ഓർമ്മയിൽ ചെറുചിരി…

പ്രശസ്തിയുടെ പടവുകളിൽ തിളങ്ങി നിൽക്കെ അകാലത്തിൽ നമ്മെ വിട്ടുപോയ പ്രശസ്ത പത്രപ്രവർത്തകൻ കെ.എം.ബഷീറിനെ പറ്റിയുള്ള അനുസ്മരണ ഗ്രന്ഥമാണ് ‘’ആ ചെറുചിരിയിൽ’’ ബഷീറിനെ നേരിട്ടറിയാവുന്നവർക്കും കേട്ടറിയുന്നവർക്കും മനസ്സിലൊരു വിങ്ങലോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല.അത്രയ്ക്ക് ഹൃദയസ്പർശിയായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ കാന്തപുരം ഉസ്താദും ഖലീൽ തങ്ങളും ഉൾപ്പെടെ നേതാക്കളും സുഹൃത്തുക്കളും വരച്ചിട്ടിരിക്കുന്നത്.
‘’അവൻ എനിക്ക് മകനെപ്പോലെ’’ എന്ന കാന്തപുരം ഉസ്താദിന്റെ ലേഖനമാണാദ്യം.സുന്നി മുസ്ലിംകളുടെ ആത്മീയ നേതാവായിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായിരുന്ന ബഷീർ മർക്കസ് ബോർഡിംഗ് സ്ക്കൂളിലെ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ ഉസ്താദിന് പരിചയമുള്ള ആളായിരിന്നു. അന്നേ സൗമ്യനും ശാന്തനും പ്രതിഭാത്വമുള്ള നല്ല പ്രസന്നവാനായ കുട്ടിയായിരുന്നു ബഷീർ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി ശരി തന്നെയാണ്. കാരണം പിന്നിട് എപ്പോഴും ബഷീറെന്ന കെ.എം.ബിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയതുംപ്രസന്നതയായിരുന്നല്ലോ?.
മരിച്ചു കിടക്കുമ്പോഴും ആ ചെറു ചിരി ബഷീർ മുഖത്ത് സൂക്ഷിച്ചു എന്നാണ് സുഹൃത്തുക്കൾ അനുസ്മരിക്കുന്നത്. പലരും ചൂണ്ടിക്കാട്ടിയതു പോലെ സവിശേഷമായ നിയസഭാ റിപ്പോർട്ടിംഗിന്റെ കാര്യം ഉസ്താദും അനുസ്മരിക്കുന്നു.2003-ൽ തിരൂരിലെ പ്രദേശികലേഖകനായി തുടങ്ങിയ ‘’സിറാജു’’മായുള്ള ബന്ധം 2019 ആഗസ്റ്റ് 3 ന് മരിക്കുന്നത് വരെ തുടർന്നു.’’സിറാജി’’ന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു അവസാന ദിവസം വരെ.
‘’നിത്യ യുവത്വ’’വുമായി ഓടി നടന്ന ബഷീറിനെയാണ് ഖലീൽ തങ്ങൾ അനുസ്മരിക്കുന്നത്.’’സത്യത്തിന്റെ പക്ഷത്ത് നിന്ന് മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വെച്ചയാളായിരുന്നു ബഷീർ എന്നതിൽ ആർക്കും അഭിപ്രായ വ്യതാസമുണ്ടായിരുന്നില്ല.’’
13 വർഷങ്ങൾക്കപ്പുറം തിരുവനന്തപുരത്തേക്ക് കടന്ന് വന്ന വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരനെ ജൻമഭൂമിയുടെ ലേഖകൻ പ്രദീപ് ഓർക്കുന്നു.ബഷീറിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിൽ ഒരാളെന്ന നിലയിൽ ഹൃദയത്തിൽ തൊട്ട അനുഭവങ്ങളാണ് പ്രദീപ് വരച്ചിടുന്നത്.പരിചയപ്പെടുന്ന ആർക്കും തന്നോടാണ് ഏറ്റവും അടുപ്പം എന്ന് തോന്നും വിധമായിരുന്നു ബഷീറിന്റെ സമീപനമെന്ന് പ്രദീപ് ചൂണ്ടിക്കാട്ടുന്നു.അതു കൊണ്ട് തന്നെ 15 വയസ്സിന്റെ വ്യത്യാസമുണ്ടായിട്ടും ബഷീർ പ്രിയ സുഹൃത്തായി മാറിയത്.അടുക്കുന്നവരെയെല്ലാം സ്നേഹത്തിന്റെ മാന്ത്രിക വലയത്തിലാക്കാൻ അവന് പ്രത്യേക കഴിവുണ്ടായിരുന്നു.തന്റെ രോഗാവസ്ഥയിൽ, മകൾക്ക് ഓപ്പറേഷൻ വേണ്ടി വന്നപ്പോൾ… എല്ലാം ഒരാശ്വാസമായി കൂടെയുണ്ടായിരുന്ന ബഷീറിനെ ഹൃദയസ്പർശിയായി പ്രദീപ് ഓർത്തെടുക്കുന്നു.വീട്ടിലെത്തിയപ്പോൾ അരിപ്പത്തിരിയും ബിരിയാണിയും തന്ന് സൽക്കരിച്ച കൂട്ടുകാരന്റെ മിഴിവുറ്റ ചിത്രം ഒരു നൊമ്പരമായി നമ്മെ പിന്തുടരുന്നു.
ബഷീർ വാണിയന്നൂർ എന്ന സിറാജ് തിരൂർ പ്രാദേശിക ലേഖകനിൽ നിന്നും തിരുവനന്തപുരം ബ്യൂറോ ചീഫായ കെ.എം.ബഷീറായ കഥയാണ് .പി.ടി.നാസർ ഓർത്തെടുക്കുന്നത്.കാണുമ്പോഴെല്ലാം സിറാജിനെക്കുറിച്ച് സംസാരിക്കുന്ന ബഷീർ അത്രമേൽ സിറാജിനെ സ്നേഹിച്ചിരുന്നു.വെറുമൊരു പ്രാദേശിക ലേഖകനായി കാലം കഴിക്കേണ്ട ആളല്ല മുന്നിലിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ ബോദ്ധ്യമായതായി നാസർ വ്യക്തമാക്കുന്നു.വാർത്തകൾക്ക് തലവാചകം വരെ നൽകി അടുക്കും ചിട്ടയോടെ ലേ ഔട്ട് ചെയ്ത് പ്രത്യേകം ഹൈലറ്റ് ചെയ്യേണ്ട കാര്യങ്ങൾ സൂചിപ്പിച്ച് വാർത്തകൾ തയ്യാറാക്കുന്ന അനുഭവങ്ങൾ വിവരിക്കുകയാണ് സിറാജ് എടിറ്റർ ഇൻ ചാർജ്ജായ റ്റി.കെ.അബ്ദുൽ ഗഫൂർ.
ഇണങ്ങിയും പിണങ്ങിയുമുള്ള കാലങ്ങൾ പി.എസ്.റംഷാദ് അനുസ്മരിക്കുന്നു.അദ്ദേഹത്തിന്റെ ശിഷ്യനായി ബഷീർ സിറാജിലേക്ക് എത്തിയതും നിർഭാഗ്യകരമായ പിണക്കവും പിന്നെയുണ്ടായ ഇണക്കവുമെല്ലാം ഹൃദയസ്പർശിയായി റംഷാദ് വിവരിക്കുമ്പോൾ അനുവാചകന്റെ മനസ്സും ആർദ്രമാകും.ബഷീർ തിരുവനന്തപുരത്തേക്ക് വരാൻ കാരണക്കാരൻ താനായിരുന്നുവെങ്കിലും പിന്നീട് തലസ്ഥാനത്തെ മാദ്ധ്യമ സുഹൃത്തുക്കളുടെ പ്രിയപ്പെട്ട കെ.എം.ബിയായി മാറിയത് അദ്ദേഹത്തിന്റെ സവിശേഷമായ കഴിവു കൊണ്ട് തന്നെയാണെന്ന് റംഷാദ് വ്യക്തമാക്കുന്നു.
‘’സ്ഥിരോൽസാഹിയായ സ്നേഹിതൻ ‘’എന്ന സൈഫുദ്ദീൻ ഹാജിയുടെതടക്കം പിന്നെയും ശ്രദ്ധേയമായ നിരവധി ഓർമ്മക്കുറിപ്പുകൾ ഇനിയുമുണ്ട്.കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ കണ്ണുനനയിച്ച സീനിയർ റിപ്പോർട്ടർ അരവിന്ദ് ശശിയുടെ ലേഖനമാണ് അവസാനം ചേർത്തിരിക്കുന്നത്.’’ജീവിതത്തിൽ ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസം,ആവർത്തിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുന്ന ആ ദു:ഖദിനത്തെക്കുറിച്ചാണ് ‘’ഡയറിയിലെ മറക്കാനാവാത്ത പേജ്’’ എന്ന കുറിപ്പിൽ അദ്ദേഹം നൊമ്പരം വിതുമ്പുന്ന ഭാഷയിൽ വിവരിക്കുന്നത്.’’ഇന്നലെ വരെ ആശ്വാസമായിരുന്ന ഒരു ചിരി ഇന്ന് വേട്ടയാടുകയാണ്,രാവേറെയായിട്ടും കണ്ണുകൾ അടയ്ക്കാൻ കഴിയുന്നില്ല.അടച്ചാൽ ആ നിറഞ്ഞ ചിരി..പ്രിയപെട്ട കെ.എം.ബി.യുടെ ചിരി..എന്നും രാത്രി ചർച്ചകൾ കഴിഞ്ഞ് പ്രസ്ക്ളബ്ബിന്റെ പടിയിറങ്ങുമ്പോൾ ചിരിച്ചു കൊണ്ട് കൈ വീശി യാത്ര പറയുന്ന കെ.എം.ബി.അവസാനമായി ആ പടിയിറങ്ങുമ്പോൾ ഒന്നും പറഞ്ഞില്ല.എങ്കിലും മുഖത്ത് ആ ചിരി മങ്ങാതെ നിന്നു…’’
തിരുവനന്തപുരം മെലിൻഡ ബുക്സാണ് പ്രസാധകർ.അതിന്റെ സാരഥിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാട് ബഷീറിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായിരുന്നു.അതിഗുരുതരമായ ഒരു രോഗാവസ്ഥയിലൂടെ താൻ കടന്നു പോയപ്പോൾ ഒരനുജനെപ്പോലെ കൂടെ നിന്ന ബഷീറിന്റെ സ്നേഹം അദ്ദേഹം ഓർത്തെടുക്കുന്നു.’’ഉച്ചമരപ്പച്ച’’ എന്ന രോഗകാലത്തെ അനുഭവക്കുറിപ്പുകളിലും അദ്ദേഹം ബഷീറിന്റെ കാര്യം പറയുന്നുണ്ട്.സ്നേഹച്ചരടിനാൽ തന്നെ മാത്രമല്ല തന്റെ കുടുംബത്തെയാകെ ബന്ധിച്ചിരുന്ന ബഷീറിന് അക്ഷരങ്ങൾ കൊണ്ട് സ്മാരകം തീർക്കാനേ തനിക്ക് കഴിയൂ എന്ന് ഷാനവാസ് പറഞ്ഞത് അക്ഷരാർഥത്തിൽ തന്നെ ശരിയായിരിക്കുന്നു.അത്രയ്ക്കും കെ.എം.ബിയ്ക്ക് പ്രിയപ്പെട്ട ഒരു സ്മാരകം തന്നെയാണ് ഈ പുസ്തകം.
ഷാനവാസിന്റെ ഹൃദയസ്പർശിയായ വാക്കുകൾ പകർത്തിക്കൊണ്ട് ഈ കുറിപ്പ് നിർത്താം.’’അപാരമായ ഊർജ്ജ സ്രോതസ്സിനുടമയായിരുന്നു ബഷീർ.ഭൂമിയിലേക്ക് വന്ന ഗന്ധർവ്വനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഏതു പ്രതിസന്ധിയിലും മാഞ്ഞു പോകാത്ത പുഞ്ചിരിപ്പൂ നിലാവിനുടമ.തിരിച്ചു വരാനാവാത്ത ഗന്ധർവ്വ ലോകത്തേക്ക് മടങ്ങിപ്പോയ ഞങ്ങളുടെ ബഷീർ എല്ലാം കാണുന്നുണ്ടാവും,ഞങ്ങളുടെ മനസ്സിൽ പതിഞ്ഞു പോയ ആ ചെറുചിരി മായാതിരിക്കട്ടെ,മരിക്കുവോളം..’’
അതെ.കെ.എം.ബിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു അനശ്വരസ്മാരകം തന്നെയാണ് ഈ പുസ്തകം.
…………………………………………………………………………………………………………………………………………………………………………………………………………………………………………………………..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎട്ടാമത് ദേശീയ ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം
Next articleവെളിച്ചപ്പാട്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here