പെങ്ങള്‍

This post is part of the series pandala

 

 

 

 

 

“നിന്റെ തലകണ്ടതിനു ശേഷമാ അപ്പയ്ക്കും അമ്മയ്ക്കും എന്നോടിഷ്ട്ടമില്ലാതായത്… എടി ഞാൻ ഈ വീട്ടിൽ രാജാവായിരുന്നു. നീ വന്നോടെ…. എല്ലാം പോയെടി…” പെങ്ങളുടെ മുന്നിൽ അവൻ പൊട്ടിത്തെറിച്ചു.

“ചേട്ടായി വിഷമിക്കണ്ട ഒരു കല്യാണം കഴിഞ്ഞാൽ ഞാനങ്ങു പോകും.. പിന്നെ രാജാവായി ചേട്ടായി ഇവിടെ അങ്ങു ജീവിച്ചോ.” പെങ്ങൾ പറഞ്ഞു.

“നിങ്ങളെ കൊണ്ട് ഞാൻ തോറ്റു, നിനക്കെന്താടാ ഇവളെ ഇവിടെനിന്നും ഇറക്കിവിടണോ, എടാ ഒരു കല്യാണം കഴിഞ്ഞാൽ ഇവൾ മറ്റൊരു വീട്ടിൽ പോകും, പിന്നെ നിനക്കുള്ളതല്ലേ എല്ലാം” അമ്മ പറഞ്ഞു.

“എന്നാൽ പെട്ടെന്നിവളെ കെട്ടിച്ചുവിട്.” അത്രയും പറഞ്ഞു ദേഷ്യത്തോടെ ഇറങ്ങിപോകുന്നത് അമ്മ നോക്കിനിന്നു.

രാത്രിയിൽ അവന്‍ തിരികെ വന്നപ്പോൾ അമ്മ പറഞ്ഞു,

“എടാ അവളെ കാണാൻ ഒരു കൂട്ടർ നാളെ വരുന്നുണ്ട്,” അതു കേട്ടപ്പോൾ അവനു സന്തോഷമായി. പെണ്ണുകാണലും വിവാഹനിശ്ചയവും എല്ലാം ഒരു സ്വപ്നം പോലെ അവന്റെ മുന്നിലൂടെ കടന്നുപോയി… അവൻ ഉത്സാഹത്തോടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾക്കായി ഓടിച്ചാടി നടന്നു.

കല്യാണത്തിന്റെ തലേന്ന് രാത്രിയിൽ പെങ്ങളുടെ മുറിയുടെ വരാന്തയിലൂടെ നടക്കുമ്പോൾ…അവളുടെ മുറിയിൽ അവൾ തനിച്ച് ….

അവളുടെ മുഖത്ത് സന്തോഷമോ ദുഃഖമോ…ഒരു വികാരവും അവൻ കണ്ടില്ല…അവൻ വീട്ടിലെ തിരക്കിൽ നിന്നും ഇറങ്ങി നടന്നു… അമ്പലക്കുളത്തിലെ കല്പടവിൽ ചെന്നിരുന്നു… അവന്റെ മനസിടിഞ്ഞു.. മനസിന്‌ വലിയൊരു ഭാരം….തിരികെ വന്നപ്പോൾ എല്ലാവരും ഉറക്കത്തിൽ ആണ്ടുപോയിരുന്നു. കിടക്കയിൽ കണ്ണുകൾ അടച്ചു കിടന്നു.. ഉറക്കം വരുന്നില്ല…. മനസിന്റെ ഭാരം ഏറി വന്നു…പെങ്ങളുടെ മുറിയിലെ വെളിച്ചം ജനാലയിലൂടെ മുറിയിലേക്ക് ചാഞ്ഞിറങ്ങി വന്നു.

അവനെഴുനേറ്റ് വെളിയിലേക്ക് ചെന്നു.. അവൾ ഉറങ്ങിയിട്ടില്ല. അവൾ എല്ലാം അടുക്കി പെറുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു.

“നീ ഉറങ്ങിയില്ലേ?” അവൻ. അവളൊന്നും പറഞ്ഞില്ല.

“നീ വെളിയിലേക്കൊന്നു വരുമോ.”

“എന്തിനാ.”

അവൾ വെളിയിലേക്ക് വന്നു.

“വാ നമുക്ക് കുറച്ചു നേരം വെളിയിൽ ചെന്നിരിക്കാം.”

ഗേറ്റിനോട് ചേർന്ന അരമതിലിൽ അവരിരുന്നു. ആകാശത്തു നക്ഷത്രങ്ങൾ ചിമ്മുന്നത് അവൾ നോക്കിയിരുന്നു.

“എടി നിനക്ക് വിഷമം തോന്നുന്നില്ലേ?” അവൻ ചോദിച്ചു. അവൾ ഒന്നും പറഞ്ഞില്ല…

“എനിക്ക് മനസിന്‌ വലിയ ഒരു ഭാരം… നീ പോയാൽ എന്നുവരും? ”

“ഞാൻ എന്തിനാ ചേട്ടായി വരുന്നത്, വഴക്കു കൂടാനോ?”

“എടി നീ ഇല്ലെങ്കിൽ ഈ വീട്….” അവന്റെ തൊണ്ട ഇടറി. അവളെ ചേർത്ത് പിടിച്ചു അവൻ കുറെ നേരം കരഞ്ഞു.

“ചേട്ടായി കൊച്ചുകുട്ടിയെ പോലെ കരയാതിരിക്ക്.” അവൾ തിരികെ നടന്നു. കതകടച്ചു പിന്നെ ബാത്ത് റൂമിൽ കയറി… ഷവർ തുറന്നുവിട്ട് തലയിലൂടെ ഊർന്നിറങ്ങുന്ന വെള്ളത്തിൽ അവളുടെ കണ്ണുനീർ ഒലിച്ചിറങ്ങി… അവൾ ഉറക്കെ കരഞ്ഞു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English