കടുംപച്ചക്കടൽക്കാട്ടിൽ നിന്നുയർന്ന ഒരായിരം ചുവപ്പു കിളികൾ വിരഹകാറ്റിന്റെ തോളിലിരുന്നൊരു യാത്ര നടത്തി
നീണ്ട പാടത്തിനരുകിൽ കൊയ്‌തെറിഞ്ഞ നെന്മണികൾ കൊക്കിലൊതുക്കിയവർ പരന്നും,
നിരന്നും പറന്നങ്ങിനെ നീങ്ങി
ഭൂമിയുടെ നീലപ്പുതപ്പിൽ ഒരു കൊച്ചു തോണിയുണ്ടാക്കി
അതിലൊരു മോഹത്തുഴയുമായൊരു
ഒറ്റയാൻ തന്റെ കല്പനകൾക്കൊരു പൊയ്ക്കാൽ പണിയിച്ചു നൽകി.
“സ്വപ്നങ്ങൾ ,എന്റെ സ്വപ്നങ്ങൾ ” എന്നൊരു പേരു വിളിച്ചും, കരപറ്റി കാത്തിരുന്ന കണ്ണുകളെ മനസ്സിൽ നിറച്ചും തുഴയെറിഞ്ഞങ്ങിനെ നീങ്ങി തുടങ്ങി.
കടൽ നീല ,കര നീല ഇനിയീയാകാശവും നീല…
ഇരുൾ മേഘമാറിൽ നിന്നുതിർന്നു വീണൊരു
മഴച്ചേലയവന്റെ,
ഒറ്റയാൻ മനുഷ്യന്റെ തിക്കിയും തിങ്ങിയും വന്ന മൗനരാവുകളിൽ കുളിർ കോരിയിട്ടു
വെളിച്ചത്തേരിൽ വഴിതെറ്റി
വന്നൊരാ
മാനസപുത്രൻ, സൂര്യരാജകുമാരൻ ഇരുൾ മേഘത്തെയൊരു മഴവിൽ പുടവയുടുപ്പിച്ചു
അതുകണ്ട് ഗതി നിന്നും,
അവളുടെ വന്യതയിലുഴറിയും,
അമരക്കാരനവൻ തുഴകൾക്കൊരു വിശ്രമമരുളി,
അവളുടെ കണ്ണിലേക്ക് കണ്ണും നട്ടിരിപ്പു തുടങ്ങി…
നീലപ്പുതപ്പിൻ മടക്കുകൾക്കിടയിൽ ചാഞ്ഞും ചരിഞ്ഞും കാറ്റിനൊപ്പം നിരങ്ങി നീങ്ങിയ നൗകയിലേക്ക് പറന്നിറങ്ങിയ ചുവപ്പു കിളികൾ അവനെ പരിഹസിച്ചു ചിരിച്ചു,
“ദിവാസ്വപ്നത്തിലുറങ്ങി ഉണർന്നിരിക്കുന്ന നീയൊരു ഒറ്റയാൻ”
ഇതുകേട്ടുണർന്നും, കണ്ണിൽ ദ്വേഷത്തിൻ ചുവപ്പു പടർത്തിയും, തുഴകളെ ആഞ്ഞെറിഞ്ഞും പ്രവേഗ ബാക്കി തിരിച്ചു പിടിച്ചവൻ അവരോടായി പറഞ്ഞു
” സ്വപ്നങ്ങൾ , എന്റെ നീണ്ട സ്വപ്നങ്ങൾ….”
രാത്രികൾ , പകലുകൾ ഉറക്കമില്ലായാമങ്ങൾ…
ഒരുദീർഘ യാത്രക്കൊടുവിൽ, സ്വപ്നങ്ങളെ ദീർഘാലിംഗനം ചെയ്ത മാത്രയിലാ ഏകാകി ഏകാന്തതയുടെ വാതിൽ തുറന്നു,
“ഇനിയെന്ത് , ഇനിയെന്തെനിക്കു നേടാൻ ”
ഒരു നൂറു ഭാവത്തിൻ പിൻകഥ കേൾക്കാൻ, ഇനിയും തെളിയാത്ത രണ്ടു കണ്ണുകൾ തേടി, ഒരായിരം കാതങ്ങൾ ഇനിയും താണ്ടണം…
സ്വപ്നങ്ങൾക്കൊരറുതി ഉണ്ടായാൽ പിന്നെ നിങ്ങളാരും ജീവിക്കുന്നില്ലത്രേ,
ജീവനോടെ ജീവിച്ചിരിക്കാൻ
നിന്റെ
തുഴയ്ക്കു പുതിയോളത്തിൻ ഗന്ധം രുചിക്കണമത്രെ, നീയെന്നും നിന്റെ നൗകയ്ക്ക് അമരക്കാരൻ ആകണമെന്ന്…!
ഏകാന്ത വാതിലിൻ മേനി ചാരിയുറങ്ങുമാ ഏകനാം അമരക്കാരൻ, തന്റെ അകക്കണ്ണിൻ പിൻവിളികേട്ട്
ഒരു മന്ദഹാസം പൊഴിച്ചെന്ന് !
Click this button or press Ctrl+G to toggle between Malayalam and English