ഓർമ്മകൾ
ഓലക്കുട ചൂടി വിദൂരതയിലമർന്നു.
സന്ധ്യ മയങ്ങുമ്പോൾ വിദൂരതയിലേക്കൊരു യാത്രയിനി അസാധ്യം.
കാണാവഴികളിൽ
കരിനിറച്ചാർത്തിൽ
മൺതിട്ടകളൊളിച്ചിരുന്നു.
കാളവണ്ടിക്കാരന്റെ ശബ്ദവും
കാളകളുടെ കാലൊച്ചയും
കാതുകളിലലക്കാത്ത
പകലിരവുകൾ
ഉദിച്ചസ്തമിച്ചുകൊണ്ടേയിരുന്നു,
ഓലക്കുടക്കീഴിൽ
മറഞ്ഞകലേക്കകന്ന അടയാളങ്ങൾ…
മുഖങ്ങളും രംഗങ്ങളും
മയിൽപ്പീലിവർണങ്ങൾ കണ്മുന്നിലേക്കെറിഞ്ഞു.
പുത്തൻ കാഴ്ചകളിലമരാൻ
വിധിക്കപ്പെട്ട കണ്ണുകളിൽ
സമ്മിശ്ര വികാരങ്ങൾ തിരിയുഴിഞ്ഞു.
ജീവിത നിമിഷങ്ങൾ ഓരോന്നും
അടയാളപ്പെടുത്തേണ്ടതായിരുന്നെന്ന്
ചിന്തകൾ വിധിയെഴുതി.
പെറുക്കിയെടുക്കാൻ അടയാളങ്ങൾ
തിരഞ്ഞ കൺകളിൽ
നിരാശക്കൂനകൾ കുന്നുകൂടി .
കാഴ്ചകളും ചിത്രങ്ങളും
മാഞ്ഞകന്ന കാൻവാസിൽ; ഇനിയൊരിക്കലും പുനർജനിക്കാത്ത പുലർകാല വെട്ടത്തിനായി തപസിരിക്കാമിനിയെക്കാലവും…
Click this button or press Ctrl+G to toggle between Malayalam and English