മലയാള സമീപകവിതയിലെ ഏറെ വ്യതസ്തമായ സ്ത്രീ ശബ്ദമായ സിന്ധു കെ വിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘തൊട്ടുനോക്കിയിട്ടില്ലേ പുഴകളെ’ എന്ന പുസ്തകത്തിന് കവിയും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ എഴുതിയ അവതാരിക വായിക്കാം
‘ഏത് സാഹിത്യരചനയിൽ നിന്നായാലും അനുഭവങ്ങളും അനുഭൂതികളും ഉൽപാദിപ്പിക്കുന്നത് വായനക്കാരാണെന്നും പൂർവനിശ്ചിതമായ ഒരു സത്ത ഏത് കൃതിയുടെ കാര്യത്തിലും അവാസ്തവമാണെന്നും പറയുന്നവരാണ് പല ആധുനികോത്തര സാഹിത്യസൈദ്ധാന്തികരും.കവിതയുടെ രസചാതുര്യം വ്യാഖ്യാതാവാണ് അറിയുക, കവിയല്ല എന്ന പ്രാചീന വിധിയിൽ നിന്ന് ഈ പുതിയ കണ്ടെത്തലിലേക്കുള്ള ദൂരം ഏറെയാണെന്ന് സ്ഥാപിക്കുക എത്രയോ എളുപ്പമാണ്. പക്ഷേ,എല്ലാ കവിതകളിൽ നിന്നും കഥകളിൽ നിന്നും അർത്ഥോല്പാദനവും അനുഭൂതിയുടെ വിളവെടുപ്പും നടത്താൻ വായനക്കാർ മുതിരാറില്ലെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടുള്ള ഒരഭ്യാസവും,അത് എത്രമേൽ നവീനമായ രൂപം കൈക്കൊണ്ടുള്ളതായാലും, സത്യസന്ധമല്ല .തന്റെ ഹൃദയ മിടിപ്പുകളുടെ നേർത്ത പ്രതിധ്വനിയെങ്കിലും ഒരു കവിതയിൽ നിന്ന് കേൾക്കാനാവുന്നില്ലെങ്കിൽ വായനക്കാരൻ/വായനക്കാരി വളരെ പെട്ടെന്ന് പിൻവാങ്ങും.കവിതയുടെ മൂല്യനിർണയനത്തിന് നിരൂപകർ എന്തൊക്കെ മാനദണ്ഡങ്ങൾ ഉപയോഗിച്ചാലും വായനക്കാരുടെ ആദ്യപരിഗണന പരിമിതമായ അളവിലെങ്കിലും കൃതിയുമായി ഹൃദയൈക്യം സാധ്യമാവുമോ എന്നതു തന്നെയാണ്.
സിന്ധു കെ.വി യുടെ ‘പാതിരാസൂര്യൻ’ എന്ന മുൻസമാഹാരത്തിലെ ‘അവതാരങ്ങൾ’ എന്ന കവിതയിലെ
‘ഏറ്റവും പഴയ ഓർമയിലുമുണ്ട്
ചിലരിലൂടങ്ങനെ വെളിപ്പെടുന്നതിന്റെ
നിറംമങ്ങിയ താളുകൾ
പുലർച്ചെ.ചൂട്ടുവിളക്കിന്റെ വെളിച്ചത്തിൽ
ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ
എന്തുകൊണ്ടോ ശോകം തോന്നിപ്പിച്ചിരുന്ന
തോറ്റംപാട്ടുകളിൽ
എന്റെ തന്നെ പുരാവൃത്തം പാടിക്കേട്ട്
കണ്ണുനിറഞ്ഞു നിന്നിട്ടുണ്ട് ’
എന്ന വരികൾ വായിച്ചപ്പോൾ അവ എന്റെ മനസ്സിൽ നിന്ന് ഈ കവിയിത്രി ഏതോ അത്ഭുതവിദ്യകൊണ്ട് അപഹരിച്ചതുപോലുള്ള പ്രതീതിയാണുണ്ടായത്.മറ്റുള്ളവരിലൂടെ വെളിപ്പെടുന്നതിന്റെ ആനന്ദം എന്റെ സ്വകാര്യാനന്ദങ്ങളിലൊന്നാണ്.ചില തെയ്യപ്പറമ്പുകളിലും മനുഷ്യർ അവരവരെ മറന്നെന്ന പോലെ അന്യരോട് ചേർന്നു നിൽക്കുന്ന ചില അനുഷ്ഠാനസന്ദർഭങ്ങളിലും വെച്ചു മാത്രം അസുലഭസൗഭാഗ്യമായി എനിക്ക് കൈവരാറുള്ളതാണത്. ഈ അനന്ദത്തിന്റെയും അതിന്റെ തുടർച്ച തന്നെയായ വേദനയുടെയും ആവിഷ്‌കാരത്തെ അവിചാരിതമായി മുഖാമുഖം കാണാനിടയായതിന്റെ ആത്മഹർഷമാണ് സിന്ധു കെ.വിയുടെ ഓരോ രചനയിലെയും ഓരോ വാക്കിനെയും അടുത്തറിയാനുള്ള ആവേശത്തിലേക്ക് എന്നെ എത്തിച്ചത്.അവരുടെ മറ്റ് കവിതകൾ തന്ന അനുഭവങ്ങൾ വ്യത്യസ്തമാണെങ്കിലും സത്തയിൽ അവയും ആദ്യം പറഞ്ഞതിനോട് അരികെ വരുന്നവ തന്നെ.
ഏറ്റവും സാധാരണമായ ജീവിതസന്ദർഭങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നുമെല്ലാം ഈ കവയിത്രി വളരെ വ്യത്യസ്തമായ ചില വിചാരങ്ങളും ദൃശ്യചാരുതകളും അനുഭൂതികളിലേക്കുള്ള വഴികളും ഞൊടിയിട കൊണ്ട് നിർമിച്ചെടുക്കുന്നത് കാണുമ്പോൾ കവിതയക്ക് സാധ്യമാവുമെന്ന് സാഹിത്യസിദ്ധാന്തങ്ങളുമായി പരിചയപ്പെടും മുമ്പേ മനസ്സിലുറപ്പിച്ചു വെച്ച ആ മായാജാലം യാഥാർത്ഥ്യമാവുന്നത് ഉള്ളാലെ ഞാൻ അറിയുന്നു;ഗൃഹാതുരതയുടെ സ്പർശമുള്ള സവിശേഷമായ ഒരാത്മീയാനന്ദം ഞാൻ അനുഭവിക്കുന്നു.ഇത് അനേകം പേർക്ക് ഇമ്മട്ടിൽ തന്നെ അനുഭവവേദ്യമാവുമെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന വിശുദ്ധമായൊരു ലാളിത്യം ഈ കവിതകൾക്കുണ്ട്. സിന്ധുവിന്റെ പല കവിതകളും അവയിൽ ആവിഷ്‌കാരം നേടിയ അനുഭവത്തിന്റെ നിരവോ തിരിവോ ഉയരമോ പിന്നിടുമ്പോൾ ഉളളിന്നുള്ളിൽ ഉണർത്തിയ ഉറവനീരിനോ അതിന്റെ നനവിൽ ഞൊടിയിടയിൽ ഉയർന്നുവന്ന സുഖദമായ അനുഭൂതികളുടെ ഇളം പൊടിപ്പുകൾക്കോ സദൃശമായവ മറ്റൊരാളുടെ കവിതയിൽ ഞാൻ അന്വേഷിക്കുന്നതിൽ അർത്ഥമില്ല.ഓരോ യഥാർത്ഥ കവിയും നമുക്ക് തരുന്നത് ലോകത്തെ വ്യത്യസ്തമായി അനുഭവിക്കാനുള്ള അപൂർവ സാധ്യതകളിലേക്കുള്ള ക്ഷണമാണ്.
അവതാരികാകാരൻ പഠനത്തിന് പുറപ്പെടാതിരിക്കുക എന്ന പതിവ് തെറ്റിക്കാതെ തന്നെ ഈ പുസ്തകത്തിലെ കവിതകളിൽ ചിലത് അനന്യമായ അനുഭവനിർമിതികളായിത്തീർന്നതെങ്ങനെയാണെന്ന് വിവരിക്കുക എന്ന സാഹസത്തിന് ഞാൻ പുറപ്പെടുകയാണ്. തന്നിൽ നിന്ന് പുറത്തു കടന്ന് തിരിയെ തന്നിലേക്കു തന്നെ എത്തുന്ന ആഖ്യാതാവാണ് ഈ സമാഹാരത്തിലെ ആദ്യരചനയായ ‘ആ പൂമാല വീണ്ടും കണ്ടപ്പോൾ’ എന്ന കവിതയിലുള്ളത്.പൂക്കളിൽ നിന്ന് നാടിന്റെ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും സഞ്ചരിച്ച ശേഷമാണ്,അതായത് ആ പൂക്കൾ ആഘോഷത്തെയും പ്രാർത്ഥനയെയും അലങ്കരണത്തെയും മരണത്തെയുമെല്ലാം സ്പർശിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതിനുശേഷമാണ് പൂക്കാരിയുടെ കയ്യിലെ പൂക്കൾ മുഴുവൻ അവൾ വാങ്ങുന്നത്.ഇങ്ങനെ ജീവിതത്തിന്റെ വിശാലതയിലേക്ക് തന്നെ ഉൾച്ചേർക്കുന്നതിന്റെ ആനന്ദമനുഭവിക്കുന്ന ഒരാൾ സിന്ധുവിന്റെ കവിതകളിലെ ആവർത്തിക്കുന്ന സാന്നിധ്യമാണ്.
‘യാത്രകളെന്നാലത് വേഗതയെന്നുമാണ്’ എന്ന കവിത 40/50 കി.മി ശരാശരി വേഗതയിൽ വണ്ടിയോടിച്ചു പോവുന്ന ഒരുവളുടെ കാഴ്ചകളുടെയും വിചാരങ്ങളുടെയും സമാഹാരമാണ്. അസാധാരണമായ സംഭവങ്ങൾ ഒന്നും തന്നെ ഈ ഡ്രൈവർക്ക് പറയാനില്ല.പക്ഷേ,റോഡിലെ മറ്റ് വണ്ടികളോടും യാത്രക്കാരോടും പരിസരക്കാഴ്ചകളോടും അവൾക്കുള്ള സുലളിതമായ ഹൃദയബന്ധത്തിന്റെ ഒട്ടും വാചാലമാവാത്ത ആവിഷ്‌കാരത്തിലൂടെ കവിത വായനക്കാരിൽ വളർത്തുന്നത് സരളവും സന്തോഷകരവുമായ ജീവിതാഭിമുഖ്യമാണ്. ഓട്ടോറിക്ഷ.സൈക്കിൾ,ബസ്സ്,കാറുകൾ, ചെത്തുകല്ലെടുക്കാൻ പോവുന്ന ലോറികൾ, ആന്ധ്രാപദേശിന്റെയും തമിഴ്‌നാടിന്റെയും രജിസ്‌ട്രേഷനിലുള്ള പരുക്കൻ മുഖമുള്ള ചരക്കുവണ്ടികൾ തന്റെ വണ്ടിയുടെ ഈ സഹയാത്രികരെയെല്ലാം തീർത്തും വിദ്വേഷരഹിതമായാണ് കവിതയിലെ ഡ്രൈവർ കാണുന്നത്. പരസ്പരം തടസ്സമാവാതെ റോഡുപയോഗിക്കുക എന്നത് ആഗ്രഹചിന്തമാത്രമായിത്തീരുന്ന സന്ദർഭങ്ങളാണ് നഗരത്തിൽ ഒരു ഡ്രൈവർക്ക് പലപ്പോഴും ലഭിക്കുക.ഇവിടത്തെ ഡ്രൈവർ 40/50 വേഗതയിൽ തന്നെയാണ് നഗരം കാണുന്നത്. . ഒപ്പമുള്ള എല്ലാ വാഹനങ്ങളും അവയുടെ വേഗങ്ങളും പെരുക്കുമ്പോഴും അവരുടെ പാട്ടുകൾക്ക് വേഗമേറുമ്പോഴും അവരുടെ സ്റ്റോപ്പുകൾക്ക് തിടുക്കമേറുമ്പോഴും സ്പീഡ് കൂട്ടാതെ പോവുന്ന ഈ ഡ്രൈവർ യാത്രയെ ഒരു സൗമ്യാനുഭവമാക്കുന്നതിന്റെ സുഖവും സ്വച്ഛതയും വായനക്കാർക്ക് നൽകുന്നു.ഈ വസ്തുത വിനിമയം ചെയ്യാൻ പാകത്തിലുള്ള നിരലംകൃതമായ വിവരണത്തിന്റെ രൂപം കവിതയ്ക്ക് നൽകിയതിനു പിന്നിലെ ഔചിത്യബോധം സര്ഗവൈഭവത്തിന്റെ പിഴക്കാത്ത അടയാളം തന്നെ.ലോകത്തെ സ്‌നേഹിക്കാനല്ലെങ്കിൽ വിദ്വേഷരഹിതമായി സമചിത്തതയോടെ മനസ്സിലാക്കാനെങ്കിലും പ്രേരിപ്പിക്കാനാവുന്ന ഒരനുഭവം ഫലപ്രദമായി വിനിമയം ചെയ്യുന്നതോടെ ഒരു കവിത കേവലമായ സൗന്ദര്യാത്മക നിർമിതിയുടെയും വാഗ്‌ലീലയുടെയും തലത്തിൽ നിന്ന് എത്രയോ ഉയരെ എത്തുന്നു
സവിശേഷമായ സൗന്ദര്യാംശങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ജീവിതമുഹൂർത്തങ്ങളിൽ നിന്നും അതിപരിചിതമായ പരിസരങ്ങളിൽ നിന്നും കവിത കണ്ടെത്തുന്നതിൽ അഭിനന്ദനീയമായ മിടുക്ക് കാണിക്കുന്ന ഈ കവയിത്രി വർത്തമാനത്തിൽ നിന്നും പരിചിതദേശങ്ങളിൽ നിന്നും പറന്നുപോയി ഭൂതകാലത്തിന്റെ നിലവറകളിലേക്കും പല നാടുകളിലേക്കും ആകാശത്തിന്റെ പല അടരുകളിലേക്കും ഊളിയിടുന്നതിലും ആഹ്‌ളാദം കണ്ടെത്തുന്നതായി കാണാം.സിന്ധുവിന്റെ പല കവിതകൾക്കും വശ്യമായ ചാരുത പകരുന്ന പ്രധാനഘടകം അവയിൽ യാഥാർത്ഥ്യമായിത്തീരുന്ന ദേശാന്തരങ്ങളിലേക്കും കാലാന്തരങ്ങളിലേക്കുമുള്ള സഞ്ചാരങ്ങളാണ്. വായനക്കാരുടെ ആന്തരിക ലോകത്തെ അവ വിശാലമായ മാനവികതാബോധത്തിലൂടെ മാത്രം ലഭ്യമാവുന്ന സൗന്ദര്യാനുഭവത്തിന്റെ സവിശേഷമായ വിസ്തൃതിയിലേക്ക് വിമോചിപ്പിക്കുന്നു.സ്വന്തം ലോകം പൊടുന്നനെ വലുതായിത്തീർന്നതിന്റെ താരതമ്യം സാധ്യമാവാത്ത ആനന്ദമാണ് അവ അവർക്ക് നൽകുന്നത്.
ആത്മാനുരാഗത്തിന് താൻ അന്യയാ(നാ)ണ് എന്നറിയുമ്പോഴുള്ള ആനന്ദം/വേദന നൽകുന്ന അനുഭവം എന്ന ഏറെക്കുറെ അപരിചിതം തന്നെയായ അർത്ഥം കൈവരുന്നുണ്ട് സിന്ധുവിന്റെ ചില കവിതകളിൽ.
നമ്മിലൊരാളില്ലാതായപ്പോൾ കരുതി
ഞാൻ നമ്മളാണെന്ന്
അപ്പോഴൊക്കെയും അവരോർമപ്പെടുത്തി
ഞാൻ ഞാൻ മാത്രമാണെന്ന്
പിന്നെ ഞാൻ മാത്രമാണെന്നു കരുതി
അപ്പൊഴോ, നമ്മളാണെന്ന്!
(നമ്മൾ)
മാറിനിന്നെത്ര കണ്ടിട്ടും
ഞാനേ, നീ തന്നെയെങ്ങും.
(യാത്രാമൊഴി)
എന്നിങ്ങനെയുള്ള വരികൾ നൽകിയ അനുഭവത്തോട് ചേർത്തു വെക്കാവുന്ന ഒന്ന് ഞാൻ മുമ്പ് മറ്റെങ്ങും കണ്ടതായി ഓർക്കുന്നില്ല.
അണിയിച്ചിരുന്ന എല്ലാ അലങ്കാരങ്ങളും അഴിച്ചുവെച്ച് കവിതയെ അത്രയും നഗ്നയായി നോക്കിക്കാണുന്നതിൽ ആനന്ദമനുഭവിക്കുന്ന ഈ കവയിത്രിയുടെ രചനകളിൽ അലങ്കാരങ്ങളായി കാണപ്പെടുന്നവ വാസ്തവത്തിൽ അലങ്കാരങ്ങളല്ല.പൂർവനിശ്ചിതമായ യാതൊന്നിന്റെയും കൈത്താങ്ങില്ലാത്ത കേവലമായ അനുഭവിക്കൽ എന്ന സൂക്ഷ്മസാധ്യതയുടെ സാക്ഷാൽക്കാരം കൊണ്ടു മാത്രം യാഥാർത്ഥ്യമായിത്തീരുന്ന സാന്ദ്രസൗന്ദര്യാനുഭവത്തിന്റെ അയത്‌നലളിതമായ വിനിമയത്തെ ശീലബലം കൊണ്ട് നാം അലങ്കരണങ്ങളായി തെറ്റിദ്ധരിച്ചു പോവുന്നതാണ്.
വേലിക്കൽ പൂത്തുനിൽക്കും ചെമ്പകം
തൈത്തോടിന്റെ നേർത്ത ചാലിലൂടപ്പോൾ
പൂവഞ്ചിയോടിപ്പിക്കും
എന്നതു പോലുള്ള മനോഹാരമായ ഗ്രാമദൃശ്യങ്ങളുടെ ഒഴുകി നീങ്ങലും
പലപ്പോഴും ഓരോ വാക്കും
ഒരു സമയത്തിന്റെ ആവശ്യമാണ്
സമയം തെറ്റിച്ചേർക്കുന്ന കറിക്കൂട്ടുകൾ പോലെ
അസമയത്ത് അവ മാറിത്തന്നെ നിൽക്കും
എന്ന് അനുഭവജന്യമായ വലിയൊരു തിരിച്ചറിവിന്റെ അടുക്കളയുടെ അന്തരീക്ഷത്തിലെ കൗതുകകരമായ പുനർജനിയും
ഊൺമേശ നനവിലൊട്ടുന്ന
മെലിഞ്ഞ മുടിയിഴ
കട്ടിലിൽ നനഞ്ഞു തൂങ്ങുന്ന
നനവുള്ള പാവാട
നീലയമരിയെണ്ണ മണക്കുന്ന
പഴയൊരു തോർത്തുമുണ്ട്
ഇമികുമെടഞ്ഞ മുറത്തിന്റെ കോണിൽ
പച്ചക്കറി ഞരമ്പുകൾ
തൂതത്തതിൻ ബാക്കി പൗഡർ
തൊട്ടതിൻ ബാക്കി പൊട്ടുകൾ
ചാരാത്ത മുറിയാകെ
പൂക്കുന്നൊരാൾ ഗന്ധം
എന്ന് വസ്തുസ്ഥിതി കഥനത്തിന്റെ ഐന്ദ്രിയാനുഭവത്തിലേക്കുള്ള അയത്‌നലളിതമായ പരിണാമവും കവിതക്കുള്ളിലെ അലങ്കാരപ്പണികളെ കവിഞ്ഞു നിൽക്കുന്നവ തന്നെയാണെന്നതിൽ എനിക്ക് സംശയമേ ഇല്ല.
പകലൊടുങ്ങി
പുഴക്കരയിലൊരു കാറ്റ്
തനിയെ വീശി
എന്നും
ആരുമില്ലായ്മ കൂടുതേടുന്ന
കൂരിരുട്ടുള്ള രാത്രി തൻ
നേർത്ത ചില്ലകൾ
എന്നും വായിക്കുമ്പോൾ ഓർമയിലെത്തുന്നത് പ്രാചീന ചൈനീസ് കവിതകളും ജാപ്പാനീസ് ഹൈക്കുകളുമൊക്കെയാണ്. കവിതയുടെ സാർവലൗകികതയെയും സാർവജനീനതയെയും കുറിച്ചുള്ള ബോധ്യത്തിലേക്ക് വിശേഷിച്ചൊന്നും ഭാവിക്കാതെ വായനക്കാരെകൊണ്ടു ചെന്നെത്തിക്കുന്ന ഇത്തരം സന്ദർഭങ്ങൾ സിന്ധുവിന്റെ കവിതകളിൽ പലേടത്തായി ഉണ്ട്.അവ്യാഖ്യേയമായ ചില അനുഭവങ്ങൾ ഒരു വിശദീകരണത്തിലേക്കും പരാവർത്തനത്തിലേക്കും പരിവർത്തനപ്പെടാൻ തയ്യാറില്ലാത്ത അവയുടെ ഏകാന്തമായ നില്പിലൂടെ സിന്ധുവിന്റെ കവിതകളിൽ അപൂർവസുന്ദരമായ വായനാനുഭവത്തിന്റെ ഉറവകളായി മാറുന്നു.
കവയിത്രിയുടെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായി എനിക്ക് തോന്നുന്നത് ജീവിതത്തിൽ ഏറ്റവും സാധാരണവും അതുകൊണ്ടു തന്നെ ഏറ്റവും സ്വാഭാവികവും ന്യായയുക്തവും എന്ന് പൊതുസമൂഹം കരുതുന്നവയുമായ അതിരുകളെയും മനുഷ്യബന്ധങ്ങളെ സംബന്ധിച്ചുള്ള സാമ്പ്രദായിക ധാരണകളെയും മനസ്സിലെടുക്കാതെ മുന്നേറുന്നതിൽ അവർ കാണിക്കുന്ന കഴിവാണ്.ഈ കഴിവ് അവരുടെ കവിതയെ വളരെ അനായാസമായി രാജ്യാതിർത്തികൾ കടന്ന് പോവാൻ അനുവദിക്കുന്നു.അങ്ങനെ സാർവദേശീയതയുടെ ഒരു തലം,ഭൂപടത്തിലെ അതിരുകൾ ഭേദിച്ച് മനുഷ്യരാശിയെ ആകമാനം പുൽകുന്ന ഒരു തലം സിന്ധുവിന്റെ പല കവിതകളിലും അനന്യമായൊരു സൗന്ദര്യാനുഭവത്തിന്റെ പ്രഭവകേന്ദ്രം തീർക്കുന്നു.
ഈ സമാഹാരത്തിലെ ഓരോരോ കവിതയും എങ്ങനെയൊക്കെ അവയുടെ അസ്തിത്വത്തെ ന്യായീകരിക്കുന്നുവെന്ന് ഓരോ വായനക്കാരിയും/വായനക്കാരനും സ്വന്തമായിത്തന്നെ തിരിച്ചറിയും.അവരെ മുൻധാരണകളുടെ വേലികെട്ടിയ
വഴിയിലെത്തിക്കുന്നതിനു വേണ്ടിയല്ല ഇത്രയും ഞാൻ എഴുതിയത്.ഈ കവിതകൾ വഴി അകത്തെത്തിയ വായുവിനും വെളിച്ചത്തിനും സുഗന്ധങ്ങൾക്കും നന്ദി പറയുകയായിരുന്നു ഞാൻ.’
Click this button or press Ctrl+G to toggle between Malayalam and English