നമ്പ്യാരുടെ ഗണത്തിൽ
കൂട്ടേണ്ട വേണുനമ്പ്യാരെ
നമ്പ്യാർ ഉയർന്ന കുലജാതനെങ്കിൽ
വേണു കേവലമൊരധ:കൃതൻ
അനിഴം ജന്മനക്ഷത്രം
ഇരുപേർക്കുമെന്നിരിക്കിലും
മോദി സാറൊരു ഐരാവതം
വേണുവൊ കുഴിയാനയും
വേണുനാദം കേൾക്കാതെ
വേണുവെന്നാരൊ പേരിട്ടു
സ്വയം വേണുവായാൽപ്പിന്നെ
മൂളാൻ മറ്റൊന്ന് വേണമൊ
തന്ന രണ്ടിൽ നിന്നൊരെണ്ണം
തിരിച്ചെടുത്തതും ദൈവം
ദയാവായ്പോടെ ചൊല്ലി:
മുക്കണ്ണ് തരാമെടൊ!
നാട്ടിലും പുറനാട്ടിലുമായി
കെട്ടി പല വേഷങ്ങൾ
കറങ്ങി പല വർഷങ്ങൾ
വേഷപ്പകർച്ചയ്ക്കിടയിലും
തെല്ലു,മാത്മത്തെയോർക്കാതെ
മതി മറന്നു വിഹരിച്ചേനിവൻ
ആഗോളതാപനം പ്രളയം
കൊറോണ വാനരവസൂരി
ഇത്യാദികൾ കൊണ്ടൊക്കെ
വാഴ് വ് കണ്ടകശ്ശനിയായല്ലൊ
ഊഷരമാം ജീവിതപ്പാതയിൽ
ഇടഞ്ഞ ഗജത്തെക്കണ്ട്
നെട്ടോടമോടി വീണ കവിക്ക്
മുന്നിലതാ നില്പൂ കഥ
കഴിപ്പാൻ കേസരിയങ്ങുന്ന്!
കവിഗോഷ്ഠികൾക്കൊന്നും
മിത്രങ്ങൾ വിളിക്കാതെയായി
വിളിക്കാതെയെത്തീ രോഗങ്ങൾ
മൃത്യുവിൻ സന്ദേശവാഹകർ
ശത്രു പോലുമിക്കാലം
കണ്ട ഭാവം നടിപ്പീല
കാലനാണെങ്കിൽ രാക്കിനാവിൽ
കാട്ടി ചിരിക്കുന്നു ദംഷ്ടകൾ…
വിടാതെ സദാ കുത്തി-
ക്കുറിക്കണം വരുംജന്മ-
മെങ്കിലുമൊരു മൈനർ, കവിയായിക്കാണുവാൻ
പരാപരന്റെ പുരത്തേക്കുള്ള
ഗോൾഡൻ ഗ്രീൻ വിസക്കായി
കാത്തിരിക്കാമിനി, യല്ലാതെ
വേറെന്തു വേണു പറയുവാൻ!
ഇടവേളയിൽ തരിമ്പും
ചുമ്മാതിരിക്കില്ല വേണുമോൻ
മരിക്കുംമുന്നെ മരിക്കാതെ
മരിക്കുവാനുള്ളതാം
കലയഭ്യസിക്കട്ടെ വേണുമോൻ.