അകലെ ആകാശം കറുത്തിരുണ്ടു നില്പു,
അത് നീലയെന്നു ഞാനോ ധരിച്ചു,
നിലാവും, നീലയെന്നാരോ പറഞ്ഞു.
മഞ്ചാടി മുത്തുകൾ ചിതറി വീണു,
മണ്ണിൻ മടിയിലായി മയങ്ങിക്കിടന്നു,
ഭൂമിതൻ ചോരത്തുള്ളിയെന്നു നിനച്ചു.
പീലിയിൽ കണ്ണീർത്തുള്ളി തിളങ്ങി നിന്നു,
പിന്നെയതൊഴുകി കവിളിൽ വന്നു,
കരുതിയതോ, മഴത്തുള്ളിയെന്നു.
ചിന്താഭാരം നെഞ്ചിൽ തടഞ്ഞു,
ചിതയിൽ നീറുന്ന വേദനയറിഞ്ഞു,
മിഴികളിൽ നിദ്രയുമെത്തില്ലെന്നു വിധിച്ചു.
വിദൂരതയിൽ നിന്നു വെറുതെ മോഹിച്ചു,
വിധിയെ ഓർത്തു വെറുതെ ശപിച്ചു,
ഉള്ളിൽ അല തല്ലുന്ന ഭാവമായി നിനച്ചു.
പരാധിയിൽ പരാതിയുമായി നിന്നു,
പതിയെ ദർപ്പം ദർഭപോൽ കൊണ്ടു,
സിതം അസിതമായെന്നും കണ്ടു.
നാവു പിഴയോ പതിവാകുന്നു,
നാകുപോലെ വീണുടയുന്നു,
ദുശ്ശകമായവ ദുസ്സഹമാകുന്നു.
മനസ്സിലെ നിഘണ്ടുവും പിഴച്ചു,
മാറിയ വാക്കുകൾ കേട്ടു കരഞ്ഞു,
കണ്ണും നാവും ഒരുപോലെ പഴിച്ചു.
അക്ഷരങ്ങൾ അടുക്കില്ലാതെ പോകുന്നു,
അറിയാത്ത വാക്കുകൾ വരിയിൽ മറഞ്ഞു,
ഞാനോ എഴുതുവാനുള്ളതും മറന്നു.
തൂലികയെടുത്തു പക്ഷേ, കടലാസ്സു നനഞ്ഞു,
തുറക്കാത്ത മിഴികളിൽ പലതും തെളിഞ്ഞു,
എഴുത്തോലയിൽ നാരായം പോൽ പതിഞ്ഞു.
കണ്ണുനീരിൽ കുതിർന്ന കടലാസിൽ,
കണ്ടത് വെറും ഉത്തരമില്ലാ ചോദ്യങ്ങൾ,
അതിലൊത്തിരി നിറമുള്ള ഓർമ്മകൾ.