ലതാ മങ്കേഷ്കർ (92) അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനാൽ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടർന്ന് ജനുവരി എട്ടിനാണ് അവരെ മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1929 സെപ്റ്റംബർ 28 നാണ് ലതയുടെ ജനനം. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കർ, ഷേവന്തി മങ്കേഷ്കർ എന്നിവരാണ് മാതാപിതാക്കൾ. മറാത്തി നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ദീനനാഥ് മങ്കേഷ്കർ. ഹേമ എന്നായിരുന്നു ലതയുടെ ആദ്യനാമമെങ്കിലും പിന്നീട് ലതയെന്ന പേര് മാതാപിതാക്കൾ തന്നെ തങ്ങളുടെ മൂത്തപുത്രിയ്ക്ക് നൽകി. 1942 ൽ തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് തന്റെ മ്യൂസിക് കരിയർ ലത ആരംഭിച്ചത്. നസന്ത് ജോഗ്ലേക്കറിന്റെ കിതി ഹസാൽ എന്ന മറാത്ത സിനിമയ്ക്ക് വേണ്ടിയാണ് ലതയുടെ ആദ്യഗാനം റെക്കാഡ് ചെയ്തത്. പ്രധാനമായും ഹിന്ദി, മറാത്തി സിനിമകളിലാണ് ലതാ മങ്കേഷ്കർ പാടിയിരുന്നത്.
മീന, ആശ, ഉഷ, ഹൃദയനാഥ് എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. എല്ലാവരും സംഗീതജ്ഞരാണ്. അച്ഛനിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. അഞ്ചാം വയസ്സിൽ അച്ഛന്റ സംഗീതനാടകങ്ങളിൽ ബാലതാരമായി ലത അരങ്ങിലെത്തി.