മൗനമീ മിഴികൾ ചിരിച്ചിരുന്നുവെന്നോ?
ശൂന്യമീ ഹൃദയം തുടിച്ചിരുന്നുവെന്നോ?
ഹിമമണിഞ്ഞതാ തപ്തനിശ്വാസങ്ങളോ?
നിശ്ചലമായോയെൻ ചഞ്ചലമാനസം?
എവിടേക്കുപോയെൻ താളത്തിമിർപ്പുകൾ?
എൻ വർണരാശികളെങ്ങനെ ധവളമായ്?
പീയൂഷമെങ്ങനെ വിഷമയമായി?
എൻ പുല്ലാങ്കുഴലിൽനിന്നില്ലല്ലോ നാദങ്ങൾ,
ആ നീർത്തടാകങ്ങൾ വറ്റിവരണ്ടുപോയ്,
ആ കൊടുംകാറ്റിന്നു മർമരമായ്,
കൈവിട്ടുപോയെന്റെ പകിട്ടുള്ള പട്ടങ്ങൾ,
എത്ര കഠോരമായാമൃദുസ്പർശങ്ങൾ,
ചിതറിപ്പോയ് ചിത്രങ്ങൾ ചില്ലിൽനിന്നും;
നേർത്തുപോയ് ചൈതന്യധാരകളും;
മതിലുകൾ തീർത്തൊരെൻ ഹൃത്തിലാ നഷ്ടങ്ങൾ,
പ്രണയനിലാവെന്നോ മാഞ്ഞു പോയി,
മുറിവിൻ്റെ വേദന ഇന്നെനിയ്ക്കിഷ്ടമാ-
-ണതിലലിഞ്ഞിടട്ടെ ഞാൻ എന്നുമെന്നും!
അഗ്നിയായ് വരിക, എന്നെ മറയ്ക്കുക,
ഞാനെന്ന ഭാവമൊരു ബിന്ദുവായ്ത്തീരട്ടെ!
Click this button or press Ctrl+G to toggle between Malayalam and English