മൂകാന്ധകാരത്തില്‍ പെട്ടു-
ഴലുമെന്‍ ജീവിതത്തിലേക്കു
മെഴുകുതിരിനാളവും കൈയ്യിലേന്തി
വന്ന സുന്ദരീ, നീയെന്‍ പ്രിയസഖി
നിന്‍ മൊഴികള്‍ എന്‍റെ ശ്രവണങ്ങളിൽ
എന്നും പൂങ്കുയില്‍ നാദമായി
ഒത്തിരി മുല്ലപ്പൂമൊട്ടുകളൊന്നിച്ചു
വിതറിയ നിന്‍ചിരി
എനിക്കു കുളിരെഴുമിളങ്കാറ്റായി
നിന്‍ നയനങ്ങളായിരം കഥകള്‍
പറയുവാന്‍ വെമ്പുന്ന മഹാസാഗരം
നീയെന്നും എന്നുള്ളില്‍ നിറയും സ്നേഹമന്ത്രം
എന്നെ പൊട്ടിചിരിപ്പിച്ചു, ചിന്തിപ്പിച്ചു
എന്നിലളവറ്റ സ്നേഹപ്രഭ ചൊരിഞ്ഞു
കുളിര്‍കോരിയണിയിച്ചു നീയെന്‍
കരളില്‍ കുടിപ്പാര്‍ത്തിരിക്കേ
ആ സ്നേഹസ്പര്‍ശം അമൃതധാരയായി
എന്നിലൂടെ ഒലിച്ചിറങ്ങവേ
അതിലൊരു പ്രകാശകണികയായി
ഞാന്‍ ജ്വലിക്കവേ, ഒരു നാള്‍
ഒഴുകിയകലുന്ന മേഘങ്ങള്‍ പോലെ
നീ അകലേക്കു മാഞ്ഞുപോയി
നിന്‍റെ കൊലുസിന്‍ പൊട്ടിച്ചിരികള്‍
എന്നില്‍ നിന്നുമകന്നകന്നു പോയി
ഞാന്‍ വിളിച്ചാല്‍ വിളി കേള്‍ക്കാത്ത
എത്രയാശിച്ചാലും തിരിച്ചുവരാനാവാത്ത
വിസ്മയലോകത്തേക്കു നീ
എന്നെ തനിച്ചാക്കി യാത്രയായി
നിനക്കായ് ഞാന്‍ ഹൃത്തടത്തില്‍
കരുതിവെച്ചിരുന്ന പനിനീര്‍പ്പൂക്കള്‍
ഒക്കെയും വാടിതളര്‍ന്നുറക്കമായ്
നാമൊന്നിച്ചു കണ്ട കനവുകള്‍
ഒരിക്കലും വിരിയാത്ത അണ്ഡങ്ങളായി
കരളിലങ്ങിങ്ങു ചിതറികിടക്കേ
ഒറ്റയ്ക്കു പാത തിരയുന്നു ഞാന്‍
നിന്നിലേക്കുള്ള പാത തിരയുന്നു
നീയെത്ര അകലെയാണെങ്കിലും
എന്നോമനേ, ഒരു നിഴലായ്
അനിഷേധ്യ സ്നേഹമായ്
പ്രണയത്തിന്‍ നീരുറവയായ്
നീയെന്നുമെന്നും എന്നരികെ
നിന്നെ കാണുന്നു ഞാന്‍ നിത്യവും
സ്വര്‍ണ്ണാലങ്കൃതം സായംസന്ധ്യയായി
വിണ്ണില്‍ പൂത്തു തളിര്‍ത്തു നില്ക്കും
തുമ്പപ്പൂ പോലുള്ള താരക്കൂട്ടങ്ങളില്‍
നിന്നെന്നെ നോക്കി കണ്ണുചിമ്മുന്ന
ഒരു പൊന്‍താരകമായി
നീ വിളി കേള്‍ക്കാത്തത്ര ദൂരത്താണെങ്കിലും
എന്‍ കരളിന്‍ നോവു നീയറിയുന്നില്ലെങ്കിലും
നിന്നെ കുറിച്ചുള്ള മധുരസ്മൃതികളില്‍
ഇന്നുമെന്നും ധന്യത കൊള്ളുന്നു ഞാന്‍