“സ്നേഹി”താ നിന്റെ
അർത്ഥ തലങ്ങൾ തേടി
എന്റെ യാത്ര തുടങ്ങിയിട്ട്
കാലങ്ങളേറെയായി.
നിന്നെയെനിക്കെവിടെ
കാണാൻ കഴിയും ?
പ്രവൃത്തിയിലോ? കൈകളിലോ?
ഹൃദയത്തിലോ? ദൈവത്തിലോ?
അന്ന് ക്ലാസ്സിൽ വെച്ച്
കൂട്ടുകാർ തമ്മിൽ
അടിപിടിയുണ്ടായപ്പോൾ,
അക്ഷരങ്ങൾ വിളമ്പിത്തരുന്ന
അധ്യാപകൻ പറഞ്ഞു?..
അരുത്… നിങ്ങൾ സ്നേഹിതരാണ്.
അവിടെ ഞങ്ങൾ നിന്നെക്കൊണ്ട്
ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
കൊച്ചു പള്ളിക്കൂടം വിട്ട്
ബല്ല്യ കലാലയത്തിലെത്തിയപ്പോൾ,
നേരം പോക്കിനെന്നും കൂടെ
മൊഞ്ചത്തി വേണമെന്നായി.
പഠിപ്പിനപ്പുറം പൊങ്ങച്ചം കാണിച്ച്
അവൾക്ക് മുന്നിൽ
ആളായി ഞെളിഞ്ഞപ്പോൾ
കളി കാര്യമാകാറായി.
ഊണിലും ഉറക്കിലും
നിഴലായി അവൾ വിരുന്നെത്തി.
കിന്നാരത്തിൽ വാട്ടിയെടുത്ത്
പ്രണയത്തിൽ പൊതിഞ്ഞ് കെട്ടിയ,
ആ കെട്ടിലും ഒരു കൊട്ട സ്നേഹം.
യാതൊരു പ്രതിഫലേഛയുമില്ലാതെ
വളർത്തി വലുതാക്കിയപ്പോൾ,
നിസ്വാർത്ഥമായി മാതാപിതാക്കൾ
വാരിക്കോരി നൽകിയ,
ആത്മാർത്ഥതയുടെ അടയാളം.
കലർപ്പില്ലാത്ത കിടിലൻ സ്നേഹം.
വഴിയിലെവിടെയൊക്കെയോ
നിസ്സഹായനായി കുടുങ്ങിക്കിടന്നപ്പോൾ
അജ്ഞാതരായ ആളുകൾ
മനുഷ്യനാണെന്ന് ഗണിച്ച്
സമയത്ത് ചെയ്തു തന്ന
വിലപ്പെട്ട സേവനങ്ങൾ.
സ്നേഹമെന്ന നിന്റെ ശാഖയിൽ
ഇതും ഒരു മനുഷ്യ സ്നേഹം.
നീ ഒളിഞ്ഞിരുന്ന് കാണുകയും
പ്രവൃത്തിക്കുകയും ചെയ്യുന്നു.
സ്നേഹമെന്ന സ്നേഹിതാ…
സത്യമായും നീ ഒരു സ്വർഗ്ഗമാണ്.
നീ ഉണരുന്നിടത്ത് മാത്രമേ…
ഹിംസകൾ കരിഞ്ഞു വീഴുന്നുള്ളൂ.
നീ മരിക്കുമ്പോൾ….
ഈ ലോകവും മരിക്കും.
നീ തനിച്ച് മാത്രമുള്ള,
സ്നേഹലോകമാണ് എന്റെ സ്വപ്നം.
ജീവനേക്കാൾ സ്നേഹിക്കുന്നവരേ…
ചങ്ക് പറിച്ച് കൊടുക്കുന്നവരേ…
ജീവ ത്യാഗങ്ങൾ ചെയ്യുന്നവരേ…
നമുക്കങ്ങോട്ട് പോകാം.