സിന്ധുനദി സംസ്ക്കാരം

 

‘ചരിത്ര നിമിഷം’ എന്നാണു അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. രാജ്യമാകെ ആഹ്ലാദവും ആവേശവും കൊണ്ട് ഇളകി മറിഞ്ഞു.

” അത്രവരെ കാത്തിരിക്കേണ്ടി വന്നതു കഷ്ടമല്ലേ…” എന്ന ചില പിന്തിരിപ്പന്മാരുടെ ചോദ്യങ്ങള്‍ ആ ബഹളത്തില്‍ മുങ്ങിപ്പോയി. അശ്വമേധം കഴിഞ്ഞു ദ്വിഗ് വിജയിയായെത്തിയ ഒരു രാജാധിരാജന്റെ ഭാവമായിരുന്നു അദ്ദേഹത്തിന്. അത്തരമൊരു ലോകമേളയുടെ നൂറാമത് തവണ നടത്താനുള്ള അവകാശം തന്റെ രാജ്യത്തിനു കിട്ടിയതിനെക്കുറിച്ച് , ‘ലോകസമൂഹത്തില്‍ തനിക്കുള്ള അംഗീകാരം’ ‘ രാജ്യത്തിന്റെ യശസ്സ്’ ‘ എന്നിങ്ങനെ വാക്കുകളില്‍ പറയുന്ന കൂട്ടത്തില്‍ തന്റെ ഭരണ നേട്ടങ്ങളുടെ നീണ്ട പട്ടിക നിരത്താനും അദ്ദേഹം സമയം കണ്ടെത്തി.

ഒരാഴ്ചക്കകം അതിന്റെ ഒരുക്കങ്ങളും നടത്തിപ്പും സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ വിളിച്ചു . ‘ അത് നടത്തിയ രാജ്യങ്ങളില്‍ ചെന്നു പഠിക്കണം’ എന്നു എല്ലാവരും ഒന്നായി പറഞ്ഞു . വിവിധ കക്ഷി , ജാതിമത സംഘടനകളുടെയും ഉദ്യോഗസ്ഥന്മാരുടെയും വിദഗ്ധോപദേശകരുടെയും സംഘത്തെ അതിനായി അവിടങ്ങളിലേക്ക് അയച്ചു . ദേശാഭിമാനികളായ അവര്‍ നീണ്ട മാസങ്ങള്‍ അവിടങ്ങളില്‍ ചിലവഴിച്ചു പഠന നിഗമനങ്ങള്‍ നടത്തി തിരിച്ചു വന്നു .

– എന്തൊരു ഭംഗിയാണു അവിടമൊക്കെ.

– എല്ലാവരും ചൊങ്കന്മാരും ചൊങ്കത്തികളുമാണ്

– നല്ല റോഡുകള്‍, പാലങ്ങള്‍.

– റോഡിനിരുവശവും പൂമരങ്ങള്‍, പൂന്തോട്ടങ്ങള്‍.

– തെളിഞ്ഞൊഴുകുന്ന പുഴകള്‍ , പച്ചച്ച കാടുകള്‍.

– ഭംഗിയുള്ള വീടുകള്‍.

– നല്ല വൃത്തി.

– ..ദാരിദ്ര്യമില്ല , പട്ടിണിയില്ല , കുടിലുകളും ചേരികളുമില്ല.

– പൊതുയിടങ്ങളില്‍ തൂറാറില്ല , മുള്ളാറില്ല, തുപ്പുക പോലുമില്ല.

– ഭിക്ഷാടനമില്ല, ഭിക്ഷക്കാരില്ല.

– അവിടെ എല്ലാവരും ഇംഗ്ഗീഷാണു പറയുന്നത്.

” നമുക്കും അതൊക്കെ വേണം ” അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു.

ഇക്കാലമത്രയും ഇതൊന്നുമില്ലാതെയാണു തനിക്കു മുമ്പുള്ളവരും താനും ഭരിച്ചത് –അദ്ദേഹം വിചാരിച്ചു . മണ്ടന്മാരെക്കൊണ്ടു തന്റെ രാജ്യം നിറഞ്ഞിരിക്കുന്നതില്‍ ആദ്യമായി അദ്ദേഹത്തിനു വിഷമം തോന്നി.

” നമുക്ക് ആകെ നാലുവര്ഷമേയുള്ളു. ഇതൊന്നും എളുപ്പമല്ല ..” അദ്ദേഹം പറഞ്ഞു.

എല്ലാവരും തല പുകഞ്ഞ് ആലോചിച്ചു . ഒടുവില്‍ തീരുമാനമായി . പിന്നീടാ മേളയുടെ മുഖ്യ വേദിയാകാനും , പല സുപ്രധാന ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയാകാനും പോകുന്ന ‘ ത്രയമ്പകം’ എന്ന വേദിയില്‍ വച്ചു , അത്തരമൊരു മേള ലോകര്‍ക്ക് എങ്ങനെ വിസ്മയകരമായ ഒരു അനുഭവമാക്കിത്തീര്‍‍ക്കാം എന്നതിനായി ഒരു മത്സരം നടത്താം എന്നു തീരുമാനിച്ചു . മത്സരവിജയിക്ക് വലിയ തുക പാരിതോഷികവും പ്രഖ്യാപിച്ചു.

ആയിരക്കണക്കിനു മത്സരാര്‍ത്ഥികള്‍ വന്നു .

– പഴയ കെട്ടിടങ്ങള്‍ പൊളിച്ചു പുതിയവ വയ്ക്കാം .

– ആകര്‍ഷകമായ നിറങ്ങള്‍ പൂശാം .

– പുതിയ റോഡുകള്‍ , പാലങ്ങള്‍ എന്നിവ നിര്‍മ്മിക്കാം .

– അവയുടെ വശങ്ങളില്‍ പൂമരങ്ങള്‍ വളര്‍ത്താം , പൂന്തോട്ടം നിര്‍മ്മിക്കാം .

– കുടിലുകളും ചേരികളും പൊളിച്ചു മാറ്റാം .

– മനോഹരമായ പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്കാം.

– നല്ല ഭക്ഷണം സൗജന്യമായി നല്‍കാം .

– നാടെങ്ങും കായികാഭ്യാസ കളരികള്‍ തുടങ്ങാം .അവയില്‍ എല്ലാവരേയും സൗജന്യമായി അഭ്യസിപ്പിക്കാം .

– ഇംഗ്ലീഷു പഠിക്കാന്‍ പ്രത്യേകം സ്കൂളുകള്‍ തുടങ്ങാം , അവ സൗജന്യമാക്കാം .

– പൊതുയിടങ്ങളില്‍ തൂറുന്നതും മുള്ളുന്നതും നിരോധിക്കാം . ശിക്ഷാര്‍ഹമാക്കാം . കാവല്‍ ഏര്‍പ്പാടാക്കാം .

– അത്തരമാളുകള്‍ അങ്ങനെ ചെയ്യാതിരിക്കാനുള്ള മരുന്നുകള്‍ വികസിപ്പിക്കാം . അവ സൗജന്യമായി വിതരണം ചെയ്യാം, നിര്‍ബന്ധമാക്കാം .

– നാടെങ്ങും ബ്യൂട്ടിപാര്‍ലറുകള്‍ തുടങ്ങാം സൗജന്യമാക്കാം..

അദ്ദേഹം ആകെ നിരാശനും ഉത്സാഹരഹിതനുമായി . അവയില്‍ മിക്കതും നടപ്പുള്ളതല്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു .

എന്നാല്‍ അത്തരമൊരു മരുന്നു ലഭ്യമാണോയെന്നും വികസിപ്പിക്കാനാവുമോ എന്നും അദ്ദേഹം രാജ്യത്തെ വിദഗ്ദ്ധ ഭിഷഗ്വരരുടെ യോഗം വിളിച്ചു ചേര്ത്തു ആലോചിച്ചു . അതിനായി വലിയ തുക വകയിരുത്തി .

ക്രമേണ ത്രയമ്പകത്തിലേക്കു മത്സരാര്‍ത്ഥികള്‍ വരവു കുറഞ്ഞു . അദ്ദേഹത്തിന്റെ മനസില്‍ എന്താണുള്ളതെന്ന് ആര്‍ക്കുമറിയില്ലായിരുന്നു .

പെട്ടന്നൊരു ദിവസം ഒരാള്‍ വന്നു . അയാളില്‍ നിന്നും പുതുതായി ഒന്നും അദ്ദേഹം പ്രതീക്ഷിച്ചില്ല . ഉദാസീനതയോടെയാണ് അയാള്‍ പറയുന്നത് കേട്ടു തുടങ്ങിയത്…

” അങ്ങുന്നേ മാനവശേഷിയാണ് നമ്മുടെ ശക്തി ..” അയാള്‍ പറഞ്ഞു തുടങ്ങി..

” സന്ദര്‍ശകരുടെ ശ്രദ്ധ നമ്മുടെ ശക്തികളിലേക്കു കേന്ദ്രീകരിക്കുകയും ദുര്‍ബലതകള്‍ അവരുടെ കണ്ണില്‍ പെടാതെ സൂക്ഷിക്കുകയും ചെയ്യക എന്നതാകണം നമ്മുടെ തന്ത്രം….”

അദ്ദേഹം ഒന്നിളകിയിരുന്നു . കണ്ണുകള്‍ വിടര്‍ന്നു , വികസിച്ചു .

” മാനവവിഭവം നമ്മുടെ ശക്തിയാണ് . പുണ്യ പുരാതനസംസ്ക്കാരം നമ്മുടെ ശക്തിയാണ് ..” അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു….

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി മഹാമേള തുടങ്ങി . എങ്ങും വര്‍ണ്ണശബളിമ . വിസ്മയക്കാഴ്ചകള്‍ രാജ്യത്തിന്റെ പുണ്യപുരാതന സംസ്ക്കാരം വെളിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു നോക്കുന്നിടത്തെല്ലാം .

ഇതിഹാസ കഥാപാത്രങ്ങള്‍ , വലിയ സാമ്രാട്ടുകള്‍ , യുദ്ധവീരന്മാര്‍ , വീര വനിതകള്‍ , രാജാക്കന്മാര്‍ , പടനായകര്‍ , വീരസേനാനികള്‍, പുകള്‍പെറ്റ കോട്ടകൊത്തളങ്ങള്‍ , കൊട്ടാരങ്ങള്‍ , മണിമന്ദിരങ്ങള്‍ , ക്ഷേത്രങ്ങള്‍ , പരമ്പരാഗത ആയുധങ്ങള്‍ , നാട്ടു സംസ്ക്കാരരൂപങ്ങള്‍ , തനത് പ്രകൃതി രൂപങ്ങള്‍…. എല്ലാത്തിന്റെയും ചെറുതും വലുതുമായ പതിപ്പുകള്‍ . രണ്ടു വര്‍ഷമെടുത്താല്‍ പോലും കണ്ടു തീരാത്തത്ര കാഴ്ചകള്‍ …

ത്രയമ്പകം തന്നെയായിരുന്നു ഉത്ഘാടനവേദിയും . അതിന്റെ കവാടത്തില്‍ വില്ലെടുത്തു കുലച്ചു നില്ക്കുന്ന തേജ്വസിയായ അതികായ രൂപത്തെ കാണാന്‍ സന്ദര്‍ശകര്‍ തിക്കിത്തിരക്കി .

” ഇത് ശ്രീരാമചന്ദ്രന്‍ ”… ദ്വിഭാഷി വിശദീകരിച്ചുകൊണ്ടേയിരുന്നു….

തൊട്ടപ്പുറത്തു തന്നെ സീത.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും , പതിവ്രതയാണെന്നും ഗര്‍ഭിണിയായ തന്നെ കാട്ടിലേക്കയരുതെന്നും വാവിട്ടു യാചിച്ചു കൊണ്ടിരുന്നു അവള്‍….

” അവളുടെ ഗര്‍ഭത്തെക്കുറിച്ചു സംശയമുണ്ട് . അദ്ദേഹം ദൈവാവതാരമാണ് . തികച്ചും ശുദ്ധം . അതിനോടു അശുദ്ധം ചേര്‍ന്നാല്‍ എല്ലാം കളങ്കപ്പെടും . കൂടാതെ അദ്ദേഹം ധര്‍മ്മരാജ്യസ്ഥാപനാര്‍ത്ഥം വന്നയാളാണ് . പ്രജാക്ഷേമതത്പരനുമാണ്…’

അവരുടെ മുഖത്തെ സംശയങ്ങള്‍ കണ്ടു ദ്വിഭാഷി വീണ്ടും പറഞ്ഞു .

അവള്‍ പതിവ്രതയാണെന്നു ആണയിടുന്നു . ഗര്‍ഭിണിയുമാണ് . അങ്ങനെയുള്ള ഒരുവളെ കാട്ടിലേക്കയക്കുന്നതില്‍ എന്തു ധര്‍മ്മവും പ്രജാക്ഷേമവുമാണുള്ളത് . അത്തരം കാര്യങ്ങള്‍ പറഞ്ഞു അയാള്‍ നില മെച്ചപ്പെടുത്തുന്നത് പാവം ഒരു സത്രീയെ അവമതിച്ചുകൊണ്ടാണ് . അയാള്‍ ഒരു സ്വാര്‍ത്ഥനാണ്…

അന്നാടിന്റെ രീതികള്‍ അറിയാത്ത വിദേശികളില്‍ ചിലര്‍ തുറന്നടിച്ചു .

മഹായുദ്ധത്തിനൊടുവില്‍ ഉറ്റവരും ഉടയവരും ശത്രുക്കളും ഒന്നു പോലെ അനേകായിരം കബന്ധങ്ങള്‍ മാത്രമായി തങ്ങള്‍ക്കു ചുറ്റും ചിതറിക്കിടക്കുന്നതു കാണുന്ന , എല്ലാ വിജയങ്ങളും പരാജയങ്ങള്‍ കൂടിയാണെന്നും , തങ്ങള്‍ ചെയ്തതൊക്കെ പാഴ് വേലകള്‍ മാത്രമായിരുന്നെന്നും , തികഞ്ഞ ശൂന്യത മാത്രമാണു തങ്ങള്‍ക്കു ചുറ്റിനുമെന്നും തിരിച്ചറിയുന്ന പാണ്ഡവര്‍…

താന്‍ കൊന്നിട്ട അനേകായിരം ജഡങ്ങളുടെ മുന്നില്‍ നിന്നു തന്റെ വിജയത്തിന്റെ വ്യര്‍ത്ഥതയോര്‍ത്ത് വിലപിക്കുന്ന അശോക ചക്രവര്‍ത്തി….

സുഖലോലുപതയുടെ അങ്ങേയറ്റത്തു കഴിഞ്ഞിട്ടു , ഒടുവില്‍ , മകനൊരുക്കിയ തടവറയില്‍ , നേരം നോക്കി മാത്രം കിട്ടിയ എന്തെങ്കിലുമൊക്കെ കഴിച്ച് , നരകിച്ചു മരിച്ച ഷാജഹാന്‍ ചക്രവര്‍ത്തി…
ബ്രട്ടീഷുകാരെ കടുവ കണക്കെ വിറപ്പിച്ച , ഒടുവില്‍ തെരുവുനായ കണക്കെ , ആരോരുമറിയാതെ മരിച്ചു കിടന്നൊരു ചക്രവര്‍ത്തി…

മലമ്പനി ബാധിച്ചു , ശരീരവും മനസും ക്ഷീണിച്ചു , ഒരു പരാജയിയേപ്പോലെ , കുതിരപ്പുറത്തു പനിച്ചു വിറച്ചിരുന്നു മടക്കയാത്ര ചെയ്യുന്ന , ഒരിക്കല്‍ ലോകം മുഴുവന്‍ കാല്ക്കീഴിലാക്കാന്‍ വെമ്പല്‍ കൊണ്ട അലക്സാണ്ടര്‍ ചക്രവര്‍ത്തി..

വൃത്തിയാക്കിയ പ്രധാന റോഡുകള്‍ക്കിരൂവശവും ബോണ്‍സായ് വലിപ്പത്തിലുള്ള പൂമരങ്ങളും പൂന്തോട്ടങ്ങളും . ആള്‍രൂപങ്ങളേപ്പോലെ.

അവയും ചലിക്കുന്നുണ്ടെന്നു സന്ദര്ശകര്‍ അതിശയിച്ചു . കൂടാതെ അവയുടെയൊക്കെ അടുത്തു ചെല്ലുമ്പോള്‍ ” വല്ലതും തന്നിട്ടു പോകണേ…” എന്നൊരു ശബ്ദം പുറപ്പെടുവിക്കുന്നതായും അവര്‍ പറഞ്ഞു .

” അത് ഞങ്ങളുടെ സ്വാഗത വചനമാണ്…” ദ്വിഭാഷി ചിരിച്ചുകൊണ്ട് വിശദീകരിച്ചു .

കണ്ണെത്താ ദൂരം കിടന്ന ചേരിപ്രദേശം ഇന്നു കാണാനേയില്ല . അവിടെ ദേശപതാകയുടെ മിന്നിത്തിളങ്ങുന്ന. പഞ്ചവര്‍ണ്ണപ്പരപ്പ് മാത്രം . കാണായ കെട്ടിടങ്ങളും വീടുകളുമൊക്കെ നൂറാമത് മേളയുടെ മുദ്ര ആലേഖനം ചെയ്തു വൈദ്യുതി അലങ്കാരങ്ങളിലും വര്‍ണ്ണശബളിമയിലും കുളിച്ചു നിന്നു..

ഇടക്കു അല്പ്പനേരം കിട്ടിയപ്പോള്‍‍ അദ്ദേഹം ആ മത്സരാര്ത്ഥിയുടെ അടുത്തേക്കു ചെന്നു .

” എന്താണു പേരു പറഞ്ഞത്…? അദ്ദേഹം മുഖവുരയിട്ടു.

സണ്ണി – അയാള്‍ പറഞ്ഞു

” അച്ഛന്റെ പേര്?”

അയാള്‍ അച്ഛന്റെ പേരു പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നുകൂടി നിലയുറപ്പിച്ചു , സംശയഭാവത്തില്‍ അയാളെ നോക്കി .

” അതെ , അങ്ങു ഊഹിക്കുന്നയാള്‍ തന്നെ …”

അദ്ദേഹത്തിന്റെ മനസറിഞ്ഞിട്ടെന്നപോലെ അയാള്‍ പറഞ്ഞു .

” അച്ഛനു രാഷ്ട്രീയത്തിന്റെ അസ്കിതകയുണ്ടായിരുന്നു . ഇപ്പോള്‍ പ്രായമായി . വല്ലാത്ത മറവിയുമുണ്ട് . അന്നു മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതു കൊണ്ടു തന്റെ കോണ്ടാക്ട് സൊക്കെ നഷ്ടപ്പെട്ടു എന്നു കൂടെക്കൂടെ ആവലാതി പറയും…”

” എടാ ഭയങ്കരാ , പത്തു തലയായിരുന്നു നിന്റെപ്പന് . കുരുട്ടു ബുദ്ധിയില്‍ നിന്റപ്പനെയും കടത്തി വെട്ടും നീ…”

രണ്ടു പേരും ചിരിച്ചു .

സന്ദര്‍ശകര്‍ക്കു മറക്കാനാവാത്ത അനുഭവമായിരുന്നു മേള . സമാപന സമ്മേളനത്തില്‍ പതിവുപോലെ അദ്ദേഹം കത്തിക്കയറി . തന്റെ ഭരണ നേട്ടങ്ങളുടെ നീണ്ട പട്ടിക വീണ്ടും നിരത്തി .

ദാരിദ്ര്യമില്ലാതാക്കിയതിനേയും , ചേരികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തതിനെയും , ഭിക്ഷാടനം ഇല്ലാതാക്കിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായി…

ഉപ്പിനു ആയിരത്തിലധികം തവണ വില വര്‍ദ്ധിപ്പിച്ചതു വഴി രാജ്യത്തിനു എങ്ങിനെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി എന്നതും അദ്ദേഹം വിശദീകരിച്ചു . അത്തരമൊരു വിലവര്‍ദ്ധനവിലൂടെ വ്യവസായികളുടേയും വ്യാപാരികളുടേയും വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുകയും , അത് അവര്‍ക്കു വിവിധ വ്യവസായ , വ്യാപാര മേഖലകളില്‍ പുനര്‍നിക്ഷേപം നടത്താനാവുകയും അങ്ങിനെ രാജ്യത്ത് കൂടുതല്‍ വ്യവസയങ്ങളും വ്യാപാരങ്ങളും വിപണനങ്ങളും തൊഴിലവസരങ്ങളും ഉണ്ടാവുകയും , ജനങ്ങള്‍ക്കൊട്ടാകെ വരുമാന വര്‍ദ്ധനവിനു കാരണമാകുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വികസനത്തിന്റെ ഈ മാതൃക ലോകത്തിനു തന്റെ സംഭാവനയായി ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം വിലയിരുത്തി .

അദ്ദേഹം അങ്ങിനെ സംസാരിച്ചു നില്‍ക്കെ , അതിനകം സമാപന സമ്മേളന വേദിക്കരികിലേക്കു , എല്ലാവര്‍ക്കും കാണാനാവും വിധം നീക്കിനിര്‍ത്തിയിരുന്ന ശ്രീരാമചന്ദ്ര വേഷത്തിനു പെട്ടന്നു തൂറാന്‍ മുട്ടി.

രണ്ടു മാസമായി പ്രത്യേക മരുന്നുകളാലും കര്‍ശന ആഹാര നിയന്ത്രണങ്ങളാലും നിയന്ത്രിച്ചു പോന്നിരുന്നതാണത് . എന്നാല്‍ സമാപന വേദിയില്‍ വിതരണം ചെയ്ത ഒരു ശീതളപാനീയം എല്ലാം താറുമാറാക്കി . കൊതിമൂത്തു രണ്ടു മൂന്നു ഗ്ലാസു വാങ്ങിക്കുടിച്ച അയാള്‍ക്ക് തന്റെ വേഷം അഴിച്ചു വയ്ക്കാനോ , വേദിയില്‍ നിന്നു പുറത്തിറങ്ങനോ നേരം കിട്ടിയില്ല . അയാള്‍ അവിടെ തന്നെയിരുന്നു തൂറി . പെട്ടന്നു അതൊരു പകര്‍ച്ചവ്യാധി പോലായി . ത്രയംബകത്തിനകത്തും പുറത്തുമായി നിന്നിരുന്ന അനേകായിരം രൂപങ്ങള്‍ക്കും അതേ തൂറാം മുട്ടല്‍‍ അനുഭവപ്പെട്ടു . അവരും നിന്നയിടങ്ങളില്‍ തന്നെയിരുന്നു തൂറാന്‍ തുടങ്ങി . കാര്യങ്ങള്‍ കൈവിട്ടു പോകുന്നെന്നു കണ്ട അദ്ദേഹം ശ്രീരാമചന്ദ്രനെ തള്ളിമാറ്റാന്‍ നോക്കി . പക്ഷെ തന്റെ തൂറലിനെ തടസപ്പെടുത്തുന്നതു ഇഷ്ടമാകാതെ അദ്ദേഹത്തെ അയാള്‍ തിരിച്ചു തള്ളി . അദ്ദേഹം താഴെ വീണുപോയി . കുറഞ്ഞ നേരം കൊണ്ടു അഞ്ചാള്‍പ്പൊക്കം വരുന്ന ത്രയംബകത്തിന്റെ പുറം ഭിത്തിക്കൊപ്പം പൊങ്ങിയുയര്‍ന്ന മനുഷ്യമലം ഭിത്തി കവിഞ്ഞു , അഗ്നിപര്‍വത സ്ഫോടനം കണക്കെ പുറത്തോട്ടൊഴുകി . അതിനകം പെയ്തു തുടങ്ങിയ മഴയും കാറ്റും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി . സന്ദര്‍ശകരും വേദിയിലിരുന്നവരും അദ്ദേഹത്തിന്റെയൊപ്പം അതിന്റെ ഒഴുക്കില്‍ പെട്ടു നീങ്ങിത്തുടങ്ങി . തീട്ടം , നനവു കൂടിയ കളിമണ്‍ ദ്രാവകം കണക്കെ അവരുടെ ശരീരങ്ങളിലും വസ്ത്രങ്ങളിലും ഇഴുകിപ്പിടിച്ചു . പേടിച്ചു വാവിട്ടു നിലവിളിക്കുമ്പോഴൊക്കെ അതിന്റെ കൊഴുത്ത ദ്രാവകം അവരുടെ വായ്ക്കുള്ളില്‍ പെടുന്നതും അത് ചെറുക്കാനുള്ള അവരുടെ നിഷ്ഫലശ്രമങ്ങളുമൊക്കെ ദയനീയ കാഴ്ചകളായിരുന്നു .

ക്രമേണ അതു നഗരം മുഴുവനും തുടര്‍ന്നു മറ്റു നഗരങ്ങളിലേക്കും അങ്ങനെ കുറഞ്ഞ സമയം കൊണ്ട് രാജ്യമാസകലവും ഒഴുകി പരന്നു .

പഴകി ജീര്‍ണ്ണിച്ചതും , വേരുറപ്പില്ലാത്തതും , അടിസ്ഥാനമില്ലാത്തതും , ദുഷിച്ചതും , മുരടിച്ചതും , പുഴുത്തുനാറിയതുമായ എല്ലാത്തിനേയും അതു തന്റെ ഒഴുക്കിനൊപ്പം കൂട്ടി . അത്രയും വിസ്തൃതമായൊരു ചേരിപ്രദേശത്തെ അത്ര കാലം മറച്ചു , തന്റെ ദൗത്യം ഭംഗിയാക്കിയ ദേശപതാക , കാറ്റിലും മഴയിലും പെട്ടു കീറിപ്പറിഞ്ഞു ,പഞ്ചവര്‍ണ്ണങ്ങള്‍ തിരിച്ചറിയാനാവത്ത വിധം കൂടിക്കുഴഞ്ഞു കീഴെ ശക്തിയില്‍ ഒഴുകിയിരുന്ന തീട്ടത്തിന്റെ അമ്ലസമൃദ്ധിയിലേക്കു മൂക്കുകുത്തി വീണൂ ഒരു പഴന്തുണി കഷണമായി…

അതുവരെ ദേശപതാകയുടെ വന്‍ വിരിപ്പിനുള്ളില്‍ ആരാരും കാണാതെ ഒളിഞ്ഞിരുന്ന ആ ചേരി പ്രദേശമൊന്നാകെ തീട്ടക്കടലിന്റെ വന്‍ തിരകളിലേക്ക് ക്ഷണ നേരം കൊണ്ട് അടിഞ്ഞമര്‍ന്നു . പ്രധാന പാതയോരങ്ങളില്‍ വര്‍ണ്ണ ശബളിമയോടെ നിന്ന ബഹുനില മന്ദിരങ്ങള്‍ കാറ്റിലും മഴയിലും പെട്ടു അവയെ മറച്ചിരുന്ന വര്‍ണ്ണയുടുപ്പുകള്‍ നനഞ്ഞൊലിച്ചു കീറിപ്പറിഞ്ഞു അവയുടെ പഴമയും വൃത്തിഹീനതയും വെളിപ്പെടുത്തി മനുഷ്യത്തീട്ടത്തിന്റെ കുത്തൊഴുക്കില്‍ ഒപ്പമൊഴുകിത്തുടങ്ങി . അങ്ങനെ തന്റെ വഴിയില്‍ നിന്നതിനെയൊക്കെ കൂടെ കൂട്ടി ഒഴുകിയൊഴുകി അത് ഭൂമിയുടെ അതേവരെ ആരും കാണാത്തയൊരു ദിക്കില്‍ ചെന്നു , വലിയൊരു സമുദ്രം പോലെ പരന്നു പരന്നുനിറഞ്ഞു . ക്രമേണ തണുത്തുറഞ്ഞു . അതിന്റെ അക്ഷയമായ ഫലപുഷ്ടിയില്‍ ജീവന്‍ തഴച്ചു . പച്ചപ്പുകള്‍ തഴച്ചു , കാടു പൂത്തു , നാടും നഗരവുമുണ്ടായി . പട്ടിണിയും ദാരിദ്ര്യവും ഭിക്ഷക്കാരുമില്ലാത്ത , ചേരികളില്ലാത്ത , എല്ലാവര്‍ക്കും ആവോളമുള്ള ഒരു സിന്ധുനദീ സംസ്ക്കാരം രൂപപ്പെട്ടു ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here