നോക്കുകുത്തികൾ

 

 

നോക്കുകുത്തികൾ.”കണ്ണപ്പാ, നോക്കുകുത്തികൾക്കായി ഒരു പുരസ്കാരം ഏർപ്പെടുത്തിയാലോ എന്നാലോചിക്കുകയാണ്. എന്താ നിൻ്റെ അഭിപ്രായം?”

രാമേട്ടൻ്റെ ചോദ്യം എന്നെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു.

” ഇപ്പോൾ ഇങ്ങനെ തോന്നാൻ?”
ഞാൻ ഒരു വിധത്തിൽ ചോദിച്ചു.

“അല്ല, ഇനിയിപ്പോൾ അവറ്റകളെ എന്തിനു മാറ്റി നിർത്തണം. ഇരിക്കട്ടെ നോക്കുകുത്തികൾക്കും ഒരു പുരസ്കാരം “

താടി ചൊറിഞ്ഞു കൊണ്ട് രാമേട്ടൻ പറഞ്ഞു.

” കാര്യമായിട്ടാണോ രാമേട്ടൻ പറയുന്നത്?”

“കാര്യമായിട്ടു തന്നെ. നാട്ടിലെ മികച്ച നോക്കുകുത്തിക്ക് ഒരു പൊന്നാടയും ഒരു പൊൻമാലയും. എൻ്റെ വക.”

രാമേട്ടൻ പ്രഖ്യാപിച്ചു.

“എങ്കിൽ ഇന്നു തന്നെ വാർത്ത കൊടുക്കാം.”

” അതേ, ഇന്നുതന്നെ കൊടുത്തോ.പ്രധാന പത്രങ്ങളിലെല്ലാം വാർത്ത വരണം.”

പിറ്റേന്ന് ‘നോക്കുകുത്തി’ അവാർഡിൻ്റെ വാർത്ത എല്ലാ പത്രങ്ങളിലും പ്രാധാന്യത്തോടെ വന്നു. ആശ്ചര്യം അതൊന്നുമല്ല, വാർത്ത വന്നതിൻ്റെ പിറ്റേന്നു മുതൽ അപേക്ഷകളുടെ പ്രവാഹമായിരുന്നു. ഒരു നോക്കുകുത്തിയുടെ അപേക്ഷ ഇപ്രകാരമായിരുന്നു.

“സാർ,
ഈ നാട്ടിലെ നമ്പർ വൺ നോക്കുകുത്തി ഞാനാണ്. എത്ര വലിയ അനീതിയും അക്രമവും നടന്നാലും കണ്ടില്ലെന്നും കേട്ടില്ലെന്നും വയ്ക്കാൻ എനിക്കു പറ്റും.അവാർഡു കമ്മിറ്റി ആവശ്യപ്പെടുകയാണെ
ങ്കിൽ എത്ര വേണമെങ്കില്ല അനുഭവങ്ങൾ പറയാൻ ഞാൻ തയാറാണ്. ഈ പുരസ്കാരം എനിക്കു നൽകണമെന്ന് ഞാൻ അപേക്ഷിക്കുന്നു….”

ഇതുപോലുള്ള ആയിരത്തോളം അപേക്ഷകൾ വായിച്ച് രാമേട്ടൻ പൊട്ടിച്ചിരിച്ചു.

” ഇപ്പോൾ എന്തു പറയുന്നു?”

രാമേട്ടൻ ചോദിച്ചു.

” ഇത്രയും പ്രതീക്ഷിച്ചില്ല.”

അപേക്ഷകൾ ഇത്രയധികം ഉള്ള സ്ഥിതിക്ക് പത്തു നോക്കുകുത്തികൾക്ക് സ്പെഷ്യൽ ജൂറി അവാർഡ് കൂടി നൽകാം, അല്ലേ?”

“ഇരുപതായാലും കുഴപ്പമില്ല. നോക്കുകുത്തികൾ ഒന്നിനൊന്നു കേമം.”

” എങ്കിൽ ലോക നോക്കുകുത്തി ദിനത്തിന് അവാർഡ് വിതരണം “

” അങ്ങനെയൊരു ദിനമുണ്ടോ?”

” ഇല്ലെങ്കിൽ ഉണ്ടാക്കണം. ദിനാചരണങ്ങൾ ഇല്ലാത്ത ഒരു ദിവസം പറയൂ.”

“ഒരു രക്ഷയുമില്ല രാമേട്ടാ. ഫെബ്രുവരി 29 മാത്രമെ ഒഴിവുള്ളൂ.”

” മതി, നാലു വർഷത്തിൽ ഒരിക്കലായാലും കുഴപ്പമില്ല. ഫെബ്രുവരി 29 ലോക നോക്കുകുത്തി ദിനം”

അത്രയും പറഞ്ഞ് രാമേട്ടൻ, ഇടയ്ക്കു നിർത്തിയ പൊട്ടിച്ചിരി വീണ്ടും തുടർന്നു.

*

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English