ശിഷ്യന്മാര്‍

shishyanmar

അന്ന് വെള്ളിയാഴ്ചയും പൗര്‍ണമിയുമായിരുന്നു. അപ്പുമണിസ്വാമികളുടെ അഭിജിത് മുഹൂത്തത്തിലുള്ള വെളിച്ചപ്പെടുത്തലുകള്‍ക്ക് കാതോര്‍ത്ത് ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ആശ്രമത്തില്‍നിന്നും ഇറങ്ങിനടന്നു.

വയല്‍ വരമ്പുകള്‍ പിന്നിട്ട് ഗായത്രിപ്പുഴയിലെ ആനപ്പാറയ്ക്കുമുന്നിലാണ് സ്വാമികള്‍ ചെന്നു നിന്നത്. പാറയിടുക്കുകളില്‍ കോലിട്ടുകുത്തി ആരല്‍മത്സ്യങ്ങളെ പുറത്തു ചാടിക്കാന്‍ ശ്രമിച്ചുക്കൊണ്ടിരുന്ന ചന്ദ്രന്‍ കുട്ടി, സ്വാമികളെ കണ്ട് മിഴിച്ചു നിന്നുപോയി.

സ്വാമികള്‍ അവനെ അരികിലേക്ക് വിളിച്ചു. പാറക്കുണ്ടിലെ ഒഴുക്കുവെള്ളത്തില്‍ മൂന്നുതവണ മുങ്ങിനിവരാന്‍ ആവശ്യപ്പെട്ടു. പറഞ്ഞതുപോലെയെല്ലാം അവന്‍ അനുസരിച്ചു.

“നീ എന്റെ കൂടെ വരൂ, ” സ്വാമികള്‍ കല്പിച്ചു.

” എന്റെ എരുമകള്‍ ?” – പുഴയോരത്ത് മേഞ്ഞുകൊണ്ടിരുന്ന എരുമകളേ ചൂണ്ടി ചന്ദ്രന്‍ കുട്ടി ഒന്നു മടിച്ചുനിന്നു.

“എരുമകള്‍ തൊഴുത്തിലെത്തിക്കോളും” സ്വാമികള്‍ ദൃഡസ്വരത്തില്‍ മൊഴിഞ്ഞു.

ചന്ദ്രന്‍കുട്ടി പിന്നെ സംശയിച്ചില്ല. സ്വാമികളുടെ പിന്നാലെ മുങ്ങിനിവര്‍ന്നപാടെ ആശ്രമത്തിലേയ്ക്കുനടന്നു.

ആശ്രമത്തിലെത്തയ ചന്ദ്രന്‍ കുട്ടിക്ക് തലതുവര്‍ത്താന്‍ ഈറിഴത്തോര്‍ത്തും മാറ്റിയുടുക്കാന്‍ കാവിക്കരയുള്ള മുണ്ടും നല്‍കി.

ചാത്തന്‍ കോളനിയിലെ ‘അമാവാസി’ എന്നു വിളിപ്പേരുള്ള ചന്ദ്രന്‍കുട്ടി അന്നുമുതല്‍ ആശ്രമത്തിന്റെ പൗര്‍മിയും സ്വാമികളുടെ പ്രഥമ ശിഷ്യനുമായി.

ചന്ദ്രന്‍ കുട്ടിക്കുപിന്നാലെ ആറുവിരല്‍ നാരായണനും ചക്കവേലായുധനും പാപ്പാന്‍ പാലുണ്ണിയും അപ്പുമണിസ്വാമികളുടെ ശിഷ്യഗണങ്ങളില്‍ കണ്ണികളായി.

ആശ്രമമുറ്റത്തെ വരിക്കപ്ലാവാണ് വേലായുധനെ സ്വാമികളുടെ മുന്നിലെത്തിച്ചത്. ചക്കയും പുളിയുമൊക്കെ മൊത്തവിലയ്ക്കുവാങ്ങി കച്ചവടം നടത്തുന്ന വേലായുധന്‍ ഒരിക്കല്‍ ചക്ക ചിഹ്നത്തില്‍ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോടയാണ് ചക്കവേലായുധന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പില്‍ തോറ്റുവെങ്കിലും കച്ചവടത്തില്‍ വേലായുധന്‍ തോല്‍വിയറിഞ്ഞിരുന്നില്ല.

ആശ്രമത്തിലെ വരിക്കപ്ലാവുക്കൊണ്ട് കയറിച്ചെന്ന വേലായുധനോട് സ്വാമികള്‍ ഒരു സംശയം ചോദിച്ചു.

“പ്ലാവ് ഇക്കൊല്ലം ചാവലിട്ടില്ലെങ്കിലോ?”

എങ്കില്‍ മുന്‍കൂര്‍നല്‍കുന്ന ആയിരത്തൊന്നു രൂപ ആശ്രമത്തിലേയ്ക്കുള്ള ദക്ഷിണയായിക്കോട്ടേ,

ആയിരൊത്തൊന്നുരൂപ സ്വാമികളുടെ പാദങ്ങളില്‍ വെച്ച് വേലായുധന്‍ കച്ചവടമുറപ്പിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ വേരുമുതല്‍ കൊമ്പുവരെ ചക്കപൊടിഞ്ഞ പ്ലാവില്‍ അക്കൊല്ലം പേരിനുപോലും ചക്കയുണ്ടായില്ല. മാസങ്ങള്‍ക്കുശേഷം പ്ലാവിന്റെ അവസ്ഥയറിയാന്‍ ചെന്ന വേലായുധന്‍ പിന്നെ തിരിച്ചുപോയില്ല.

ആറുവിരല്‍ നാരായണന്റെ കഥ മറ്റൊന്നായിരുന്നു. അലക്കുകാരനായ നാരായണന്‍ പതിവുപോലെ പുഴയില്‍ വസ്ത്രങ്ങള്‍ കഴുകി പുല്‍ത്തകിടുകളില്‍ ഉണക്കാനിട്ട ശേഷം ആശ്രമത്തില്‍ കല്പനയ്ക്കുചെന്നതായിരുന്നു.

തലേന്നുമുതല്‍ നൂറോളം പേര്‍ ഊഴം കാത്തിരിപ്പുണ്ടായിരുന്നുവെങ്കിലും അന്ന് നാരായണനാണ് സ്വാമികള്‍ ആദ്യം വീളിച്ചത്.

“നാരണന്‍ ആര്‍ക്കുവേണ്ടിയാണ് വിഴുപ്പലക്കുന്നത്.?” – സ്വാമികള്‍ ചോദിക്കുകയുണ്ടായി.

“എന്റെ ചോപ്പത്തിക്കുവേണ്ടി.”

മറുപടിക്കായി നാരായണന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല.

“എങ്കില്‍ നാരായണന് അലക്കുമതിയാക്കാം.”

ഒന്നു കണ്ണടച്ചുതുറന്നശേഷം സ്വാമികള്‍ സ്വാമികള്‍ പറഞ്ഞു.”

മൂന്നുകൊല്ലത്തോളമായി തളര്‍വാതം പിടിപ്പെട്ട് കിടപ്പിലായിരുന്ന നാരായണന്റെ ചോപ്പത്തി അന്നുരാത്രി മരിച്ചു. മക്കളില്ലാതിരുന്ന നാരായണന്‍ പിന്നെ, ആരുടെ വിഴുപ്പും ഏറ്റെടുത്തില്ല. പതിനാറാം നാള്‍ ആശ്രമത്തിലെത്തിയ നാരായണന് അലക്കിയ കാവിമുണ്ടു നല്‍കി അപ്പുമണിസ്വാമികള്‍ അനുഗ്രഹിച്ചു.

പാപ്പാന്‍ പാലുണ്ണി മംഗലം കേശവന്റെ ഒന്നാം പാപ്പാനായിരുന്നു. ആന ചരിഞ്ഞപ്പോള്‍ പണിയില്ലാതായ പാലുണ്ണി ഭാവിയറിയാന്‍ ആശ്രമത്തില്‍ എത്തിയതായിരുന്നു. മൂന്നു വെള്ളിയാഴ്ചകള്‍ പിന്നിട്ടിട്ടും സ്വാമികള്‍ പാലുണ്ണിയെ വിളിച്ചില്ല. നാലാമത്തെ വെള്ളിയാഴചയും ആശ്രമത്തിലെത്തിയ പാലുണ്ണി പിന്നെ, വീട്ടിലേയ്ക്കു പോയതുമില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here