നക്ഷത്രങ്ങൾ വരച്ച
ചിത്രങ്ങളെ നോക്കി
ഞാനവിടെ കിടന്നു.
എന്റെ കൺപോളകളുടെ
പിന്നിൽ ഒളിച്ചിരിക്കുന്ന
ഉറക്കം എന്നെ മാടി വിളിച്ചു.
ഇറുകിയടച്ച കണ്ണിമക്കുള്ളിൽ
ഞാൻ ഇരുട്ടിനെ പ്രതിഷ്ഠിച്ചു.
പകൽ സമയം മുഴുവൻ
എന്നെ ചുമന്ന കാലുകൾ
സ്വസ്ഥത കണ്ടെത്തി.
എന്റെ വണ്ണം ചുമന്ന കട്ടിൽ
കര കരേ മുരളയിട്ടു.
എന്റെ ഭാരം എങ്ങോട്ടോ പറന്നു.
എന്റെ ശ്വാസത്തിന്
ശാന്തതയുടെ സംഗീതം കൈവന്നു.
തൂവലുകളില്ലാത്ത കൈകൾ വിടർത്തി
സുഖ സുഷുപ്തിയിലേക്ക് ഞാൻ
പറന്ന് പറന്ന് പോയി.