നിശബ്ദസ്നേഹം

 

കോളേജ് ലൈബ്രറിയിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് ആദ്യമായി അവളെ മുഖാമുഖം കാണുന്നത്. തലയിൽ നിന്നും ഊർന്നു പോകാൻ തുടങ്ങിയ നീലത്തട്ടം വലിച്ച് നേരെയിട്ട് കയ്യിലൊതുക്കിപ്പിടിച്ച പുസ്തകവുമായി വരുന്ന അവളെ ഒന്ന് നോക്കാതിരിക്കാനായില്ല. നീല വസ്ത്രങ്ങളിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. അവൾ ചിരിച്ചു. തിരിച്ചും ചിരിക്കാൻ ശ്രമിച്ചു.. കഥാകൃത്തെന്ന നിലയിൽ അറിയപ്പെടുന്ന ആളായതു കൊണ്ട് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പാട്ടിലും ഡാൻസിലുമൊക്കെ സമ്മാനങ്ങൾ വാങ്ങാറുള്ള അവളെയും കോളേജിൽ എല്ലാവർക്കും അറിയാം.
പിന്നെയും പലപ്പോഴും അവളെ കണ്ടുകൊണ്ടിരുന്നു. മിക്കവാറും ലൈബ്രറിയിൽ വെച്ച്..

വസ്ത്രധാരണത്തിലെ വ്യത്യസ്തതയാണോ ..പുസ്തകങ്ങളിലുള്ള താൽപര്യമാണോ അവളെ കൂടുതൽ ഇഷ്ടമാകാൻ കാരണം..രണ്ടുമാകാം.ഒരേ നിറമുള്ള വസ്ത്രങ്ങൾ അവളുടെ പ്രത്യേകതയായിരുന്നു. കാമ്പസിലൂടെ അവൾ നടന്നു പോകുമ്പോൾ ഒരു പൂമ്പാറ്റ പറന്നു നടക്കുന്നതു പോലെയാണ് തോന്നുക.
ഇഷ്ടമാണെന്ന് പറഞ്ഞാലോ..വേണ്ട അവൾ എന്താ പറയുക എന്നറിയില്ല. എപ്പോഴും ഓർക്കും. ഇന്ന് പറയണം. അല്ലെങ്കിൽ പിന്നെയാവട്ടെ..നേരെ കാണുമ്പോൾ കരുതി വെച്ച ധൈര്യം എവിടെയോ ചോർന്നു പോകുന്നത് പോലെ. പറയാനുള്ളതെല്ലാം എഴുതിക്കൊടുക്കാൻ തീരുമാനിച്ചു..

അവളുടെയടുത്തെത്തുമ്പോൾ കൈകൾ വിറയ്ക്കും. അവൾക്കായി എഴുതിയ കത്തുകൾ അയാളുടെ പുസ്തകങ്ങളിലിരുന്ന് സ്വപ്നങ്ങൾ കണ്ടു.ലൈബ്രറിയിൽ വായിച്ചു കൊണ്ടിരിക്കവെ ഇടയ്ക്ക് തലയുയർത്തി നോക്കുമ്പോൾ തന്നെ നോക്കിയിരിക്കുന്നതു കാണാം,ഇഷ്ടമാണെങ്കിൽ അവൾക്കും പറയാമല്ലോ?
അവരുടെ പ്രണയം നിശബ്ദമായി കടന്നു പോയി. നോട്ടങ്ങളിൽ മാത്രം കഥാകൃത്തും കലാകാരിയും സ്നേഹം പങ്കിട്ടു. ഒരു ദിവസം ലൈബ്രറിയിൽ നിന്നും വളരെ നേരമെടുത്ത് ഒരു പഴയ പുസ്തകം തിരഞ്ഞു കിട്ടിയതിന്റെ സംതൃപ്തിയിൽ പുറത്തിറങ്ങുകയായിരുന്നു അയാൾ. അവൾ എതിരെ വരുന്നുണ്ടായിരുന്നു. പതിവുപോലെ ചിരിച്ചിട്ട് അവൾ കടന്നു പോയില്ല. അയാൾക്ക് മുന്നിൽ നിന്നിട്ട് പുസ്തകത്തിൽ നിന്നും എന്തോ വലിച്ചെടുത്തു.അയാളുടെ ഹൃദയം പടപടാ മിടിച്ചു. ഒടുവിൽ തനിക്കില്ലാത്ത ധൈര്യം അവൾക്കുണ്ടായിരിക്കുന്നു.. പുസ്തകത്തിൽ നിന്നുമെടുത്ത കാർഡ് അയാൾക്ക് നീട്ടി. ഗ്രീറ്റിംഗ്സ് കാർഡായിരിക്കണം അവൾ നടന്നകന്നപ്പോഴാണ് അയാൾ കാർഡിലേക്ക് നോക്കിയത്. കല്യാണക്കാർഡാണെന്നറിഞ്ഞപ്പോൾ ഒരു നടുക്കം അയാളിൽ പടർന്നു.
ഒരു പാട് ദു:ഖങ്ങൾ അലട്ടുമ്പോൾ പോയിരിക്കാറുള്ള വാകമരച്ചുവട്ടിലേക്ക് അയാൾ നടന്നു.കാർഡ് പതിയെ കവറിൽ നിന്നും വലിച്ചെടുത്തു.അതിനൊപ്പം ഒരു കടലാസ് താഴേക്ക് വീണു. മനോഹരമായ കറുത്ത അക്ഷരങ്ങൾ..’’എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു,കഥാകൃത്തെന്ന് അറിഞ്ഞതു മുതൽ..നിങ്ങളുടെ കഥ കോളേജ് മാഗസിനിൽ വായിച്ചതു മുതൽ..എന്തോ ഒരിഷ്ടം തോന്നി.എപ്പോഴെങ്കിലും എന്നോട് സംസാരിക്കുമെന്നും കരുതി.പെട്ടെന്ന് വന്ന ആലോചന വീട്ടുകാർ ഉറപ്പിച്ചപ്പോൾ മറുത്തൊന്നും പറയാനില്ലായിരുന്നു. എന്നെ ഇഷ്ടമാണെന്ന് എപ്പോഴെങ്കിലും ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിലെന്ന് ആ നിമിഷം വെറുതെ ആഗ്രഹിച്ചു പോയി…വിവാഹത്തിന് വരാതിരിക്കരുത്.സ്നേഹം എന്നും മനസ്സിൽ തന്നെ ഉണ്ടായിരിക്കട്ടെ.’’
ഇഷ്ടമാണെന്ന് പറയാൻ തുനിഞ്ഞ നിമിഷങ്ങൾ..എഴുതി വെച്ച ഒത്തിരി കത്തുകൾ..ഒടുവിൽ..
അവൾ മറ്റൊരാളുടെ സ്വന്തമാകുന്നത് കാണാൻ വയ്യാത്തതു കൊണ്ട് വിവാഹത്തിന് പോയില്ല. നിറഞ്ഞ ചിരിയുമായി ഇപ്പോഴും അവൾ മനസ്സിൽ പറന്നു നടക്കുന്നുണ്ട്.പിന്നെ ഇതു വരെ കാണാൻ കഴിഞ്ഞിട്ടില്ല. വിവരങ്ങൾ അറിയാനായിട്ടില്ല. ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഭർത്താവും കുട്ടികളുമായി സുഖമായിരിക്കുന്നു എന്നറിഞ്ഞാൽ മതി.. നിശബ്ദപ്രണയത്തിന്റെ നഷ്ടവേദനയായി അവളുടെ നോട്ടം ഇപ്പോഴും അയാളുടെ മനസ്സിലെവിടെയോ ആഴ്ന്നിറങ്ങുന്നു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleറെയില്‍വേയില്‍ അപ്രന്റിസ്; ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം
Next articleമാസ്റ്റര്‍ പ്ലാന്‍
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English