മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം കുറിച്ചു. ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ തുര്‍ക്കിയില്‍ നിന്നുള്ള എഴുത്തുകാരനും നൊബേല്‍ സമ്മാനജേതാവുമായ ഓര്‍ഹന്‍ പാമുക്, അമേരിക്കന്‍ നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാര്‍വെ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
‘തുറന്ന പുസ്തകങ്ങള്‍ തുറന്ന മനസ്സുകള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ പുസ്തകമേളയില്‍ എണ്‍പത്തൊന്ന് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാളം-തമിഴ് ഭാഷകളിലുള്ള 230-ലേറെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. ലബനോണ്‍ എഴുത്തുകാരിയും നിരൂപകയുമായ ഡോക്ടര്‍ യുമ്‌ന അല്‍ ഈദ് ആണ് മുപ്പത്തെട്ടാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് 2019-ലെ സാംസ്‌കാരികവ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.