പലപ്പോഴും ചിന്തിച്ചിരുന്നിട്ടുണ്ട്, ആരാണ് ഈ “മൗനം സമ്മതം” എന്ന പഴമൊഴി കണ്ടു പിടിച്ചതെന്ന്. വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കുന്ന ഒരു “മൊഴി”. പലപ്പോഴും സ്വന്തം ഇഷ്ടം തുറന്നു പറയാൻ ധൈര്യമില്ലാത്ത ഒരു പാവം ആത്മാവിന്റെ നെഞ്ചിടിപ്പാണ് ഈ മൊഴിയുടെ പിന്നാം പുറം. അതോർക്കുമ്പോൾ വേദനിക്കാറുണ്ട്. തന്നിഷ്ടങ്ങൾക്കായോ, നിർബന്ധങ്ങൾക്കായോ, കാണാമറയത്തിരിക്കുന്ന ഒരു വഞ്ചനയുടെ മുഖംമൂടിയായോ അല്ലെങ്കിൽ ഭയവിഹ്വനങ്ങളുടെ പ്രേരണയാൽ മിണ്ടാപ്രാണിയായിപ്പോയ മൗനനൊമ്പരത്തിന്റെ ശാപമോക്ഷം കിട്ടാത്ത ഒരു “വാമൊഴി”യായ “പഴമൊഴി”.
മാദ്ധ്യമങ്ങളുടെ സാന്ദ്രത കൂടിയപ്പോൾ മൗനത്തിന്റെയും നിശബ്ദതയുടേയും ആഴവും വിസ്തീർണ്ണവും കൂടി. സംസാരം കുറഞ്ഞു അല്ലെങ്കിൽ “സംസാരശേഷി” കുറഞ്ഞു എന്നും കരുതാം! എസ്.എം.എസ്. ബന്ധുമിത്ര ബന്ധങ്ങളിൽ അകലങ്ങൾ സ്ച്ചപ്പോൾ പ്രണയബന്ധങ്ങൾക്ക് ആറ്റുകൂട്ടി എന്നു വേണം പറയാൻ! മുഖം കാണാത്ത വിനിമയ മാദ്ധ്യമങ്ങൾ ബാല്യചാപല്യങ്ങൾക്ക് വിപത്തുകളുടേയും, അവിശ്വാസത്തിന്റേയും വിത്തുകൾ പാകിയെന്നത് വ്യസനകരമായ മറ്റൊരു സത്യം.
എത്ര വ്യത്യസ്ത തരം മൗനങ്ങളും നിശബ്ദതകളും ഇന്നു നമുക്ക് ചുറ്റും, അല്ലേ? വ്യക്തമായ മറുപടിക്കോ, തീരുമാനത്തിനോ അവ്യക്തതയുടെ ചായം പൂശലിൽ മൌനം പാലിക്കാറുണ്ട്. ആ മൗനത്തിനർത്ഥം സമ്മതം എന്നല്ലല്ലോ? മനസ്സിൽ വിഷമം തിങ്ങി നിറയുമ്പോൾ മൌനം താനേ കൈവരും. അതൊരു സമ്മതത്തിന്റെ മുദ്രയല്ലല്ലോ! പ്രധിഷേധിക്കാൻ ബലിശരായവർ മൌനികളാവാറുണ്ട്. അവർ ഒന്നിനും സമ്മതം മൂളുകയല്ലാ എന്നതല്ലേ സത്യം? വിരഹദു:ഖങ്ങളിൽ മരിച്ചു വീഴുന്ന മനസ്സുകളിൽ നിന്നടരുന്ന ലിപികളില്ലാത്ത ഭാഷയായി മൗനം വാചാലമാവാറുണ്ട്. മനസ് പങ്കിട്ട പങ്കാളി ചവിട്ട് കുട്ടയിലേക്കെറിഞ്ഞപ്പോൾ രാത്രിയുടെ യാമങ്ങളിൽ ഏകനായിരുന്നു മൗനത്തിലൂടെ നിശബ്ദനായി നിലവിളിച്ചിട്ടുണ്ട്. അതും സമ്മതം മൂളുകയായിരുന്നില്ല.
മനുഷ്യമൂല്യം കൂടുമ്പോൾ മൗനവുമേറുമത്രേ! വളരെ കുറച്ചു വാക്കുകൾ ഉപയോഗിക്കുന്ന വാചാലരല്ലാത്ത മനുഷ്യൻ ഇക്കൂട്ടത്തിൽ പെടാം. ഇതിനു രസകരമായ ഒരു ഉദാഹരണം എവിടെയോ വായിച്ചതോർക്കുന്നു. “നാണയങ്ങൾ ചിലക്കും എന്നാൽ മൂല്യം കൂടിയ നോട്ടുകെട്ടുകൾ നിശബ്ദരായത്” ഇക്കാരണത്താലത്രെ!
കോപാഗ്നിയുടെ ശമനത്തിനേറ്റവും നല്ല മരുന്ന് മൗനമാണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ആ മൗനവും കോപത്തിനു സമ്മതം മൂളുകയായിരുന്നില്ല. ആവർത്തിച്ചാവർത്തിച്ചു വേദനിപ്പിച്ചാലും വിട്ടു പോവാതെ സ്നേഹിക്കുന്ന മനസ്സുകളുണ്ട്. ആ മനസ്സുകൾ പറഞ്ഞില്ലെങ്കിലും അവർക്കായി ഞാൻ പറയുന്നു, അവരങ്ങിനെ ചെയ്യുന്നത് വിഢികളായിട്ടല്ല, മറിച്ചു വെറുക്കാൻ അറിയാഞ്ഞിട്ടാണ്. സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു മനസ്സുള്ളത് കൊണ്ടാണ്. അത് മറക്കാതിരിക്കുക.
ശ്രീബുദ്ധൻ പറഞ്ഞതോർക്കുന്നു. ദൂരം നമ്മെ ഒരിക്കലും അകറ്റുകയില്ല എന്നാൽ തമ്മിൽത്തമ്മിലുള്ള മൗനം, അതു നമ്മെ വിദൂരത്താക്കും. ദേഷ്യപ്പെട്ടാലുണ്ടാവുന്ന വേദനയേക്കാൾ പതിന്മടങ്ങ് ആഴമായിരിക്കും മൗനം നൽകുന്ന വേദന. മൌനത്തിന്റെ മറ്റൊരു സവിശേഷത, നമ്മൾ വിചാരിക്കും പോലെ മൗനം ശൂന്യമല്ല. അതു തേടുമ്പോഴായിരിക്കും നമ്മൾ ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങളുടേയും ഉത്തരങ്ങൾ കണ്ടെത്തുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ മൗനം ആഴമേറിയ ഉത്തരങ്ങളുടെ കലവറയാണ്. അതുമാതിരി, മൗനം കൊള്ളാൻ വേണ്ടുന്ന ശക്തി അല്പമൊന്നുമല്ല. ഒരു വഴക്കുണ്ടായാൽ കോപിക്കാൻ വലിയ നിയന്ത്രണവും ശക്തിയും വേണ്ട, എന്നാൽ മൗനം കൊള്ളാൻ ഏറെ മനക്കരുത്തും ശക്തിയും വേണം. ആലോചിച്ചാൽ അറിയാം.
ഞാനോർക്കാറുണ്ട്, പണ്ട് ഒറ്റയ്ക്ക് ഒരു വീട്ടിൽ കഴിയേണ്ടി വന്നപ്പോൾ മൗനത്തിന്റെ വിലയറിഞ്ഞിട്ടില്ല. എന്നാൽ തിരക്കേറിയ തറവാട്ടിൽ, ആവി പറക്കുന്ന ചായക്കപ്പുമായി മറ്റെല്ലാവരും ഉണരുന്നതിനു മുൻപ് കോലായിൽ ചാരുകസേരയിൽ ഒറ്റക്കിരുന്നു ചൂട് ചായ ഊറിക്കുടിച്ചു ഉദിച്ചു പൊങ്ങുന്ന സൂര്യനെ നോക്കി കിളികളാരവം ശ്രവിച്ചങ്ങിനെ മൗനത്തിനു കീഴടങ്ങി ഇരിക്കുന്നതിന്റെ സുഖം! അങ്ങിനെ കിട്ടിയിരുന്ന കുറച്ചു സമയമായിരുന്നു അന്നത്തെ ദിവസങ്ങൾ നൽകിയിരുന്ന അമൂല്യനിമിഷങ്ങൾ! ഇന്ന് ഏറ്റവും നഷ്ടഭാരമായി തോന്നുന്നതും അതു തന്നെ.
ചലച്ചിത്രത്തിന്റെ ഇടവേള വരുമ്പോൾ ഞാൻ പലപ്പോഴും “മൗന”ത്തെ കുറിച്ചാണ് ഓർമ്മിക്കാറുള്ളത്. കാരണം, ആ ഇടവേള ഒരു ഇടക്കാല വേർപാടു പോലെ തോന്നിച്ചിട്ടുണ്ട്. അതു തന്നെയാണ് മൗനവും! മൗനം ഒരു ബലഹീനതയായി കാണരുത്. മറിച്ച്, ഒരു തിരിച്ചു വരവിനായുള്ള അല്ലെങ്കിൽ തിരിച്ചറിവിനായിട്ടുള്ള ഒരു ചെറിയ ഇടവേള മാത്രമാണ്.
മനസ്സിലാക്കുവാൻ ഒരു നല്ല മനസ്സുണ്ടെങ്കിൽ, ആ മനസ്സിന്റെ ശക്തമായ ഭാഷ മൗനമായാലും അതു ഭൂഷണം തന്നെ. കാരണം, ആ മൗനത്തിലും നമ്മെ മനസ്സിലാക്കുന്ന മനസ്സിനെ നെഞ്ചോട് ചേർത്തു നിർത്തി കാതോർത്താൽ വ്യക്തമായി കേൾക്കാം നിലക്കാത്ത എന്നെന്നും നമുക്കായുള്ള ആ ഹൃദയമിടിപ്പ്.
ഒരിക്കൽ എന്റെ ഒരു വാചാലനായ സ്നേഹിതനോട് ചോദിക്കാനിടയായി, എന്താണിന്നൊരു മൗനം? അദ്ദേഹം പറഞ്ഞ മറുപറ്റി, രസകരമായിരുന്നു.
സ്നേഹിതാ, “ജീവിതത്തിൽ ഇന്നാദ്യമായി ഒന്നു മനസ്സിലാക്കി. കണ്ണീരൊഴിക്കിയാൽ തോൽവി, ചിരിച്ചാൽ പരിഹാസം, വീട്ടിൽ മിണ്ടിയാലോ വഴക്കിൽ കലാശം. അതിൽ നിന്നും മനസ്സിലാക്കി. മൗനം തന്നെ ഭൂഷണം”.
ഇനി മറുപുറത്തേക്കു കടക്കാം. മുകളിൽ പറഞ്ഞ ഘടകവിരുദ്ധങ്ങൾ കൊണ്ട് ഉദ്ദേശിച്ചത്, “മൗനം സമ്മതം” എന്ന വാമൊഴി, അനർത്ഥമെന്നല്ല. മറിച്ചു, ആ വാമൊഴി സകലയിടത്തും തന്നിഷ്ടത്തിനും, കാര്യസാദ്ധ്യതയ്ക്കും ഉപയോഗിക്കരുതെന്നു മാത്രമെ ഞാൻ ഉദ്ദേശിച്ചുള്ളു.
എന്നാൽ, തുടക്കത്തിൽ പറഞ്ഞ മൗനം സമ്മതം എന്നതിനു, ജീവിതത്തിൽ ഒന്നല്ല രണ്ടാവർത്തി ഞാനും സാക്ഷിത്വം വഹിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുമുണ്ട്. രണ്ടാംവട്ടത്തെ ആദ്യം പറഞ്ഞിട്ട് ഒന്നാം വട്ടത്തിലേക്ക് വരാം. മൗനസമ്മതം തന്ന ആ മുഖത്ത് നോക്കി ഞാൻ ഇന്നു വരെ സമ്മതിച്ചിട്ടില്ലാത്ത സംഗതിയാണിത്. ഒരു പേടി! മൗനഭംജനമുണ്ടായാലോ? എന്റെ “സഖാവ്” (പ്രേയസി) എന്നോടൊത്തുള്ള ജീവിതത്തിൽ എന്റെ അഭിരുചിക്കനസൂയം മൗനസമ്മതം തന്നപോലെ മറ്റാരും എന്നോട് സമ്മതം മൂളിയിട്ടില്ല. വിശ്വാസമോ അളവില്ലാ സ്നേഹമോ? ഏതായാലും രണ്ടിനും അളവില്ലാത്ത ഉറവിടം! അതെ, കണ്ണിലെ കറുപ്പും, ചുണ്ടിലെ ചുവപ്പും, മുട്ടോളമെത്തും കാർകൂന്തലുമൊന്നുമായിരുന്നില്ല എന്റെ സഖാവിന്റെ ശരിയായ സൗന്ദര്യം. ഉള്ളിലെ വെളുപ്പും, പതിരില്ലാത്ത മനസിലെ പ്രണയവുമായിരുന്നു യഥാർത്ഥത്തിൽ ഞാൻ കണ്ട സുന്ദരിക്കുട്ടിക്ക്! ഇവിടെ ഞാൻ സമ്മതിക്കുന്നു. “മൗനം ഇന്നുവരെ സമ്മതം”. ഇന്നുവരെയുള്ള ഈ മൗനം ഒരു പുഞ്ചിരിയോടെ ഉള്ള മൗനമാണെന്ന് മാത്രം. എന്റെ ചോദ്യത്തിനുള്ള അക്കാലത്തെ ആ നീണ്ട മൗനം, എനിക്ക് കിട്ടാതെ പോയ മറുപടിയായി ഈ ജീവിതം മുഴുവൻ എനിക്കൊപ്പമുണ്ടാവും.
ഇനി ഒന്നാംവട്ടത്തെ “മൗനം സമ്മതം” എന്താണെന്ന് പങ്കിടാം. ബാല്യകാല സഖി, കൗമാരത്തിലൊരു പ്രേമചാപല്യമായപ്പോഴും, വർഷങ്ങൾക്ക് ശേഷം പക്വതയോടെ ആ ബന്ധം മനസ്സിലാക്കി താലോലിച്ചപ്പോഴും, ആ കഴുത്തിൽ വരണമാല്യം അണിയിക്കുന്ന സമയം വരെ ഞാൻ ചോദിച്ച ഒരു ചോദ്യത്തിനു സമ്മതമാണ് എന്നൊരു വാക്ക് എനിക്ക് കിട്ടിയിട്ടില്ല. ആശിച്ചിരുന്നു, മറുപടി ഉണ്ടാവണേ എന്നും അത് സമ്മതമാണ് എന്നായിരിക്കണേ എന്നും. എന്നാൽ ഉണ്ടായില്ല. അതെ, “മൗനം സമ്മതമായിരുന്നു”. എങ്ങിനെ സ്പഷ്ടമായി പറയുന്നു എന്നല്ലേ “മൗനമായി” നിങ്ങൾക്കേവർക്കും എന്നോടുള്ള ചോദ്യം? അതിനുള്ള ഉത്തരം, മുകളിലുള്ള രണ്ടാംവട്ടത്തിലുണ്ട്. ഒന്നുകൂടി വായിച്ചാൽ മനസ്സിലാവും.