പിഴച്ച ചിന്തകൾ

 

 

കാഴ്ച്ച പിഴച്ചു പോയി,
കണ്ണാൽ നേരു ചുരന്നെടുത്ത
കാലവുമന്യമായി, പുറം മോടിയിൽ
കാലിടറി നാട്ടിടവഴി മാറി നിൽപ്പൂ.

ഒരിക്കൽ കുടിയിറങ്ങി
ചിറകടിച്ച ചിന്തയെല്ലാം
പതുക്കെ കൂടണഞ്ഞെൻ
നിഴൽ,ച്ചതുപ്പിൽ പൂണ്ടിരിപ്പൂ.

നഖക്ഷതങ്ങളുണ്ടെൻ
നിഴൽപ്പുറങ്ങൾ മൊത്തമായി
വള മുറിഞ്ഞ നൊമ്പരത്തിൽ
നിണം പൊടിഞ്ഞിരുന്ന പോലെ.

ഉടുപ്പു പഴയതായി,പിഞ്ഞും
മടക്കിൽ നൂലു പൊങ്ങി.
പേറു മറന്നു മച്ചിയായി
കണ്ണിൽ മറച്ച പീലിയെല്ലാം.

ഇറയിൽ തൂങ്ങിയാടും
പരമ്പു നിർത്തി നമ്മൾ
മനസ്സിൽ വീണ്ടെടുത്ത
പഴയ കാലമെല്ലാം
ഇരുളി,ലേകാന്തമായ
നനവു തുള്ളി ചോർന്ന്
ചുരുൾ മടക്കിലേക്കാ –
യുറഞ്ഞു പോയിരിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here