ശരിയാണ്,
തുറമുഖത്തിനടുത്തുള്ള കാപ്പിക്കടയിൽ
ഈയിടെയായി പതിവാണ്.
കാപ്പി വലിയ കൊണമുള്ളതുകൊണ്ടല്ല,
അതൊഴിച്ചു തരുന്നവളോട് ചെറിയൊരു
താല്പര്യം.
ഒ വലിയ കാര്യമൊന്നുമില്ല…
അവൾ മേശകളിലൂടെ കൊടുങ്കാറ്റാകും,
വരും,
ഒന്നു നോക്കും,
തേളിൻ നിറമുള്ള കപ്പിലേക്ക് കാപ്പി വരച്ചു ചേർക്കും.
അടുത്ത മേശയിലേക്ക് പറക്കും.
മുന്നിൽ നുരഞ്ഞുപൊന്തും ഒടുക്കത്തെ
പ്രേമം,
അല്ല കാപ്പി
ഒറ്റ വലിക്കുകുടിച്ചിറക്കിയിട്ടിറങ്ങിപ്പോരും,
പതിവ്.
തുറമുഖം,
മരത്തണൽ,
കപ്പലണ്ടിക്കച്ചവടക്കാരൻ,
ഇളം വെയിൽ,
അഞ്ചു മണി,
എല്ലാരും ക്ലീഷേ കോലങ്ങൾ കെട്ടി
വഴി നീളെ
ഒ,
എന്നാലും വലിയ കാര്യമൊന്നുമില്ല
താല്പര്യമില്ല,
ഇന്നലെ നോക്കുമ്പോഴുണ്ടു
വളരെ കലാപരമായി അവൾ
വരച്ച കാപ്പിയിലൊരീച്ച ചത്തു മലച്ച്
പെട്ടു,
ആര്
എന്തു ചെയ്യും?
ശീലങ്ങളോടുള്ള ശീലമൊന്നുകൊണ്ടുമാത്രം
ഒറ്റ വലിക്കു കുടിച്ചിറക്കിയിട്ടിറങ്ങിപ്പോന്നു.
A good flash fiction.