ഒന്ന്
ഇവിടെയീ പുരുഷാരനടുവിലും ഏകയായ്
അവിടുത്തെ നോക്കി ഞാന്‍ നിന്നു.
അരിയൊരീ കുന്നിന്‍റെ ചരിവിലൊരു പാറമേല്‍
അവിടുന്നു തെല്ലകലെ നിൽപ്പു.
കരുണയാൽ ചുറ്റിലും നോക്കുന്നു തിരുമിഴികൾ,
മധുരം പൊഴിക്കുന്നു മൊഴികൾ.
ഉപമകള്‍ കഥകള്‍ തിരുവചനമതു കേൾക്കവെ,
മൗനത്തിനാഴമറിയുന്നു.
മെല്ലെ,യശാന്തി തൻ മഞ്ഞുരുകീടുന്നു,
ഹൃദയത്തിൻ പൂക്കള്‍ വിരിയുന്നു.
ഒടുവില്‍ നീ യാത്രയാകുന്നു, നിനക്കായ് നിൻ
വഴിയൊരുക്കീടുന്നു ശിഷ്യർ!
പലദിശകൾ തന്നിലൂടൊഴുകുന്നു പിരിയുന്നു
ജന,മവരിൽ ഒരുവളായ് ഞാനും.
മറുനാൾ നീ പോയിടും, മറ്റൊരാ ദേശത്തേ-
യ്ക്കിനി,യിവിടെ അണയുന്നതെന്നോ?
അരികെ നീ എവിടയോ,യുണ്ടന്നതാ-
ണെനിക്കഭയം, ആശ്വാസവും നാഥാ….
രണ്ട്
ഇരുളു വീഴുന്നു മണ്ണിലും മനസ്സിലും
പുലരിയകലുന്നതായ് എങ്ങോ?
ഉടലിനാഴങ്ങളിൽ ചൂടു തിരയുന്നവർ,
പുണരുവാൻ വീണ്ടുമെത്തുന്നു
വിജനമെൻ വീടിൻ വരാന്ത തിരഞ്ഞവർ,
ദൂരങ്ങള്‍ താണ്ടിയെത്തുന്നു.
ഉദയമാകുമ്പോൾ, അവർ പോകെ ,
തന്നൊരാ നാണ്യങ്ങൾ എണ്ണി നോക്കുമ്പോൾ,
കൈ വിറയ്ക്കുന്നെന്‍റെ ഹൃദയത്തിലവിടുത്തെ
വചനം പതിഞ്ഞ നാൾ തൊട്ടേ…
എന്തിനീ പാഴ്ജൻമ,മെന്നോർത്തു കണ്ണുനീര്‍
കരകവിഞ്ഞൊഴുകുന്നു പിന്നെ.
വയ്യനെക്കിനിയും ഈ വഴികളിൽ നീങ്ങുവാൻ
തളരുന്നു തനുവു,മെൻ മനവും.
മൂന്ന്
വ്യർത്ഥം കൊഴിഞ്ഞു വീഴുന്നു ദിനരാത്രങ്ങൾ,
പാപതാപങ്ങളേറുന്നു.
കണ്ടതില്ലൊരുനാളും നിന്നെയെൻ നഗരത്തില്‍,
കേട്ടതില്ലൊരു വാർത്ത പോലും.
എന്നെ തിരഞ്ഞു പൊൻകിഴിയുമായ് വന്നവര്‍
മുന്നിൽ ഞാന്‍ വാതിലടയ്ക്കെ,
പരുഷമാം വാക്കിന്‍റെ പാഷാണജാലമെൻ
നേർക്കെറിയുന്നവർ പോകെ..
വയ്യനെക്കിനിയുമീ നരകാഗ്നി തന്നിലായ്
പിടയുന്ന മനസ്സുമായ് പുലരാൻ.
ജീവിപ്പതിന്നാശയില്ലയെന്നാകിലും
മരണം വരിച്ചിടാനാക…
നാല്
എവിടെ? ആ ധനികന്‍റെ മാളിക തന്നിലായ്
അവിടുന്നിൻ വരവുണ്ടതെന്നോ?
കാണാതെ വയ്യെന്‍റെ, കരളിലെ താപങ്ങൾ
കാല്ക്കലർപ്പിക്കാതെ വയ്യ.
കാണിക്ക നൽകുവാൻ, എന്തു ഞാന്‍ കരുതണം?
പ്രിയമെന്തതറീവീല്ലയല്ലോ?
മരുവഴിയും പുഷ്പിതമാക്കുന്ന പാദങ്ങള്‍
തഴുകുവാൻ തൈലമിതു കരുതാം…
അഞ്ച്
തെല്ലകലെ പ്രകാശിതമാം ഗൃഹം കാണുന്നു,
മുന്നിലൊരു ചെറുപന്തൽ കാണാം.
അണയുവാൻ വെമ്പുന്നു പാദങ്ങള്‍ അതിവേഗം,
ഞാനതിൻ തേരിലേറുന്നു.
പിന്നിലായ് ആരോ വിളിക്കുന്നുവോ? ഇവൾ
കുലട**യെന്നാരോ പഴിക്കുന്നുവോ?
തോന്നലോ സത്യമോ ഏതുമറിവീല്ല, ഞാന്‍
ധൃതിയില്‍ നടന്നു നീങ്ങുന്നു.
അവിടെ,യാ പന്തലിൻ നടുവില്‍ തീൻ-
മേശ തൻ അരികിലായ് അവിടന്നിരിപ്പു.
ചുറ്റിലും അവിടുന്നിൻ പ്രിയശിഷ്യർ തങ്ങളിൽ
എന്തോ പറഞ്ഞു ചിരിപ്പു.
ആറ്
ഒന്നു,മുരിയാടാതെ പന്തിയിൽ അവിടുത്തിൻ
അരികത്തു ഞാന്‍ വന്നിരുന്നു.
പിന്നിലേയ്ക്കായ് ചേർത്തു വച്ചൊരാ പാദങ്ങള്‍,
ഒരു മാത്ര നോക്കി ഞാന്‍ നിന്നു.
കാൺകെയൻ കണ്ണുനീര്‍ വീഴുന്നു നാഥ
നിൻ പാദത്തിലേയ്ക്കുപ്പു നീരായ്.
ഞാനതെൻ കൂന്തലാൽ മെല്ലെ തുടയ്ക്കവെ,
തടയുവാൻ ചിലര്‍ വന്നണഞ്ഞു.
അവരെ വിലക്കി നീ നിൽക്കവെ, പാദങ്ങള്‍
കഴുകി ഞാന്‍ ചുംബിച്ചിടുന്നു.
കരുതിയ വാസന തൈലമ,പ്പാദത്തിൽ
അണിയുന്നു വിറയാർന്ന കൈയ്യാൽ.
ഇടമുറിയാത്തൊരു മഴ പോലെ കണ്ണുനീര്‍,
മിഴികളില്‍ നിന്നു പെയ്യുന്നു.
ഏഴ്
കണ്ണീർ പൊഴിക്കുമെൻ മുഖബിംബ,മവിടുന്നു
കൈകളാൽ മെല്ലെ ഉയർത്തി.
കദനങ്ങളെല്ലാം അകറ്റി നിർത്തുന്നൊരാ,
കണ്ണുകൾ എന്നെ തലോടി.
ഒരു ഹർഷരോമാഞ്ചം ഉയിരിലോ ഉടലിലോ
അറിയുവാന്‍ കഴിയുന്നതില്ല.
പ്രാണന്‍റെ പാനപാത്രം നിറഞ്ഞീടുന്നോ,
പാവനസ്പർശനം തന്നാല്‍?
എൻ മിഴികൾ മെല്ലെ തുടച്ചങ്ങു കനിവോടെ-
യരുളുന്നു “പോക നീ ശാന്തം.
നിനക്കില്ല പാപം, പൊറുക്കുന്നു ഞാന്‍
നിൻ കരുത്താർന്ന വിശ്വാസമാലേ…”
മെല്ലെയെൻ തോളിലായ് തട്ടിയവിടുന്നെന്നെ
യാത്രയാക്കീടുന്നു പിന്നെ.
പിൻതിരിഞ്ഞൊരു മാത്ര,യവിടുത്തെ നോക്കാതെ
പോകട്ടെ തിരികെ ഞാൻ നാഥാ…
മതിയിവൾക്കിതു മതി,യീ നിമിഷം മതി
ഈ ജൻമ,മിടറാതെ നീങ്ങാൻ, ജീവന്‍റെ
പാതകൾ തളരാതെ താണ്ടാൻ…
* ബൈബിള്‍, ലൂക്ക 7-36, ഒരു സ്വതന്ത്ര ആവിഷ്കാരം.
** വേശ്യ