ചെരുപ്പുകൾ

 

 

ചെരുപ്പുകൾക്ക്
രണ്ടുതരം സ്വഭാവങ്ങളുണ്ട്
ധരിക്കുമ്പോൾ ഒന്ന്
ഊരിയിടുമ്പോൾ വേറൊന്ന്.

എല്ലായ്പ്പോഴും
കാലിൽ ഇണങ്ങുമ്പോഴും
ഈ രണ്ട് സ്വഭാവങ്ങളും
അവയോടൊപ്പമുണ്ട്.

ധരിക്കുമ്പോഴൊക്കെ
പാരമ്പര്യത്തിൻ്റെ
ശോഭയെപ്പറ്റി
അവ പറഞ്ഞുകൊണ്ടിരിക്കും.
മുറുകുന്നതിലെ
ലക്ഷ്യബോധത്തെക്കുറിച്ചും
അവ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.
മണ്ണിനും മനുഷ്യനും ഇടയിലുള്ള
വലിയ കരുതലുകൾ
വ്യവസ്ഥാപിതമായി
പാലിച്ചു വരുന്നതിനെക്കുറിച്ച്
അവയ്ക്ക് എപ്പോഴും
ബോദ്ധ്യമുണ്ട്.
ഒരോ ചുവടിലും
ഒരു മനുഷ്യനെ നിർമ്മിക്കുന്നുയെന്ന്
അവ അഭിമാനിക്കുന്നുണ്ട്.
മനുഷ്യൻ്റെ പൊക്കമോ
ഭാരമോ അല്ല
അവരുടെ കാലുകളുടെ
ആകൃതിയിലാണ്
അവരെപ്പോഴും മുന്നോട്ട് നീങ്ങുന്നത് എന്ന്
ചെരിപ്പുകൾ വിശ്വസിക്കുന്നു.
അതുകൊണ്ട് തന്നെ അവ
കാലുകളുടെ ആകൃതിയോട്
വിശ്വസ്തത പുലർത്തുന്നു.

അഴിച്ചിട്ട ചെരുപ്പുകൾ
കിടക്കും കിടപ്പിൽ
എല്ലാറ്റിനെയും അഴിച്ചിടാൻ
ശ്രമിക്കുന്നു.
കാലുകളെ ശ്രദ്ധിക്കുന്നില്ല
എന്നത്
അവയുടെ പൊതുബോധമാണ്.
അലസതയ്ക്ക്
ശിൽപ്പങ്ങൾ നിർമ്മിക്കാൻ
അവ താത്പ്പര്യപ്പെടുന്നു.
യുദ്ധത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും
യുദ്ധത്തെക്കുറിച്ചുള്ള
ഗഹനമായ ആലോചനകളിൽ
പങ്കെടുക്കുന്നുണ്ട്.
സമരം നയിക്കുന്നില്ലെങ്കിലും
അതിലേയ്ക്കുള്ള നീക്കങ്ങളെക്കുറിച്ചുള്ള
ചർച്ചകളിൽ
അകത്ത് കേറിയിരിക്കാറുണ്ട്.
നൃത്തവേദിയിൽ
ചമയമിടുന്നില്ലെങ്കിലും
ഓരോ ചുവടുകളെയും
ആസൂത്രണം ചെയ്യുന്നുണ്ട്.
എല്ലാ ഗൂഢാലോചനയുടേയും
പുറത്തവ
വെറുതെ കിടക്കുകമാത്രം ചെയ്യുന്നു.
അലസതയുടെ സൗന്ദര്യത്തിൽനിന്ന്
അവ നിർമ്മിക്കും ഭൂമിയിലാണ്
നമ്മൾ
ഭൂരിഭാഗവും ചെലവഴിക്കുന്നത്.

ചെരുപ്പില്ലാതെ നടക്കുന്നവരെ
സൂക്ഷിക്കണം
അവർ ഭൂമിയിലേക്ക്
ചേർന്നുനിന്നുകൊണ്ട്,
എന്തൊക്കെ ചെയ്യുമെന്ന്
പറയാനാകില്ല.
വളർച്ചയുടെ ഒരു ഘട്ടത്തിലും
ഒരു നീക്കുപോക്കിനും
സന്നദ്ധരല്ല അവർ.
ഭൂമിയിൽനിന്ന്
മുളച്ചുപൊന്തിയതുപോലെ
അവർ
സൗന്ദര്യംകൊണ്ട്
മറ്റുള്ളവരെ ആക്രമിക്കുന്നു.

വള്ളിപൊട്ടുന്നതുവരെയുള്ള
ചെരിപ്പുകളെക്കുറിച്ചാണ്
എനിക്ക്
പറയാനുള്ളത്.
അതിനും അപ്പുറം
ഞാൻ നോക്കുന്നതേയില്ല;
എല്ലാവരെയുംപോലെ തന്നെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English