ഒന്ന്
ശബ്ദമല്ല ശല്യം
നീയാണ് നിതാന്ത ശബ്ദശല്യം
രണ്ട്
വീടിന്റെയും തെരുവിന്റെയും
ശബ്ദായമാനമായ അന്തരീക്ഷത്തിൽപ്പോലും
എന്റെ നിശ്ശബ്ദതയ്ക്ക്
ഒരു പോറലുമേൽക്കുന്നില്ല
മൂന്ന്
ചോദ്യങ്ങൾക്ക് വേണ്ടി
നീ ചോദ്യമുയർത്തുന്നു
ഇവിടെ അങ്ങനെയല്ല
ഉത്തരങ്ങളെയാണ്
നിരന്തരം നിശ്ശബ്ദം
ചോദ്യമുനയിൽ ക്രൂശിക്കുന്നത്
നാല്
കാഴ്ച
പെടാപ്പാടല്ലേ
കാഴ്ചപ്പാടിന്റെ
പൊയ്ക്കാലിൽ നിന്നും
ഓടിപ്പോകാം
അനന്തതയുടെ പുൽമേടിലേക്ക്
അഞ്ച്
സ്നേഹപ്പട്ടിണി സഹിക്ക വയ്യ
വായയ്ക്കും വയറ്റിനുമിടയിൽ
ഒരു ഹൃദയം ഉണ്ടെന്ന സത്യം
നിന്നെ കൂടെക്കൂടെ
ഓർമ്മിപ്പിക്കട്ടെ
ആറ്
സ്വപ്നത്തിനുള്ളിൽ
ഉണർന്നിരിക്കുമ്പോഴുള്ള
അനുഭൂതി
പ്രപഞ്ചവുമായുള്ള
സംവാദത്തിൽ നിന്നും
പിറവിയെടുക്കുന്ന
പൂർണ്ണത
ഇങ്ങനെയൊക്കെ
നിർവചിക്കാമെങ്കിലും
എല്ലാ നിർവചനങ്ങളെയും
അവസാനം അത് വിഴുങ്ങിയേക്കും
ഏഴ്
ഒരു നീലാകാശനുറുങ്ങിന്റെ
നിശ്ശബ്ദത
രണ്ട് പഞ്ഞി മേഘങ്ങൾക്കിടയിൽ
തഴയ്ക്കുന്നു തളരാതെ
ബോധത്തിന്റെ വളക്കൂറിൽ
ഭാവശൂന്യതയുടെ മുകതയിൽ
അത് ചിലപ്പോൾ അന്ധാളിച്ചു നിൽക്കും
ചിലപ്പോൾ അക്ഷുബ്ധമാകും
ചിലപ്പോൾ അമർഷപ്പെടും
എട്ട്
കട്ട കെട്ടിയ ചോരയുടെ
സംഗീതമായി നിശ്ശബ്ദത എമ്പാടും
കേൾക്കും പോലെ അനായാസമാകുമൊ
കടലാസ്സിലേക്ക്
പകർത്തുന്നത്