പെങ്ങൾ

കേൾക്കുന്നു പെങ്ങളേ,നിന്റെ തേങ്ങൽ
കേൾക്കാതിരിക്കുന്നു ഞങ്ങൾ
കാണുന്നു പടരുന്ന നിന്റെ രക്തം
കാണാതിരിക്കുന്നു ഞങ്ങൾ.
അറിയുന്നു നിന്റെ ഹൃദന്തദു:ഖം
അറിയാതിരിക്കുന്നു ഞങ്ങൾ..

മാനം തകർക്കുന്ന ബൂട്ടുകൾ
മാധുര്യസ്വപ്നം പൊലിക്കുന്ന തോക്കുകൾ..
ഭ്രാന്തമാം മതവൈരയട്ടഹാസങ്ങളിൽ
നേർത്തുനേർത്തലിയുന്ന തേങ്ങൽ
കേൾക്കുന്നു പെങ്ങളേ ഞങ്ങൾ
കേൾക്കാതിരിക്കുന്നു ഞങ്ങൾ
രക്താഭമാകുന്ന ശുഭ്രസ്വപ്നങ്ങളും
നെറ്റിയിൽ മായുന്ന കുങ്കുമപ്പൊട്ടും
ചിതറിത്തെറിക്കുന്ന നിൻ മോഹമുത്തും
താഴെ വീണടിയുന്ന നിൻ വളപ്പൊട്ടും
കാണുന്നു പെങ്ങളേ ഞങ്ങൾ
കാണാതിരിക്കുന്നു ഞങ്ങൾ..

ശോകം നിഴൽ വിരിച്ചെന്നുമീ കവിളുകൾ
പുഞ്ചിരിക്കാനും മറന്നു നിൻ ചുണ്ടുകൾ
വിഭജനത്തിന്റെ തീരങ്ങളിൽ ആർത്തല-
ച്ചൊരു നെരിപ്പോടു പോലണയാതെ നിൻമനം
അറിയുന്നു പെങ്ങളേ,ഞങ്ങൾ
അറിയാതിരിക്കുന്നു ഞങ്ങൾ
കേൾക്കുന്നു പെങ്ങളേ,നിന്റെ തേങ്ങൽ
കേൾക്കാതിരിക്കുന്നു ഞങ്ങൾ
കാണുന്നു പടരുന്ന നിന്റെ രക്തം
കാണാതിരിക്കുന്നു ഞങ്ങൾ.
അറിയുന്നു നിന്റെ ഹൃദന്തദു:ഖം
അറിയാതിരിക്കുന്നു ഞങ്ങൾ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാർഷിക ബില്ലുമായി കേന്ദ്ര സർക്കാർ
Next articleഅച്ഛന്റെ കുഞ്ചി
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here