ഞാനുറങ്ങിയുണരുമെൻ
ഗ്രാമത്തിൻ
ഇടവഴികളിൽ,
ചന്തകളിൽ,
പള്ളിക്കൂട മൈതാനങ്ങളിൽ,
ഞങ്ങളുടെ ചിന്തയുടെ
വേലി വാതുക്കലിൽ
മുട്ടി മുട്ടി വിളിക്കുന്നു
സിസിലി ….
ഒരു കവിളിളക്കിമാത്രം
ചിരിക്കുന്നു സിസിലി
മറു കവിളിൽ
കദനം മറയ്ക്കുന്നു സിസിലി …
ഞങ്ങളുടെ പുരയുടെ
പടികളിൽ
ഭാഷയില്ലാത്ത ശബ്ദമുണ്ടാക്കുന്നു
സിസിലി..
കൈവെള്ളയിലൊരു
നാണയത്തുട്ടു വച്ചാൽ
ഭാഷ വേണ്ടാത്ത ചിരിയുതിർക്കുന്നു
സിസിലി ….
ചന്തമൈതാനത്തൊരു
ഇലഞ്ഞിമരക്കൊമ്പിൽ
തൂങ്ങിയാടു,മനാഥന്റെ മുമ്പിൽ
നെഞ്ചു തല്ലിക്കരയുന്നു
സിസിലി ….
ഞങ്ങളുടെയോർമ്മയിലെ
ചരൽപ്പാദയിലെല്ലാം
നഗ്നപാദയായി
നടന്നു വരുന്നു സിസിലി…..
എന്നെക്കണ്ടവളൊന്നു ചിരിച്ചു
മുൻനിരപ്പല്ലില്ലാത്തൊരു
അമ്പിളിച്ചിരി.
അൻപുള്ള ചിരി,
അമ്പതു കടന്നുള്ള ചിരി.
ചിരിക്കണ്ണുകളെന്നോട്
സംവദിച്ചതിങ്ങനെ..
നിനക്കു വീടുണ്ട്
ചിരിക്കുന്ന മക്കളുണ്ട്
നിന്നുമ്മറപ്പടിയിൽ
ദൈവങ്ങളെ കൊത്തിയ
വാതിലുകളുണ്ട്
നിനക്കു രസിക്കാൻ
വിപഞ്ചികയൊരുക്കിയ
ഗാനസമഞ്ജസമേളനമുണ്ട്.
നിന്നെ തൊഴുതുവണങ്ങാൻ
വീഥിയിലൊരുപാട്
കാലാളുകളുമുണ്ട്….
ഞാനും മുഷ്ടി മുറുക്കിയ
കൈയുമായി വന്നു..
വെറുംകൈയുമായി
പടിഞ്ഞാറോട്ട് നടക്കുന്നു.
ഒരു കാറ്റ് വന്നു മറഞ്ഞ പോൽ
പിന്നെയവളെ കണ്ടില്ല.
ചൂരമീനുകൾ മുറിഞ്ഞു
ചോര വാർന്ന
ചന്തയിലെ സിമന്റു പാളിയിൽ
വാതുറന്നു മരിച്ചു കിടക്കുന്നു
സിസിലി..
സിസിലി, സിസിലിയെന്നാരോ
വിളിക്കുന്നു
വിളി കേൾക്കുവാൻ
സിസിലിയില്ലല്ലോ
ചുറ്റിലും കണ്ണൂ നിറഞ്ഞ
ശുനകന്മാർ
വാലുകളാട്ടി
വിളി കേൾക്കുന്നുവോ….
അശോക് കുമാർ.കെ.
94952673 20