അരികുപറ്റുന്ന ജീവിതയിടങ്ങൾ

“കാടു വെട്ടിത്തെളിച്ച് കൃഷി ചെയ്തിരുന്ന കുടിയേറ്റ കർഷകരുടെ പക്കൽ നിന്നും മുതലാളി ആ സ്ഥലം മുഴുവൻ വാങ്ങുകയായിരുന്നു. തട്ടിപ്പറിച്ചെടുക്കുകയായിരുന്നു എന്നും പറയാം .മലമ്പനിയും മറ്റസുഖങ്ങളും ബാധിച്ച കർഷകരിൽ പലരും തുച്ഛമായ വിലക്കാണത്രെ അവ നൽകിയത് .തയ്യാറല്ലാത്ത ചിലരെ ആ നാട്ടിൽ നിന്നും വിരട്ടിയോടിച്ച് ആ സ്ഥലം സ്വന്തമാക്കാനും മുതലാളിക്കു കഴിഞ്ഞു .അതോടെ കുടിയേറ്റ കർഷകരുടെ കീഴിൽ പണിയെടുത്തിരുന്ന നാട്ടുകാരെല്ലാം മുതലാളിയുടെ അടിമകൾ അഥവാ ജോലിക്കാരായി മാറുകയായിരുന്നു .

മലയുടെ താഴ്വാരം വരെ നീണ്ടുകിടക്കുന്ന മുതലാളിയുടെ തോട്ടങ്ങൾക്കിടയിലൂടെയായിരുന്നു ആ നദി ഒഴുകിയിരുന്നത് ..മലനിരകളിൽ നിന്നും ഉത്ഭവിച്ച് ആ ഗ്രാമത്തിനു നടുവിലൂടെ കടന്നുപോയിരുന്ന അവൾ തികച്ചും നിരുപദ്രവകാരിയായിരുന്നു .
അവരും അവരുടെ വളർത്തുമൃഗങ്ങളും കാടിറങ്ങി വരുന്ന മറ്റു മൃഗങ്ങളുമെല്ലാം അവളെ ആശ്രയിച്ചു.
അങ്ങനെയിരിക്കെ ഒരിക്കൽ അവളെ കാണാതായി .അവൾ അവശേഷിപ്പിച്ചുപോയ വലിയ ഉരുളൻ കല്ലുകൾ മാത്രം ആ വഴികളിൽ ശേഷിച്ചു .അവളെത്തിരഞ്ഞു നടന്ന ആ നാട്ടുകാർ കാണുന്നത് മലയോടു ചേർന്ന് കാടിനടുത്ത് ,മുതലാളിയുടെ തോട്ടങ്ങൾക്കപ്പുറം മെലിഞ്ഞു വിളറിയ അവളുടെ മറ്റൊരു രൂപമാണ് . ഒരു രാത്രികൊണ്ട് അവളുടെ വഴി കൈക്കലാക്കിയ മുതലാളി അവളെ മലയടിവാരത്തിലേക്കു തിരിച്ചു വിട്ടു . തന്റെ തോട്ടത്തിനടുത്തു നിന്നും അവളെ മാറ്റുക വഴി അവളിരുന്നിരുന്ന ഇടം അയാൾ സ്വന്തമാക്കി .കൂടാതെ തോട്ടത്തിനടുത്തു നിന്നും വന്യമൃഗങ്ങളെ അകറ്റാനും കഴിഞ്ഞു .

ഗ്രാമത്തിൽ അങ്ങിങ്ങായി കിടന്നിരുന്ന നാട്ടുകാരായിരുന്നു മുതലാളിയുടെ അടുത്ത ഉന്നം .തന്റെ തോട്ടത്തിനടുത്തുള്ള അവരുടെ കിടപ്പാടങ്ങളെല്ലാം മുതലാളി സ്വന്തം പേരിലാക്കി . വിദ്യാഭ്യാസമില്ലാത്ത പാവങ്ങളെ പറ്റിച്ചും അതിൽ വീഴാത്തവരെ തന്റെ ഗുണ്ടകൾ മുഖേനയുമാണ് തന്റെ വരുതിയിൽ നിറുത്തിയത് .
പിന്നീട് അവർക്കെല്ലാം കാടിനടുത്തുള്ള തന്റെ സ്ഥലം മുതലാളി വീടുവെക്കാനായി നൽകുകയായിരുന്നു .അതോടെ അയാൾ നേടിയത് രണ്ടു കാര്യങ്ങൾ ആയിരുന്നു . ഒന്നാമതായി തന്റെ തോട്ടത്തിലുള്ള പണിക്കാരെ നിലനിർത്തുക .പുഴക്കരികിലുള്ള സ്ഥലം നൽകുന്നത് വഴി കാട്ടു മൃഗങ്ങൾ തന്റെ പറമ്പിൽ എത്തുന്നത് തടയുക …

തലമുറകൾ കഴിഞ്ഞു ,മുതലാളിമാരുടെയും തൊഴിലാളികളുടെയും മക്കളും ചെറുമക്കളുമാണിപ്പോൾ അവിടെ .ഇപ്പോഴത്തെ തലമുറയുടെ വിശ്വാസം അനുസരിച് മുതലാളി സൗജന്യമായി തന്ന സ്ഥലത്താണ് അവർ വസിക്കുന്നത് .ആ സ്ഥലങ്ങളുടെ പേപ്പറുകൾ പോലും അവരുടെ കയ്യിലില്ല … എങ്കിലും മുതലാളിയുടെ ദയാവായ്പ്പിനെ നമിച്ചും അയാളുടെ പറമ്പിൽ ജോലി ചെയ്തും അവരിപ്പോഴും കഴിഞ്ഞു കൂടുന്നു .”

രഘു പറഞ്ഞു നിറുത്തി. അവന്റെ മൂക്കിൻ തുമ്പിൽ വിയർപ്പു തുള്ളികൾ നിന്നിരുന്നു . കണ്ണട ഊരിമാറ്റി മുണ്ടിന്റെ തുമ്പ് കൊണ്ട് തുടച്ച ശേഷം യഥാസ്ഥാനത്തു വച്ചു കൊണ്ടവൻ വീണ്ടും അഖിലിനെ നോക്കി എന്തോ പറയാനാഞ്ഞു .
അഖിലാകട്ടെ ആ കഥയിൽ മുഴുകി രഘുവിൽ നിന്നും മിഴികൾ മാറ്റാതെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു .

“പണ്ട് മുതലേ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് അഖിൽ ഇവർ . അടിമത്തം അവരുടെ ഒരു ശീലമായിരിക്കുന്നു.
പക്ഷെ ഇത് …
അറിഞ്ഞുകൊണ്ടവരെ മരണത്തിലേക്ക് തള്ളിവിടാൻ എനിക്കെന്തോ ആവുന്നില്ല . അതുകൊണ്ടാണ് നിന്നെ ഇങ്ങോട്ടു വിളിച്ചത് . നേരിട്ട് ബോധ്യപ്പെടാത്തിടത്തോളം നിനക്കെല്ലാം കേൾവികളും കെട്ടുകഥകളും മാത്രമായിരിക്കും ”

ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്‌കൂളിലെ ഓഫീസ് റൂമിരിക്കുന്ന കെട്ടിട വരാന്തയിലായിരുന്നു രഘുവും അഖിലും .അവിടെയായിരുന്നു ക്യാംപിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്നത്. രഘു അതിന്റെ ചുമതലയുള്ള റവന്യൂ വകുപ്പിലെ സ്റ്റാഫും .

രണ്ടാഴ്ചകൾക്കു മുമ്പായിരുന്നു ആനപ്പാറ കോളനിയെ നടുക്കിയ ആ ഉരുൾപൊട്ടൽ . ഇരുപതു മണിക്കൂർ നിർത്താതെ പെയ്ത പേമാരിക്കൊടുവിൽ മണ്ണും മരങ്ങളും പെയ്തിറങ്ങി ,അവരുടെ സ്വപ്നങ്ങൾക്ക് മീതെ .പതിവില്ലാത്ത ശബ്ദങ്ങൾ കേട്ടവർ ഇരുട്ടിൽ പുറത്തേക്കിറങ്ങി. വന്യമൃഗങ്ങൾ പരക്കം പായുന്നതു കണ്ടവർ ഉറപ്പിച്ചു . പ്രകൃതിയുടെ കോപം തന്നെ. മിനിട്ടുകൾക്കകം അവിടമാകെ മണ്ണും വെള്ളവും ഇരമ്പിയെത്തി. ഓടിയൊളിക്കാൻ സ്ഥലമില്ലാതെ അവർ പരക്കം പാഞ്ഞു. കുട്ടികളെയും സ്ത്രീകളെയും സുരക്ഷിതരാക്കി നിർത്താൻ പുരുഷന്മാർ പാടുപെട്ടു. റോഡിനെ രണ്ടായി പിളർത്തി വലിയ ഗർത്തം രൂപപ്പെട്ടിരുന്നു അവർക്കും പുറം ലോകത്തിനുമിടയിൽ .
ഫയര്ഫോഴ്സും നാട്ടുകാരും അക്കരെ നിസ്സഹായരായി നിന്നു. അവർക്കിടയിലൂടെ നദി ഉഗ്രരൂപിയായ കുതിച്ചൊഴുകുകയായിരുന്നു .തന്റെ നഷ്ടപ്പെട്ട വഴികൾ വീണ്ടെടുത്തുകൊണ്ട് ,കല്ലുകളെയും മരങ്ങളെയും വഹിച്ചുകൊണ്ടവൾ നൃത്തമാടി .
ഒരു രാത്രിയും ഒരു പകലും നീണ്ട പരിശ്രമത്തിനൊടുവിലാണ് അവരെല്ലാവരും അക്കരെയെത്തിയത് .വീടുകളെല്ലാം തകർന്നടിഞ്ഞിരുന്നു .അതിനുള്ളിൽ അകപ്പെട്ട പത്തോളം മനുഷ്യജീവനുകളും കുറെ വളർത്തുമൃഗങ്ങളും പ്രകൃതിക്ഷോഭത്തിന്റെ നേരിട്ട് ഇരകളായി. അറുപതോളം കുടുംബങ്ങൾ തങ്ങളുടെ ഇന്നലെകൾ നഷ്ടപ്പെട്ട് ഈ ക്യാമ്പിനുള്ളിലും.

രഘു അംഗങ്ങളുടെ രജിസ്റ്റർ മറിച്ചുനോക്കിക്കൊണ്ടു പറഞ്ഞു . ഓഫീസിൽ മുറിക്കുള്ളിൽ ഹെല്പ് ഡെസ്കിന്റെ ബോർഡ് ഉണ്ടായിരുന്നു
റവന്യൂ വകുപ്പും പഞ്ചായത്തും പോലീസും അടങ്ങുന്ന ആളുകളുടെ പേരുവിവരങ്ങൾ ചുമരിൽ ഒട്ടിച്ചിരുന്നു. മുറിക്കുള്ളിലാകെ വിവിധ സന്നദ്ധ സംഘടനകളും ആളുകളും നൽകിയ ഭക്ഷ്യ വസ്തുക്കളാണ് .
ഇപ്പോഴും ആളുകൾ വന്നുകൊണ്ടിരിക്കുന്നു .പലരും ദുരന്തബാധിതരെ കാണാനും ചിലർ ഇത്തരം സഹായങ്ങളുമായും . വസ്ത്രങ്ങൾ കുന്നുകൂട്ടി ഇട്ടിരിക്കുന്നു .പലതും പഴയ വസ്ത്രങ്ങളാണ്.ആളുകൾ മുഷിഞ്ഞ വസ്ത്രങ്ങൾ ഒഴിവാക്കാനുള്ള ഒരു മാർഗമായിട്ടാണോ ഇത്തരം പ്രവർത്തികളെ കാണുന്നതെന്ന് സംശയിച്ചുപോകും . രഘുവിനെ കൂടാതെ ഒരു പോലീസുകാരനും പഞ്ചായത്തിലെ ഒരു ജോലിക്കാരനുമാണ് ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നത്. സന്നദ്ധപ്രവർത്തകർ വരുന്ന സാധനങ്ങൾ രേഖപ്പെടുത്തുകയും അടുക്കിവെക്കുകയും ചെയ്യുന്ന തിരക്കിലാണ് . ക്യാമ്പ് തുടങ്ങി രണ്ടാഴ്ചകൾ പിന്നിട്ടിട്ടും ആളുകൾ ഇപ്പോഴും സഹായങ്ങളുമായി വരുന്നു എന്നത് തന്നെ പ്രതീക്ഷനൽകുന്ന ഒരു ഘടകമാണ് .

ഒരു കൊച്ചുകുട്ടി തെല്ലൊരു നാണത്തോടെ വാതിലിനടുത്തു ചുറ്റിപ്പറ്റി നിന്നു. രഘു അവളെ അടുത്തേക്ക് വിളിച്ചു. അവളെന്തോ ചെവിയിൽ പറയുകയും രഘു അവളുമായി അപ്പുറത്തെ മുറിയിലേക്ക് പോകുകയും ചെയ്തു .ഇവനെത്ര പെട്ടെന്നാണ് കുട്ടികളോട് അടുക്കുന്നതെന്ന് അത്ഭുദത്തോടെ ഓർത്തു .

സന്നദ്ധപ്രവർത്തകരിലൊരാളായ ഹനീഫ ചായയുമായി വന്നു രണ്ടാഴ്ചയായി ക്യാമ്പിലാണ് ആൾ .യുവരശ്മി വായനശാലയുടെ ഭാരവാഹിയാണ് .വായനശാലയിലെ അംഗങ്ങളിൽ ഭൂരിഭാഗവും ഇവിടെയുണ്ട് .ചിലർ ക്യാന്റീനുകളിൽ ,ചിലർ ക്യാംപംഗങ്ങളുടെ മുറികളുടെ ചുമതലയിലും ഹനീഫയും മറ്റു രണ്ടുപേരും സ്റ്റോറിലും .
കഴിഞ്ഞ രണ്ടാഴ്ചയായി ജോലിക്കു പോകാൻ കഴിയാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടാൻ തുടങ്ങിരിക്കുന്നു എന്ന് ഹനീഫ പറയുമ്പോഴും അയാളുടെ കണ്ണുകളിൽ ഇപ്പോൾ ചെയ്യുന്ന പ്രവർത്തി കൊണ്ടുള്ള സംതൃപ്തിയായിരുന്നു . രഘുവിന്റെ സുഹൃത്താണെന്നും കുറച്ചു ദൂരെ നിന്നുമാണെന്നറിഞ്ഞപ്പോൾ രഘുവിന്റെ സേവനങ്ങളെക്കുറിച്ചു വളരെ സന്തോഷത്തോടെയാണയാൾ പ്രതികരിച്ചത്.  ഇങ്ങനെയുള്ളവരാണ് സർക്കാർ സർവീസിൽ വേണ്ടതെന്ന പക്ഷക്കാരനാണ് ഹനീഫ.

അരിയെടുക്കാൻ ക്യാന്റീനിൽ നിന്നും വന്ന ആളോടൊപ്പം ഹനീഫ സ്റ്റോറിലേക്കു നീങ്ങി . അഖിൽ പുറത്തേക്കിറങ്ങി .ഓഫീസ് വരാന്തയിൽ നിന്നാൽ തെല്ലകലെയായി നെല്ലിമരവും അതിനടുത്തുള്ള ക്ലാസ് മുറികളും കാണാം . അവിടെ നിന്നും മുകളിലേക്കാണ് മറ്റു ക്ലാസ്സുമുറികൾ. അവിടെയാണ് ഈ ആളുകളെ പാർപ്പിച്ചിരിക്കുന്നത് .

വഴിയാകെ ചെളിയാണ് ,അതിനാൽ തന്നെ വളരെ ശ്രദ്ധിച്ചാണ് ഹനീഫയും കൂടെയുള്ള ആളും അരിയും മറ്റു സാധനങ്ങളുമായി പോകുന്നത് .ഹനീഫയുടെ മുണ്ടിന്റെ ഒരറ്റം ചെളിയെയും വഹിച്ചുകൊണ്ടാണ് പോകുന്നത്. കൂടെ ചാറ്റൽ മഴയും നനയുന്നുണ്ട് രണ്ടുപേരും. എങ്കിലും എന്തൊക്കെയോ സംസാരിച്ചുകൊണ്ടവർ മഴയെയും ചെളിയെയും വകവെക്കാതെ ഭക്ഷണമുറി ലക്ഷ്യമാക്കി നടത്തം തുടർന്നു.
കയ്യിൽ രണ്ടു കാപ്പിക്കപ്പുകളുമായിട്ടാണ് രഘു വന്നത്. ഒന്ന് അഖിലിന് നേരെ നീട്ടി മറുകൈ കൊണ്ട് കാപ്പി കുടിക്കാൻ തുടങ്ങി. കുറെ കുട്ടികൾ വരാന്തയിലൂടെ ശാന്തരായി നടന്നു പുറത്തേക്കു പോയി. അതിൽ രഘുവിനെ വിളിച്ചുകൊണ്ടുപോയ നാണക്കാരിയും ഉണ്ടായിരുന്നു .കുടകൾ ചൂടി അവർ വരിയായി ക്യാമ്പിനെ ലക്ഷ്യമാക്കി നടന്നു .
“ഇവർക്ക് ഞാൻ കുറച്ചു ചിത്രങ്ങൾ വരച്ചു കൊടുക്കും .പിന്നെ കുറച്ചു കഥകളും .എല്ലാ ദിവസവും കുറച്ചു സമയങ്ങൾ ഞാൻ അവർക്കായി മാറ്റിവെക്കും .നേരത്തെ നമ്മുടെ അടുത്തേക്ക് വന്നവളാണ് നയന .രണ്ടാം ക്ലാസ്സുകാരിയാണ് .അവള് വരച്ച ചിത്രങ്ങൾ കാണിക്കാനാണ് എന്നെ വിളിച്ചുകൊണ്ടു പോയത് .”

“ഡ്രോയിങ് മാഷാവാനുള്ള നിന്റെ ആഗ്രഹം ഇങ്ങനെയെങ്കിലും സാധ്യമാകുന്നുണ്ടല്ലോ” അഖിൽ ചിരിച്ചുകൊണ്ട് പറഞ്ഞു

രഘു കുറച്ചു സമയം മൗനിയായി .പിന്നെ പറഞ്ഞു തുടങ്ങി.

“പരിഭ്രാന്തരായി ഇരിക്കുന്ന കുട്ടികളെയാണ് ഇവിടെ വന്ന ഞാൻ ആദ്യമായി കണ്ടത് .എല്ലാവരും പേടിച്ചരണ്ട നിലയിലായിരുന്നു .
ഒരു മൂന്നുവയസ്സുകാരി ആ ദിവസത്തിന് ശേഷം പിന്നീട് സംസാരിച്ചിട്ടില്ലത്രെ .മിക്ക കുട്ടികളുടെയും മുഖം പരിഭ്രാന്തമായിരുന്നു .അത് കൊണ്ടാണ് ഞാൻ തഹസിൽദാരോട് ചോദിച്ചുകൊണ്ട് ഇങ്ങനൊരു പഠന മുറി തയ്യാറാക്കിയത് .
കുട്ടികൾക്കുള്ള നോട്ടുബുക്കും മറ്റും പലരും തന്നു സഹായിച്ചു .

ആദ്യ ക്ലാസ്സിൽ ഞാനവരോട് എന്താണ് ഞാൻ വരക്കേണ്ടതെന്നു ചോദിച്ചു .പലരും പറഞ്ഞത് വീട് വരക്കാനാണ്. അവരോട് തന്നെ വരയ്ക്കാൻ പറഞ്ഞു ഞാൻ മാറിനിന്നു .ചിലരെല്ലാം അവരുടെ വീടിനെ വരച്ചിരുന്നു .എല്ലാറ്റിലും ആ നദിയുണ്ട് അവരുടെ മലയും.
ആ ചിത്രങ്ങളിൽ അവരുടെ നദി ശാന്തമായിരുന്നു .ആ രാത്രിയെക്കുറിച്ചു അവരോട് ചോദിക്കാൻ എനിക്ക് ധൈര്യം വന്നില്ല .

രണ്ടു മൂന്നു ദിവസങ്ങൾകൊണ്ട് കുട്ടികൾ തങ്ങളുടെ ഉല്ലാസം വീണ്ടെടുത്തു.അതിനിടയിൽ സുഹൃതുക്കളായ അധ്യാപകർ മുഖേന അവർക്കു കളിപ്പാട്ടങ്ങളൂം ബുക്കുകളും സ്‌ളൈറ്റുകളുമെല്ലാം സംഘടിപ്പിച്ചു .അധ്യാപകരിൽ ചിലർ വന്ന് ക്ലാസ്സുകളെടുക്കാനും തുടങ്ങിയപ്പോൾ അവരിൽ നിന്നും ഭീതികൾ ഓടിയൊളിക്കാൻ തുടങ്ങി .എല്ലാം മറക്കാനുള്ള കഴിവ് മുതിർന്നവരേക്കാൾ കുട്ടികൾക്കാണല്ലോ .പതിയെ അവരുടെ ശബ്ദങ്ങൾ ക്യാമ്പിനെ ശബ്ദായമാനമാക്കാൻ തുടങ്ങി

ഒരു ദിവസം നയന നാണത്തോടെ എന്റെയടുത്തേക്കു വന്നു .ബോർഡിൽ ചിത്രം വരച്ചു കൊടുത്തിട്ട് കുട്ടികളുടെ ഇടയിൽ ഇരിക്കുകയായിരുന്നു ഞാൻ . ഒരു ചിത്രം വരച്ചുകൊടുക്കണം അതായിരുന്നു അവളുടെ ആവശ്യം . ഞാൻ പേപ്പറും പെൻസിലുമെടുത്ത് എന്താണ് വരക്കേണ്ടതെന്നു ചോദിച്ചു .
കുറച്ചു സമയമെടുത്താണവൾ മറുപടി പറഞ്ഞത് .
അഖിൽ ,അവളുടെ അച്ഛന്റെ ചിത്രമായിരുന്നു ഞാനവൾക്കു വരച്ചു കൊടുക്കേണ്ടത് . രണ്ടു വർഷങ്ങൾക്കുമുമ്പേ ക്യാൻസർ വന്നു മരണപ്പെട്ടതാണത്രേ അവളുടെ അച്ഛൻ . വീട്ടിൽ നിന്നും ഓടിപ്പോരുമ്പോൾ അവളതെടുത്തില്ലെന്നും തലയിണയുടെ അടിയിലായിരുന്നു വച്ചിരുന്നതെന്നും അവൾ പറഞ്ഞു .അച്ഛനെ കാണാതെ ഉറക്കം വരുന്നില്ല എന്നവൾ പറഞ്ഞപ്പോൾ പേപ്പറിൽ ഇരുന്ന എന്റെ പെൻസിൽ അതി ശക്തമായി വിറച്ചുകൊണ്ടിരുന്നു. തൊണ്ടയിൽ എന്തോ ഭാരം ,വാക്കുകളെ അല്പസമയം തടഞ്ഞുവച്ചു .
അവളപ്പോഴും അച്ഛന്റെ കണ്ണുകളെയും മൂക്കുകളെയും വർണ്ണിച്ചുതരികയായിരുന്നു , വരച്ചു കിട്ടും എന്ന പ്രതീക്ഷയോടെ…
ആ കുഞ്ഞിന് വേണ്ട ചിത്രം വരച്ചുകൊടുക്കാൻ പോലുമാകാത്ത എന്നിലെ ചിത്രകാരനെ ശപിക്കുകയായിരുന്നു ഞാനപ്പോൾ …”

മഴ വീണ്ടും ശക്തിയാർജിക്കാൻ തുടങ്ങിയിരുന്നു. ഒലിച്ചിറങ്ങുന്ന ചെളിവെള്ളം വരാന്തയിലേക്ക് കയറാൻ തുടങ്ങുന്നു .അകലെ ക്യാമ്പിൽ അവിടവിടായി ആളുകളെ കാണാം. അതിനുള്ളിൽ എവിടെയോ രഘു വരച്ചു കൊടുക്കുമെന്ന പ്രതീക്ഷയിൽ അച്ഛന്റെ ചിത്രവും കാത്തിരിക്കുന്ന നയന മോളും ,വിറക്കുന്ന പെൻസിലുമായി എന്റെ അരികിൽ നിൽക്കുന്ന രഘുവെന്ന ചിത്രകാരനായ റവന്യൂ ഉദ്യോഗസ്ഥനും …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English