ഭാനു ചേച്ചിയും പിള്ള കൊതുകുകളും

 

 

 

വേനൽ മഷി

പുരണ്ട

നട്ടുച്ച

വെയിലത്ത്

കയറി വരുന്നമ്മയുടെ,

കൊറ്റിമൂക്കിലാണ്

ആദ്യം കണ്ടത്

കടുകു വലുപ്പത്തിൽ

അമ്മയുടെ മൂക്ക്

ചോപ്പിച്ച് ‘

ഒരു തടിച്ചി

പെൺ കൊതുക്

പണ്ട്

നാട്ടിൽ

അമ്മയുടെ

കൂട്ടുകാരി

ഭാനു ചേച്ചിയുടെ

ശവം പൊന്തിയ

ആറ്റിൽ കരയിലേക്ക്

പോകുന്ന വഴി,

വരമ്പത്തെ

മൺ ചേറിൻ്റെ

വെള്ളത്തിൽ

പിന്നേയും

കണ്ടു.

മുട്ടയിടുന്ന

അമ്മക്കൊതുതുകുകൾ….

ചേറ്റുവെള്ളത്തിന്

പിള്ള ചൂരടിക്കുന്നു.

ഭാനു ചേച്ചിയുടെ വീട്

അടഞ്ഞുകിടക്കുകയാണ്

എനിക്കൽപ്പം

സങ്കടം

തോന്നി.

ചേച്ചിയുണ്ടാക്കുന്ന

കുന്തളത്തപ്പത്തിൻ്റെ

മണമോ,

അടുക്കളഭാഗത്തെ

ഓസിൽനിന്ന്

വഴിയിലൂടെ പോകുമ്പോൾ

കേട്ടിരുന്ന

ചേച്ചിയുടെ

പിൻവിളികളൊ

ഇനിയൊരിക്കലും

കേൾക്കില്ല.

മരണത്തലേന്ന്

ചേച്ചിയുടെ

വീട്ടിൽ

ദാസേട്ടൻവന്ന്

പാടിയിരുന്നെങ്കിൽ

ഭാനുചേച്ചി മരിക്കിലായിരുന്നെന്ന്

റേഡിയോയിൽ എപ്പോഴും

പാട്ട് കേൾക്കുന്ന

ഭാനു ചേച്ചിയെ

ഓർത്തപ്പോൾ

എനിക്ക്

തോന്നി.

പേടിപ്പിച്ചുകൊണ്ട്

എനിക്കു മുമ്പിലൂടെ

രണ്ട് വെള്ളക്കുത്തുള്ള

കൊതുകുകൾ

പാറി

കൊതുകും

ഭാനു ചേച്ചിയും

ചീത്തയാണെന്ന്

സോഡാ കുപ്പി കണ്ണട

വെക്കുന്ന ടീച്ചർ പറഞ്ഞു.

കൊതുകുകൾ

കാരണമായിരുന്നു.

എന്നെ കാണുമ്പോൾ

പ്രേമത്തോടെ

കണ്ണിറുക്കി കാണിച്ചിരുന്ന

ബാബുവിനെ

രണ്ടുമാസം

ആശുപത്രിയിൽ

കേറ്റിയത്.

പ്രസവം കഴിഞ്ഞ

ചിറ്റമ്മയുടെ

കുഞ്ഞിന്

മഞ്ഞപിത്തം

കൊടുത്തത്.

ഭാനു ചേച്ചിയല്ല,

കൊതുകാണ്

ശത്രുക്കളെന്ന്

 

ഒരായിരം വട്ടം

ഞാൻ

മനസ്സിൽ

വിളിച്ചുപറഞ്ഞു,

കൊതുകുകൾ

പാറുന്ന

പാടത്തെ

ശപിച്ചുകൊണ്ട്

തിണ്ണമേൽ

വന്നിരിക്കുകയാണ്

ഞാൻ.

മൂക്കിൽ

ചേച്ചിയുടെ

അഴിഞ്ഞ മുടിയുടെ

ഗന്ധം

കണ്ണിൽ

കാതിലാടുന്ന

കൂന്താണി തക്ക

കിടപ്പറയിൽ,

കള്ള കൃഷ്ണന്മാർ

പെരുകിയപ്പോൾ

വീട്ടിൽവെച്ച്

ഉള്ളിൽ പയറു

മണി കളിട്ട

ഒരു കൃഷ്ണൻ്റെ

ശില്പം

ചേച്ചിയാണ്

എനിക്ക്

തന്നത്

ചേച്ചിയാണ്…

മയിൽ പീലിക്കാട്ടിൽ

ഉടലും മനസ്സും

നഷ്ടപ്പെട്ട

കൊട്ടാരത്തിലെ

നർത്തകിമാരുടെ

കഥ പറഞ്ഞുതന്നത്.

ഭാനു ചേച്ചി

ചത്തതെങ്ങനെയെന്ന്,

സന്ധ്യകളുരുകുന്ന

സമയം

ഞാനമ്മയോട്

ചോദിച്ചു.

എൻ്റെ കാതിലോല

കമ്മൽ

ചെമന്ന

ആകാശം

നോക്കി

തിളങ്ങി.

അമ്മയുടെ

അമ്മിഞ്ഞ കൂമ്പിലൊരു

കൊതുക്

പറന്നു വന്നിരിക്കുന്നു.

“അമ്മേ കൊതുകെന്ന്

പറയും മുമ്പേ ”

അമ്മ

വായ് പൊത്തി

പിടിക്കുന്നു

അമ്മിഞ്ഞ മേലിരിക്കുന്ന

കൊതുക്

പാറി പോകുന്നു

ഗർഭചൂരടിക്കുന്ന

പാടത്തുനിന്ന്

ആയിരമായിരം

പിള്ള കൊതുകുകളുടെ

മൂളക്കം

“കൊതുക് സ്നേഹം കിട്ടാതെ
വരുമ്പോഴാണ് മനുഷ്യൻ്റെ ലോകത്തിലേക്ക് വരുന്നത്
ഭാനു ചേച്ചി ചത്ത പോലെ ”

അമ്മ എൻ്റെ

നനുത്ത

ചെവിക്കുടയെ

വിറപ്പിച്ചാണ്

പറഞ്ഞത്.

പിറ്റേന്ന്

ഞാനൊരു സ്വപ്നം

കണ്ടു നടുങ്ങിപോയി…

നാട്ടിലെ പെണ്ണുങ്ങൾ

ഓരോരുത്തരും

കാട്ടിലെ മരങ്ങളിൽ
തൂങ്ങി മരിക്കുന്നു.

ചത്ത പെണ്ണുങ്ങൾ
പിള്ളക്കൊതുകുകളായി
നാട്ടിലെ കെട്ടു വെള്ളത്തിൽ പിറക്കുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here