ്ങൾക്ക് ഫോൺ വിളിക്കുന്നു?…കുട്ടാ… കുഞ്ഞൂസേ… കുഞ്ഞാറ്റേ….നീ എന്തെടുക്കുവാ?…ചായ കുടിച്ചോ?… ഭക്ഷണം കഴിച്ചോ?… ക്ലാസ്സ് കേട്ടോ?…
മക്കളുടെ മറുപടിക്ക് ശേഷമുള്ള തിരിച്ചുള്ള ചോദ്യങ്ങൾ, എപ്പോഴാ വരുന്നേ?…..എന്ന് കേൾക്കുമ്പോൾ, മോനേ….ഞാൻ എപ്പോഴേ വന്നു. ഞാൻ വീടിൻറെ മുകളിൽ ആണുള്ളത്….എന്നു പറയാൻ കഴിയാതെ നാളുകൾ എണ്ണി കഴിയുന്ന, പുരയിലെ ജയിൽവാസക്കാരൻ……