ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം

28872262_418710501921692_686689132442929891_n
“മറന്നുപോകരുതാത്ത ആ കപ്പല്‍ച്ചാലുകള്‍”
“പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ അരങ്ങേറിക്കൊണ്ടിരുന്ന അടിമ വേട്ടയുടെ ഭാഗമായി ഗാംബിയായിലെ ജുഫൂറെയില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടു അമേരിക്കയിലേക്ക് കൊണ്ടുവരപ്പെട്ട തന്റെ പൂര്‍വ്വികന്‍ കുണ്ടാ കിന്റെയില്‍ തുടങ്ങി ഏഴു തലമുറകളിലൂടെ തന്റെ താവഴിയന്വേഷിക്കുന്ന ‘റൂട്ട്സ്’ എന്ന അലെക്സ് ഹാലിയുടെ ക്ലാസ്സിക് കൃതി 1977-ലാണ് പുറത്തിറങ്ങിയത്. വാമൊഴി വഴക്കത്തിലൂടെ കേട്ടറിഞ്ഞ കുടുംബ ചരിത്രം പന്ത്രണ്ട് വര്‍ഷക്കാലത്തെ റിസര്‍ച്ചിന് ശേഷമാണ് ഹാലി പൂര്‍ത്തീകരിച്ചത്. വിമര്‍ശനങ്ങളും വിവാദങ്ങളും ഒട്ടേറെയുണ്ടായെങ്കിലും വംശീയാന്വേഷണാഖ്യാനത്തില്‍ ഒരവസാന വാക്കായി ‘റൂട്ട്സ്’ ഇപ്പോഴും നിലക്കൊള്ളുന്നു. തങ്ങളുടെ പരമ്പരാഗത സാംസ്കാരിക സാമൂഹിക സ്വത്വങ്ങളില്‍ അഭിമാന പൂര്‍വ്വം കഴിഞ്ഞു വന്ന ജന വിഭാഗങ്ങളെ നയാടിപ്പിടിച്ചു ഒരു ഭാഷകൊണ്ടും വിവരിക്കാനാവാത്ത അപമാനവീകരണത്തിനിരയാക്കി അടിമക്കപ്പലുകളില്‍ കുത്തിനിറച്ച് യൂറോപ്പിലെങ്ങുമെന്ന പോലെ കരീബിയന്‍ റബ്ബര്‍ എസ്റ്റേറ്റുകളിലും , ഐക്യ നാടുകളിലും ദുസ്സഹമായ സാഹചര്യങ്ങളില്‍ അടിമപ്പണിക്കായി അടിമച്ചന്തകളില്‍ എത്തിച്ചാണ് ആ നാടുകളുടെ സമ്പല്‍ സമൃദ്ധി വലിയൊരളവു സൃഷ്ടിക്കപ്പെട്ടത്. ചരിത്രം ഓര്‍ക്കുന്നതിലേറെ മറക്കാനിഷ്ടപ്പെട്ട ആ ഇരുണ്ട കാലത്തിന്റെ മഹാവേദനകള്‍ ഒപ്പിയെടുത്ത പുസ്തകങ്ങള്‍ ‘റൂട്ട്സ്’ പോലെ അധികമില്ല. അമേരിക്കന്‍ ആഭ്യന്തര യുദ്ധം അടിമത്തത്തെ നിയമം മൂലം അവസാനിപ്പിച്ചെങ്കിലും സമൂഹത്തില്‍ ആഴത്തില്‍ ഉറഞ്ഞുപോയ സമ്പ്രദായങ്ങള്‍ നിയമത്തിന്റെ ശാലീന വഴികളില്‍ ഒതുങ്ങിപ്പോവുന്നതല്ല എന്ന് ആധുനിക അമേരിക്കന്‍ യാഥാര്‍ത്ഥ്യം സാക്ഷി. ടോണി മോറിസന്‍, ജെയിംസ് ബാള്‍ഡ് വിന്‍ , ആലിസ് വാക്കര്‍ , മയാ ഏഞ്ചലൂ തുടങ്ങി പുതു തലമുറയിലെ പോള്‍ ബീറ്റി, ഇംബോലോ എംബു തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പുതുകാല ആഫ്രിക്കന്‍ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ഫിക് ഷനില്‍ നിബന്ധിച്ചിട്ടുണ്ട്. യുവ ഘാനിയന്‍ – അമേരിക്കന്‍ നോവലിസ്റ്റ് യാ ജ്യാസിയുടെ പ്രഥമ നോവലായ ‘ഹോം ഗോയിംഗ്’ ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നത് അത് നേടിയെടുത്ത അംഗീകാരങ്ങളുടെ പട്ടിക കൊണ്ട് മാത്രമല്ല, കൊളോണിയല്‍ അടിമ വേട്ടയുടെ ആദ്യ നാളുകള്‍ മുതല്‍ ഇങ്ങ് ജനാധിപത്യ ക്രമത്തിന്റെയൊക്കെ സമകാലിക വ്യവഹാരങ്ങളുടെ കാണാപ്പുറങ്ങള്‍ വരെ നീളുന്ന ഇതിഹാസമാനമുള്ള ആവിഷ്കാരമായി അത് മാറുന്നു എന്നത് കൊണ്ടാണ്.
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം പേജ്: 210-217)
പ്രസാധകർ ലോഗോസ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here