നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ബോൾ റൂമിൽ ഒരുക്കിയ പ്രൗഢ ഗംഭീരമായ ചടങ്ങിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും പുസ്തകോത്സവത്തിന്റെ രക്ഷാധികാരിയുമായ ഷേഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവ നഗരിയിലെ ഇന്ത്യൻ പവലിയൻ ഉദ്‌ഘാടനം ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി നിർവഹിച്ചു. എക്സ്പോ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ, ഇന്ത്യൻ ലേബർ കോൺസുൽ റ്റാഡൂ മാമു, ഷാർജ ബുക്ക് അതോറിറ്റിയുടെ ഔദ്യോഗിക പ്രതിനിധികളിൽ പ്രധാനിയായ മോഹൻ കുമാർ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു.
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആദ്യദിനത്തെ സമ്പന്നമാക്കിക്കൊണ്ട് ഇത്തവണത്തെ നോബൽ സാഹിത്യ പുരസ്‌കാര ജേതാവ് അബ്ദുൾ റസാക്ക് ഗുർണ ആസ്വാദകരോട് സംവദിച്ചു.
പുസ്തകമേള നവംബർ 13ന് അവസാനിക്കും. ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കും. ഇവരോടൊപ്പം പ്രാദേശിക എഴുത്തുകാരും, പ്രസാധകരും മേളയിൽ പങ്ക് ചേരുന്നതാണ്.