ഷോക്ക് ട്രീറ്റ്മെന്റ്

”ആ നോബി ഉണ്ടല്ലോ ജോലിക്കൊന്നും പോകാതെ അപ്പന്റെ കയ്യിലെ കാശില്‍ സിനിമാ തീയറ്ററിലും മദ്യഷാപ്പിലും സദാ കറങ്ങുന്നവനാ… എപ്പഴും കാണും കയ്യിലൊരു മൊബൈലും കാതിലൊരു ഇയര്‍ഫോണും. മുടിഞ്ഞവന്‍ അവന്റെ മോന്ത കണി കണ്ടാ അന്നത്തെ ദിവസം പോക്കാ.. അവനെയല്ലാതെ മറ്റാരേയും കണ്ടില്ല നിന്റെ മോള്‍ക്ക് പ്രേമിക്കാന്‍… ഛേ …അല്ലെങ്കില്‍ അവളെ പറഞ്ഞിട്ടെന്തിനാ? നിന്റെ കുറ്റമാ എല്ലാം. വായിച്ചു നോക്കടി ഇത് ! ” കൈയിലിരുന്ന ലെറ്റര്‍ കോപത്തോടെ ആന്റണി ഭാര്യക്കു നേരെ വലിച്ചെറിഞ്ഞു.

കത്ത് മെല്ലെ നിവര്ത്തി വായിച്ച ലീലാമ്മയുടെ മുഖം ചുവന്നു പുരികക്കൊടികള്‍ വളഞ്ഞു .

”വിളിക്ക് നിന്റെ മോളെ എന്തു ഭാവിച്ചാ അവള് …?”

”അല്ലാ നമ്മുടെ മോളെയാണൊ തെറ്റിദ്ധരിക്കുന്നേ? നിങ്ങള്‍ക്ക് അറിയില്ലേ അവളെ? അനാവശ്യമായി ഒരാളോടു പോലും സംസാരിക്കില്ല. ഒരന്യ പുരുഷന്റെ മുഖത്തു നോക്കില്ല. കുനിഞ്ഞ തലയോടെയാണു നടപ്പ് തന്നെ”

”അങ്ങനെയുള്ള പൂച്ചകളെയാടി വിശ്വസിക്കാന്‍ പറ്റാത്തെ. അവരെപ്പോലെയുള്ളവരേ വേഗം കലം ഉടക്കു”

”എന്തു പറ്റി അപ്പാ രാവിലെ തന്നെ ..? എന്താ കാര്യം ?” ചോദ്യവുമായി അമിത അകത്തു നിന്നും വന്നു.

”കാര്യം.. ദാ ഈ കത്ത് ആണെടി.. നീ വായിച്ചു നോക്ക് ”

”ലൗവ് ലറ്ററാ” ലീലാമ്മ മകള്‍ക്കു നേരെ തിരിഞ്ഞു.

”ലൗവ് ലറ്ററോ? കൊള്ളാം ഞാനെന്തിനാ വായിക്കുന്നത് നല്ല പ്രായത്തില്‍ അപ്പന്‍ അമ്മക്ക് എഴുതിയതല്ലെ? അതിന്റെ പേരില്‍ ഇപ്പഴെന്താ ബഹളം”

”കേട്ടില്ലേടി നിന്റെ മോള്‍ടെ സംസാരം ! പരിഹസിക്ക്യാ ….ചെയ്ത തെറ്റ് സമ്മതിക്കില്ല. പിന്നേയ് പ്രേമോം ഒളിച്ചോട്ടോന്നും ഈ വീട്ടില്‍ പറ്റില്ല. അങ്ങനെ വല്ല ഉദ്ദേശ്യോം ഉണ്ടെങ്കില്‍ മകളാണെന്നൊന്നും നോക്കില്ലാ കെട്ടിത്തൂക്കും നിന്നേം ആ തെമ്മാടിയേയും”

”എന്താ ഇത്? സ്വന്തം മോളോടാണോ ഇങ്ങനെയൊക്കെ … നിങ്ങളൊന്നു ക്ഷമിക്ക്.. ഞാനെല്ലാം സാവകാശം ചോദിച്ചറിയാം. തെറ്റ് ആരുടെ ഭാഗ‍ത്താണെന്നറിയട്ടെ. മോളേ ഈ ലെറ്റര്‍ എതിര്‍ വീടിനു മുകളില്‍ താമസിക്കുന്ന നോബി നിനക്കെഴുതിയതാ”

”അയ്യോ അവനോ …എനിക്ക്…. ഞാനവനോടു മിണ്ടാറു പോലും ഇല്ലല്ലോ. അവനെന്തിനാ എനിക്കെഴുതിയെ? എവിടുന്ന്? എങ്ങിനെയാ ഇതു കിട്ടിയെ?” അമിതയുടെ മുഖത്ത് അങ്കലാപ്പ്.

”നിന്റെ മുറിയുടെ ജനാലയ്ക്കല്‍ ഇരുന്നതാ. അപ്പോ നിനക്ക് തന്നെയായിരിക്കില്ലേ ? നീയറിയാതെ അവന്‍ എഴുതോ? എത്ര നാളായി അവനുമായിട്ട് അടുപ്പം ?” ആന്റെണി ഇടയില്‍ കടന്നു.

”അയ്യോ അപ്പാ …എന്താ ഈ പറയുന്നേ ഞാന്‍ അവനെ…. ഒന്നു പോ അപ്പ… സത്യമായിട്ടും എനിക്കവനുമായി….”

”നുണ പറയുന്നോ? പഠിപ്പ് കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായി. ജോലിയാണെകില്‍ ഒന്നുമായിട്ടില്ല. അതിനു താത്പര്യമില്ല. എന്നാല്‍ പ്രേമത്തിനു മാത്രം ….തല്ലി എല്ലൊടിക്കുകയാ വേണ്ടെ നിന്നെ”

”നിങ്ങളൊന്നു അടങ്ങ് മനുഷ്യാ ! ഏതോ തെണ്ടിച്ചെറുക്കന്‍ കത്തെഴുതിയെന്നു വച്ച് എന്റെ മോള്‍ എന്തു ചെയ്യാനാ? ധൈര്യമുണ്ടെങ്കില്‍ അവനോടു ചോദിക്ക്”

”ചോദിക്കുമെടി ചോദിക്കും, നിനക്കും മോള്‍ക്കുമൊക്കെ എന്നെ പുച്ഛമല്ലേ? ഞാന്‍ ഉത്തരവാദിത്വമില്ലാത്തവന്‍ ! മദ്യപാനി! എങ്ങെനെ മോളുടെ കല്യാണം നടത്തുമെന്നായിരിക്കും അതുകൊണ്ടല്ലേ അവള്‍ തന്നെ പ്രേമവുമായിട്ടിറങ്ങ്യേ! എടി നീ നോക്കിക്കോ മൂന്നു മാസത്തിനുള്ളീല്‍ നിന്റെ കല്യാണം ഞാന്‍ നടത്തിയിരിക്കും”

”ദേ അപ്പാ അവനും എനിക്കും പ്രേമമൊന്നുമില്ല വെറുതെ അപ്പന്‍..”

”മിണ്ടരുത് നീ …ഞാന്‍ കാണിച്ചു തരാം എല്ലാത്തിനേം” ദേഷ്യപ്പെട്ട് വെട്ടിത്തിരിഞ്ഞ് ആന്റെണീ പുറത്തേക്കു പോയി.

ഇതെല്ലാം ജനലിലൂടെ ശ്രദ്ധിച്ചുകൊണ്ടിരുന്ന നോബി അയാള്‍ പോയതും താഴേക്ക് ഇറങ്ങി വന്നു.

”ഏയ് നോബി എന്താ ഇതൊക്കെ ? നീ എന്തിനാ ഇതു ചെയ്തെ? എങ്ങനെ ധൈര്യം വന്നു നിനക്ക് ഇതിനു? ഞാനെന്തു തെറ്റാ ചെയ്തേ? ആ ലെറ്റര്‍ കാരണം എനിക്കു ചീത്തപ്പേര് ആയില്ലേ?തൊട്ടയല്പക്കമാണെന്നു കൂടി ഓര്‍ത്തില്ലല്ലോ മോശം!” അമിത സ്വരം‍ കടുപ്പിച്ചു മുന്നോട്ടു ചെന്നു.

ലീലാമ്മയും അമര്‍ഷത്തോടെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അല്പ്പ സമയം കേട്ടു നിന്നതിനു ശേഷം നോബി ശബ്ദിച്ചു .

” അമ്മേ ഞാന്‍ മദ്യപിക്കേം പുകവലിക്കുകയും ചെയ്യുന്നവനാ ശരിയാ പക്ഷെ ആന്റെണി ചേട്ടന്റെ കാര്യോ? നന്നായി കഴിക്കുന്ന ആളല്ലേ? മാത്രമല്ല ഒരു തരം മൈനര്‍ ചിന്താഗതി വച്ച് യുവാക്കളോടൊപ്പമാ കമ്പനി. ഹോട്ടലില്‍ മുറിയെടുത്താ എല്ലാവരും ചേര്‍ന്നു മദ്യപാനം. അമിത ഈ ചുറ്റുവട്ടത്ത് ഉള്ളതില്‍ വച്ച് ഏറ്റവും മിടുക്കിയാണ്. നല്ല സ്വഭാവമാണ്. എന്റെ സഹോദരിയെപ്പോലെയാ ഞാന്‍ കരുതിയിരിക്കുന്നേ. എന്നാല്‍ മദ്യപാനിയായ ആന്റെണിച്ചേട്ടനു അവളുടെ വിവാഹത്തെ പറ്റി വല്ല ചിന്തേം ഉണ്ടോ? ഇല്ല… തന്റെ സുഖം മാത്രം നോക്കണ പുള്ളീക്കാരന്‍. അത് അങ്ങനെ വിട്ടാല്‍ ശരിയാകില്ല എന്നു കരുതിയാ അയാള്‍ക്ക് ഒരു ‘ഷോക്ക് ട്രീറ്റ്മെന്റ്’ കൊടുക്കാന്‍ വേണ്ടി വെറുതെ ഒരു ലൗവ് ലറ്റര്‍ എഴുതി വച്ചത്. എന്റെ കണക്കു കൂട്ടല്‍ തെറ്റിയില്ല. ഇനി താമസിയാതെ എല്ലാം മംഗളമാകും. അമിതയുടെ വിവാഹം നടക്കും വരെ ഈ കഥയില്‍ ഒരു വില്ലനായി തന്നെ ഞാന്‍ നിന്നോളാം. അതിനിനി നിങ്ങള്‍ കൂടി സഹകരിച്ചാല്‍ മതി.”

പറഞ്ഞു നിറുത്തിയിട്ട് നോബി പ്രതികരണത്തിനു കാത്തു നില്‍ക്കാതെ പെട്ടന്നു തിരിഞ്ഞു നടന്നു.

ഒരക്ഷരം മിണ്ടാനാകാതെ മനസിലെ ഭാരം മഞ്ഞായി മാറുന്നതറിഞ്ഞ് കൂപ്പിയ കൈകളുമായി ലീലാമ്മ അവന്റെ നടപ്പ് നോക്കി നിന്നു.

എം. വി ബാബു

കടപ്പാട് – സായാഹ്നകൈരളി

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here