ചുണ്ടിൽ
ചൂണ്ടുവിരലമർത്തി,
കൺ പിരികങ്ങളെ
വക്രീകരിക്കുമ്പോൾ
ഇനാമൽ ഭിത്തികൾ ഭേദിച്ച്
പുറത്തുചാടിയ
അക്ഷരത്തരികളാണ്
ശ് ശ് ശ് ശ്…
തലയ്ക്കു മീതെ
അറിയാതെ
ആരൊക്കെയോ വീശുന്ന
ഖഡ്ഗങ്ങളുടെ
രക്ത ദാഹം
ചെവികളിൽ മുഴങ്ങുന്നു
ശ് ശ് ശ് ശ്
ജന്മദേശം വിട്ട്
അഭയം തേടി
കടൽ കടക്കാൻ
കാത്തിരിക്കുന്നവരുടെ
തപിക്കുന്ന ഹൃദയതാളമാണ്
ശ് ശ് ശ് ശ്.
രാത്രിയാമങ്ങളിൽ
പുതിയ സ്വപ്നങ്ങൾ
നെയ്തവന്റെ
ചോർന്നൊലിക്കുന്ന
കൂരയ്ക്ക് ചുറ്റുമിരുന്നുള്ള
അടക്കം പറച്ചിലിനും
ഒരേ സ്വരം
ശ് ശ് ശ് ശ്………
പശിയട്ക്കാൻ
പാടുപെട്ടു
വഴിയരികിൽ കണ്ട
ശവം കഷ്ണിച്ചെടുത്ത്
വേവിക്കുന്ന കലത്തിൽ നിന്നും
ഉയർന്നു കേൾക്കുന്നുണ്ട്
ശ് ശ് ശ് ശ്……
പണ്ട്
കിടപ്പറയിൽ
തലയണമന്ത്രമായിരുന്നെങ്കിലും
ഇന്ന്
നാൽക്കവലകളിലെ
മുദ്രാവാക്യമായി
മാറിയിട്ടുണ്ട്
ശ് ശ് ശ് ശ്…..
ഇരയെ പിടിക്കാൻ
കാത്തിരിക്കുന്ന വേടനും
ചുണ്ടിൽ വിരലമർത്തിപ്പറയുന്നു
ശ് ശ് ശ് ശ്……
വേട്ടക്കാരനെ
ദൂരെ നിന്നു കണ്ട
ഇരകളും
ഉടപ്പിറപ്പുകളോടു പറയുന്നു
ശ് ശ് ശ് ശ്