ഉറങ്ങണോ ഇറങ്ങണോ
ഉറങ്ങിയാലൊരു നടപ്പു നഷ്ടം
ഇറങ്ങിയാലോ നടക്കണം
നഷ്ടം കിനാവിനും
ഇറങ്ങിയാൽ നടക്കണം
ഇടുങ്ങിയ വഴിയിലൂടെ.
ചക്രങ്ങൾ മരണവേഗത്തിൽ പായുന്ന
പാതവക്കോളം
വീതി കുറഞ്ഞതാം വഴിയുടെയോരങ്ങൾ ഹരിതമാകുന്ന
തേയില വിരിപ്പിൻെറ കയറ്റിറക്കങ്ങൾ.
ഉറക്കം കളഞ്ഞു ഇറങ്ങിയാലും
തിരികെ വിളിക്കില്ല ആരും .
ഉറങ്ങിയാൽ നടപ്പ് നഷ്ടം
ഉറക്കത്തിന്നാഴം ഏറെയാകാം.
ഇറങ്ങിയാൽ നടക്കണം,
കിനാവ് നഷ്ടം
വഴിയടയാളമായ്
അകലെക്കാണുന്ന പച്ചപരവതാനിതൻ പരപ്പ്
ഏറെ വിദൂരമായ് തോന്നാം
ഉറങ്ങിയാൽ ഉണരുവോളം
കിടന്നൊരിടം മറക്കും.
നടന്നാൽ വലിയൊരു പാതയിലെത്തും വരേയ്ക്കും
ഇടുങ്ങിയ വഴിയും പച്ചയുമോർക്കും