ഇരുളറിവ്
പുലരി ചിന്തുന്ന വെട്ടത്തിലല്ല
പകലു തൂവുന്ന വെളിച്ചത്തിലല്ല
പനിമതിയും കൺമിഴിയ്ക്കാത്ത
ഇരുളിലല്ലോ നാമറിവത് നമ്മളെ!
പശി
നിറം കൊടുത്തുടൽമിനുക്കി,
നവദ്വാരങ്ങളും കോറിയിട്ടീ,
പശിയെന്ന കനലും നിറച്ചിട്ടു-
യിരെന്തിനു നല്കി,
കാണാത്ത ദൈവമേ!
ദുഃഖം
ഉടൽ തിങ്ങും മുറിവുകളല്ല
കരൾ വിങ്ങും നോവുകളല്ല
അറിവുകളൊക്കെയും
മുറിവുകളാണെന്നൊ-
രറിവാണിന്നെന്റെ ദുഃഖം!
നഗ്നനല്ല
നഗ്നനാണരചനെന്ന് ചൊല്ലുന്നു
നിഷ്ക്കളങ്കബാല്യമെന്നാകിലും
നഗ്നനാകുന്നതെങ്ങനെയോമനേ?
നൂറല്ലോ തിരുകവചങ്ങൾ, നൂറു-
നൂറല്ലോ നിറങ്ങളിൽ ചേലകൾ
പാറിപ്പറക്കുന്ന കൊടിക്കൂറകൾ!