നിശബ്ദകാഹളം

 

രാവിൻ ദലങ്ങൾ കിളിർക്കുമാ കുളിരരുവിക്കാറ്റിൽ പിന്നെ ഒരോന്നായി കൊഴിഞ്ഞു

രാഗപുഷ്പാർച്ചന നടത്തും നാടിൻ നിലനിൽപ്പിനായി നന്മപൈങ്കിളികൾ

നീരദസ്വപ്നങ്ങൾ എങ്ങോ മറഞ്ഞു യവനികയ്ക്കു പിന്നിൽ എന്നുമാ താവളത്തിൽ

നീലം മുക്കിയൊരാടയണിഞ്ഞീയാകാശം നിറഞ്ഞു തൂകും പുഞ്ചിരിക്കിണ്ണം മീതെ

പവിഴപ്പുറ്റു കണക്കെ മേഘങ്ങൾ പിന്നിക്കിടക്കുന്നു പിണങ്ങാതെയീ തോഴർ

പറക്കും വെള്ളപ്പറവകളായി പടികൾ കയറിയിറങ്ങി ചിറകുകൾ വീശിയാസ്വദിച്ച്

വെള്ളിപൂങ്കുലകൾ പോലവയെ പിടിച്ചു കുലുക്കും ചില നേരം മാനവികാരം

വെയിലിൻ കട്ടി കൂടുമ്പോൾ തിളക്കത്തോടുജ്ജ്വല പ്രവാഹമീ സമാധാനക്കൂടകൾ

അർക്കനൊറ്റയ്ക്കാവില്ലെപ്പോഴും കൂടെ കനിവിൻ തോരണങ്ങൾ തിരകളായി

അകലങ്ങൾ താണ്ടും മണ്ണിലേയ്ക്കിറങ്ങും വാനലിവിൻ നിറച്ചന്തം പൂശും

പ്രഭാതവഴിയിൽ പുണ്യം പകർന്നിടും എത്രയോ ജാലങ്ങൾ പിറക്കുന്നു ആരുമറിയാതെ മന്ത്രം

പ്രകൃതി തൻ പുലർപ്പാട്ട് അവസാനമില്ലാ ജീവിതത്തുടിപ്പുകളായി കേട്ടുണരും

പാലം കടന്നു മദ്ധ്യാഹ്നപഥത്തിലെത്തിടും ഭൂമി ഭ്രമണത്തിലാം സൂര്യസംഗീതപൂരം

പാവക്കുട്ടികൾ പോൽ പതിയെ തെന്നലിലാലോലം മലർക്കൂട്ടം തേങ്ങലുകൾ മറന്നു

പരിഭവപൂവിലയം മനസ്സിൻ അകത്തളങ്ങളിലെന്ന പോൽ മിഴികളിൽ മിനുക്കം

പലനാളുകൾ പോകുന്നിങ്ങനെ കൊടിമുടികളിളകാതെ പോൽ കാലവൃക്ഷം

വളരുന്നു പടരുന്നു മഴവില്ലിൻ വരകളായി വിളയും വർണ്ണവേദനകൾ ലോകത്തിൽ

വറ്റാത്തയഴകിൻ തരികൾ പന്തലിച്ചു കയറുന്നീ ധരണി തൻ മൃദുസ്പന്ദനങ്ങളെപ്പോഴും

ശ്രദ്ധിക്കാതിരിക്കുമ്പോളുമതു ഹൃദയതാളമായി ഒഴുകും ചോലനീരുറവയിൽ നിന്നു

ശ്രവണമാധുര്യം മൗനനിമിഷങ്ങളിൽ തെളിയും വെൺച്ചിത്രത്തിലാ ചേതനകൾ

പകൽഗൃഹത്തിൻ കോണുകളിൽ ആനന്ദയൊളി കത്തിടുമ്പോൾ ആത്മാവിൻ ആശങ്കകൾ

പനിനീർമുള്ളുകൾ പോലൊരുമയോടീ സുഖദു:ഖഭാവങ്ങൾ സാദരം സമൃദ്ധമായി

ഒരിക്കലും നിർവൃതിയിലാണ്ടു നിദ്ര പൂണ്ടിരുന്നിടാതെ നേരിടാം മുങ്ങിത്തപ്പാം

ഒരു നേരവും കളയാനാവില്ല ഓരോ ദിനവും പിന്നിടും ഓർമ്മകളായിടും യാത്രയിൽ

സത്യമെന്നെങ്കിലും അടുത്തെത്തിടുമീ സഞ്ചാരത്തിലന്നു പറഞ്ഞിടാനത്രയും അനുഭവങ്ങൾ

സർവ്വയറിവിനാഗ്രഹമെന്നാൽ എത്രയെന്നു കണക്കില്ലാതെ തുടരുന്നു യാത്രികർ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English