വരണ്ടുണങ്ങിയയവനിയിൽ
കുളിരായ് മഴ പെയ്തിറങ്ങിയിട്ടുണ്ട്
ആ കുളിരിൽ ഭൂമി പിന്നെയും തളിർത്തിട്ടുണ്ട്
ഏതു കൂരിരുട്ടിനേയും തുടച്ചു നീക്കി
പുലരിയുടെ പൊൻകിരണങ്ങൾ വർഷിക്കാറുണ്ട്
ആ ഉഷസ്സിന്നൊളിയിൽ പേടിപ്പെടുത്തിയ അന്ധകാരത്തെ
നാം മറന്നിട്ടുണ്ട്
ദുഃഖസാഗരത്തിലാടിയുലയുമ്പോഴും
ദൂരെയെവിടെയോ ആഹ്ലാദത്തിൻ
കൊച്ചുതീരമുണ്ടായിരിക്കുമെന്നു
നാം വിശ്വസിക്കാറില്ലേ
ലോകമാകെ സ്തംഭിച്ചിരിക്കുന്നൊരീവേളയിൽ
മനസ്സാകെ മരവിച്ചൊരീയവസ്ഥയിൽ
നമ്മുക്കൊന്നു കൂടി വിശ്വസിക്കാം
വൈകാതെ വന്നെത്തുമായിരിക്കും
ചിരിക്കുന്ന പൊൻപുലരികൾ
വീണ്ടും വിരിയുമായിരിക്കും
പ്രത്യാശയുടെ പുതുനാമ്പുകൾ
മരണകാഹളം മുഴങ്ങാത്ത വീഥിയിലൂടെയന്നു
നമ്മുക്ക് നടന്നുല്ലസിക്കാം
ആ നല്ല നാളേക്കായിയീ
വിശ്വൈകനീഡത്തിൽ
ക്ഷമയോടെ കാത്തിരിക്കാം നമ്മുക്കിനി