മൗനഭാവങ്ങൾ

 

 

വാക്കിൻ വാതിലിന്നപ്പുറം
മിഴികളിലൂടെത്തി നോക്കി
വാരിപ്പെയ്യുന്നോർമ്മകളായ്

അട്ടഹാസം ഭീഷണി മഴുവീശി
മുറിവേറ്റു പിടയ്ക്കും നാവിൽ
കുറുകും പ്രാവിൻ തേങ്ങലായ്.

കലഹച്ചാറ്റൽ നനയുമ്പോൾ
തുമ്മലും ചീറ്റലും പിടിക്കാതെ
നിവർത്തിപ്പിടിക്കും കുടയായ്

വിറയ്ക്കും വിരലുകളാലെണ്ണി-
ത്തീരാ കറയറ്റ മോഹങ്ങൾക്ക്
തീർക്കും വെറുപ്പിൻ വിലങ്ങായ്

വാക്കെരിയുമടുപ്പിന്നിന്ധനമാം
ചിന്തക്കൊള്ളിതന്നുമിക്കനൽ
വിഴുങ്ങുമധരത്തിൻ പുകച്ചിലായ്

സ്നേഹം പരിഭവ സ്മരണകൾ
അലസം മിഴികളിൽ കത്തിപ്പടരും
വിരസം പെയ്യും വിരഹത്തീയായ്‌

കദനം നൃത്തമാടും ഹൃദയവേദിയി-
ന്നിടനെഞ്ചിലിടയ്ക്കിടയ്ക്കയായ്
താളം ചേരും രാഗശ്രുതിയായ്

വിതുമ്പും സ്നേഹമായ് ചിരിച്ചിടും
വെറുപ്പിൻ ജ്വാലയായ് എരിഞ്ഞിടും
അറിവിൻ വെട്ടമായ് തിരി നീട്ടിടും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here