ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു

സാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ ഡോ. സ്‌കറിയ സക്കറിയ (75) അന്തരിച്ചു.  ചങ്ങനാശ്ശേരി എസ് ബി കോളജിൽ അധ്യാപകനായും തുടര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിൽ ദീര്‍ഘകാലം മലയാളം വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാര പഠനം (കള്‍ച്ചറല്‍ സ്റ്റഡീസ്) എന്ന വിജ്ഞാന ശാഖയ്ക്ക് അദ്ദേഹമാണ് തുടക്കമിട്ടത്. വിവിധ വിദേശ രാജ്യങ്ങളിലെ ഭാഷാ ശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മലയാള ഭാഷാ പരിണാമവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ജര്‍മനിയിലെ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാശേഖരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചു.  1986-ല്‍ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ ഗുണ്ടര്‍ട്ട് ഗ്രന്ഥശേഖരം വേര്‍തിരിച്ചറിഞ്ഞു. 1990-91-ല്‍ അലക്‌സാണ്ടര്‍ ഫൊണ്‍ ഹുംബോള്‍ട്ട് (AvH) ഫെലോ എന്ന നിലയില്‍ ജര്‍മ്മനിയിലെയും സ്വിറ്റ്‌സര്‍ലണ്ടിലെയും ലൈബ്രറികളിലും രേഖാലയങ്ങളിലും നടത്തിയ ഗവേഷണ പഠനത്തിന്റെ വെളിച്ചത്തില്‍, ഡോ ആല്‍ബ്രഷ്ട് ഫ്രന്‍സുമായി സഹകരിച്ച് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഗ്രന്ഥപരമ്പര (HGS)യില്‍ ആറുവാല്യമായി എട്ടു പുസ്തകം പ്രസിദ്ധീകരിച്ചു.

1993-ല്‍ ജര്‍മ്മന്‍ അക്കാദമിക് വിനിമയ പരിപാടിയുടെ (DAAD) ഭാഗമായി ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍ നടത്തിയ ഹ്രസ്വ ഗവേഷണത്തിനിടയില്‍ കൈയെഴുത്തു ഗ്രന്ഥപരമ്പര (TULMMS)ആസൂത്രണം ചെയ്തു. 1995-ല്‍ ഹുംബോള്‍ട്ട് ഫൗണ്ടേഷന്റെ സഹായത്തോടെ ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ കൈയെഴുത്തുകള്‍ വീണ്ടും പരിശോധിച്ച് TULMMSന്റെ രണ്ടു വാല്യങ്ങള്‍ക്ക് (4,5) അന്തിമരൂപം നല്‍കി.

മലയാളം-ഇംഗ്ലീഷ് നിഘണ്ടു(വാല്യം 1), മലയാള ഭാഷാവ്യാകരണം (വാല്യം 2), ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ജീവചരിത്രം (വാല്യം 3), ചരിത്രകൃതികള്‍, സാഹിത്യരചനകള്‍, പഴഞ്ചൊല്ലുകള്‍(വാല്യം 4), ക്രൈസ്തവ രചനകള്‍ (വാല്യം 5), മലയാളം ബൈബിള്‍ (വാല്യം 6) എന്നിവയാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഗ്രന്ഥപരമ്പരയിലെ ആറ് വാല്യങ്ങള്‍. ഗുണ്ടര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഭാഷാസ്‌നേഹികള്‍ക്കുമൊക്കെ ഗുണ്ടര്‍ട്ട് എന്ന ഭാഷാപണ്ഡിതനെ പരിചയപ്പെടുത്തി തന്നതില്‍ സ്‌കറിയ സക്കറിയ വഹിച്ച പങ്ക് ചെറുതല്ല.

പാഠനിരൂപണം, സാഹിത്യപഠനം, താരതമ്യപഠനം, സാമൂഹിക സാംസ്‌കാരിക ചരിത്രം, ജീവചരിത്രം എഡിറ്റിംഗ്, തര്‍ജമ വ്യാകരണം, നവീന ഭാഷാശാസ്ത്രം, ഫോക്ലോര്‍ എന്നീ ഇനങ്ങളിലായി നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും മലയാളം, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983ല്‍ ജോസഫ് പുലിക്കുന്നേല്‍ പ്രസിദ്ധീകരിച്ച ഓശാന മലയാളം ബൈബിള്‍ തര്‍ജമയുടെ ഭാഷാ പരിശോധനയില്‍ നിര്‍ണായക പങ്ക് വഹിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here